അച്ഛന്റെ ആഗ്രഹം നിറവേറ്റാൻ ബിജുമോൻ കുതിരയെ വാങ്ങി; കാത്തിരിക്കുന്നു കുളമ്പടി ഒച്ചയ്ക്കായി

kottayam-horse
SHARE

ലോക്ഡൗൺ നിയന്ത്രണങ്ങൾ പല ഘട്ടങ്ങളായി പിൻവലിച്ചെങ്കിലും ലിറ്റിയും ബിജുമോനും നിരാശയിലാണ്. 6 മാസമായി വീടിനും മന്ദിരം കവലയ്ക്കും ഇടയിലുള്ള അര കിലോമീറ്ററിൽ മാത്രമായി ചുരുങ്ങിയിരിക്കുകയാണു ലിറ്റിയുടെ സഞ്ചാരം. കോവിഡ് ഭീതി ഒഴിഞ്ഞു നിയന്ത്രണങ്ങൾ പൂർണമായി നീക്കിയാൽ മാത്രമേ ഇനി ലിറ്റിക്കു പൂർണസ്വാതന്ത്ര്യത്തോടെ കൂടുതൽ സ്ഥലങ്ങളിലേക്കു സഞ്ചരിക്കാൻ കഴിയൂ. ഇതിന് എത്രനാൾ കാത്തിരിക്കേണ്ടി വരും എന്നതാണ് ബിജുമോനെ അലട്ടുന്ന പ്രശ്നം.എണ്ണയ്ക്കാച്ചിറ തുണ്ടിയിൽ ബിജിമോന്റെ അരുമ മൃഗമാണു ലിറ്റി എന്ന കുതിര.

കല്യാണം, ഘോഷയാത്രകൾ, പാർട്ടി പരിപാടികൾ തുടങ്ങി ആഘോഷ വേളകളിലേക്കു ലിറ്റിയുടെ സാന്നിധ്യം ഉറപ്പാക്കാൻ ആളുകൾ ബിജുമോനെ തേടിയെത്തിരുന്നു. അപ്രതീക്ഷിതമായി ലോക്ഡൗൺ എത്തിയതോടെ 6 പരിപാടികൾ ക്യാൻസലായി. ലോക്ഡൗൺ നീണ്ടതോടെ പരിപാടികൾ പൂർണമായി നിലച്ചു. ഇപ്പോൾ വീട്ടുകാർക്കും നാട്ടുകാർക്കും ഒപ്പം വിശ്രമവേള ചിലവഴിക്കുകയാണു ലിറ്റി. എംസി റോ‍ഡിൽ മന്ദിരം കവലയ്ക്കു സമീപം പുല്ല് തിന്നുന്നതിനായി ദിവസവും കൊണ്ടുപോകുന്നത് ഒഴിച്ചാൽ വീടും പരിസരങ്ങളിലും മാത്രമായി ചുരുങ്ങി ഇപ്പോൾ ലിറ്റിയുടെ കറക്കം.

∙ അച്ഛന്റെ ആഗ്രഹം നിറവേറ്റാൻ കുതിരയെ വാങ്ങി

ബെംഗളൂരുവിൽ നിന്നും 3 വർഷം മുൻപാണ് ലിറ്റിയെ ബിജുമോൻ സ്വന്തമാക്കിയത്. ഒന്നര പതിറ്റാണ്ട് മുൻപ് പിതാവ് കുഞ്ഞൂഞ്ഞുകുട്ടി സ്വന്തമായി ഒരു കുതിരയെ വാങ്ങാൻ ഏറെ ആശിച്ചിരുന്നു. വീട് പണയപ്പെടുത്തി പണം കണ്ടെത്താൻ വരെ നോക്കിയെങ്കിലും പരാജയപ്പെട്ടു. 4 വർഷം മുൻപ് സ്വന്തമായി ഒരു കുതിരയെ വേണം എന്ന ആഗ്രഹം പിതാവ് വീണ്ടും പ്രകടിപ്പിച്ചതോടെയാണ് ഏതു വിധേനയും ഒരു കുതിരയെ സ്വന്തമാക്കാൻ ബിജുമോൻ ശ്രമം തുടങ്ങിയത്. ഏറെ ബുദ്ധിമുട്ടുകൾക്കൊടുവിൽ 3 ഘട്ടങ്ങളിലായി തുക നൽകി, സർക്കാരിൽ നിന്നുള്ള രേഖകൾ ലഭ്യമാക്കി ലിറ്റിയെ നാട്ടിൽ‌ എത്തിച്ചെങ്കിലും ഇതു കാണാൻ പിതാവിനു കഴിഞ്ഞില്ല. കുതിര എത്തുന്നതിനു 3 ആഴ്ച മുൻപായിരുന്നു കുഞ്ഞൂഞ്ഞുകുട്ടിയുടെ മരണം.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...