യാത്രയാകും മുൻപ് എസ്പിബി പണിയിച്ചു,സ്വന്തം പ്രതിമ: കാണാൻ നിൽക്കാതെ വിടവാങ്ങി

spb-statue99
SHARE

കഴിഞ്ഞ ദിവസം അന്തരിച്ച ഗായകന്‍ എസ്.പി ബാലസുബ്രണ്യത്തിനു സ്വന്തം പ്രതിമ കൈമാറാന്‍ കഴിയാത്ത സങ്കടത്തില്‍ ഒരു ശില്‍പി. ആന്ധ്രപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലെ ശില്‍പി രാജ് കുമാറിനോട് മാതാപിതാക്കളുടെയും തന്റെയും പ്രതിമകള്‍ നിര്‍മ്മിക്കാന്‍  നിര്‍ദേശിച്ചത് ഗായകന്‍ തന്നെയാണ്. എന്നാല്‍  നിര്‍മാണം പൂര്‍ത്തിയായപ്പോഴേക്കും ഗായകന്‍ ആശുപത്രിയിലായതിനാല്‍ കൈമാറാനായില്ല.

പാട്ടും പെരുമാറ്റവും കൊണ്ടു ജനകോടികളുടെ മനസുകളില്‍ സ്വന്തം രൂപം കൊത്തിവച്ചാണ്  ശനിയാഴ്ച  എസ്.പി ബാലസുബ്രണ്യം  ചെന്നൈ റെഡ് ഹില്‍സ് താമരകുപ്പത്തെ   ഫാം ഹൗസിലെ മാഞ്ചോട്ടില്‍ നിത്യനിന്ത്രയിലേക്കു മാഞ്ഞത്. അതേ എസ്.പി.ബി സ്വന്തം രൂപമുണ്ടാക്കാന്‍ ഒരാളെ ഏല്‍പിച്ചിരുന്നു. ആന്ധ്രപ്രദേശ്, ഈസ്റ്റ് ഗോദാവരി ജില്ലയിലെ  പ്രമുഖ ശില്‍പി ഉടയാര്‍ രാജ്കുമാറാണു പൂര്‍ത്തിയായ ശില്‍പം ഉടമയ്ക്കു കൈമാറാന്‍ കഴിയാതെപോയ നിര്‍ഭാഗ്യവാന്‍. നെല്ലൂരിലെ കുടുംബ വീട്ടില്‍ സ്ഥാപിക്കുന്നതിനായി  കഴിഞ്ഞ  ജൂണിലാണ്  മതാപിതാക്കളായ  സാമ്പമൂര്‍ത്തിയുടെയും ശകുന്തളയുടെയും ശില്‍പങ്ങള്‍ക്കായി എസ്.പിബി രാജ്കുമാറിനെ സമീപിക്കുന്നത്. ഇവയുടെ നിര്‍മാണം നടക്കുന്നതിനിടെ സ്വന്തം ശില്‍പവും വേണമെന്നാവശ്യപെട്ടു. കോവിഡും ലോക്ക് ഡൗണും കാരണം  സ്റ്റുഡിയോയിലെത്തി അളവുകള്‍ നല്‍കാന്‍ കഴിയില്ലെന്നും ഫോട്ടോകള്‍  അയച്ചുനല്‍കാമെന്നും അതുവച്ചു നിര്‍മ്മിക്കാനുമായിരുന്നു ആവശ്യപെട്ടത്. ഇടയ്ക്കിടയക്കു സ്വന്തം ശില്‍പത്തിന്റെ നിര്‍മാണത്തെ കുറിച്ചു തിരക്കകുകയും കാണാനെത്താമെന്നും  അറിയിക്കുകയും ചെയ്തിരുന്നു.

നെല്ലൂരിലെ കുടുംബവീട്  വേദപാഠശാലയാക്കി മാറ്റാന്‍ കാഞ്ചിമഠത്തിനു നേരത്തെ കൈമാറിയിരുന്നു.ഇവിടെ  ഓഗസ്റ്റില്‍  അച്ഛന്റെയും അമ്മയുടെയും ശില്‍പങ്ങള്‍ സ്ഥാപിക്കാനായിരുന്നു തീരുമാനം.  പണി പൂര്‍ത്തീകരിച്ചപ്പോഴേക്കും കോവിഡ് ബാധിതനായി എസ്.പി.ബി  ആശുപത്രിയിലായി. ഗായകന്‍ സാധാരണ ജീവിതത്തിലേക്കു മടങ്ങിയെത്താന്‍ പ്രാര്‍ഥനകളുമായി കഴിയുന്നതിനിടെ വേദനിപ്പിച്ചു ആവാര്‍ത്തയുമെത്തി.ഇനി പ്രതിമകള്‍ ഗായകന്റെ കുടുംബത്തെ ഏല്‍പിക്കാനൊരുങ്ങുകയാണ് ശില്‍പി. അതിനിടെ എസ്.പി.ബിയുടെ ഭൗതികദേഹം അടക്കം ചെയ്ത റെഡ് ഹില്‍സിലെ താമരക്കുപ്പത്തെ  ഫാം ഹൗസില്‍ സ്മാരകം നിര്‍മ്മിക്കുമെന്ന് മകന്‍ അറിയിച്ചു. ഫാം ഹൗസിലേക്കു ഇന്നലെയും ജനപ്രവാഹമായിരുന്നു. ഗെയ്റ്റ് അടച്ചിട്ടിട്ടും സമീപത്തെ വയലുകളിലൂടെ എസ്.പി.ബിയെ  സംസ്കരിച്ചിടത്തേക്കു ആളുകള്‍ എത്തുന്നത് പൊലീസിനും തലവേദനയായിട്ടുണ്ട്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...