കമൽഹാസൻ രാത്രി ആശുപത്രിയിലെത്തി; എസ്പിബിക്കായി പ്രാർഥിച്ച് സിനിമാലോകം

kamal-hassan-spb
SHARE

ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യ നില വീണ്ടും വഷളായതിനെത്തുടർന്ന് അദ്ദേഹത്തിന്റെ മടങ്ങി വരവിനായി പ്രാർഥിച്ച് സിനിമാ ലോകം. എസ്പിബിയുടെ അടുത്ത സുഹൃത്ത് കൂടിയായ കമൽഹാസൻ അദ്ദേഹത്തെ ആശുപത്രിയിലെത്തി സന്ദർശിച്ചു. ഇന്നലെ വൈകുന്നേരം ഏഴുമണിയോടെ എത്തിയ അദ്ദേഹം ഡോക്ടർമാരുമായി സംസാരിച്ചു. 

എസ് പി ബി മെച്ചപ്പെട്ട സ്ഥിതിയിലാണെന്നു പറയാനാകില്ലെന്നും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായി ഡോക്ടർമാർ പരമാവധി ശ്രമിക്കുകയാണെന്നും ആശുപത്രിയിൽ നിന്നും പുറത്തിറങ്ങിയ ശേഷം കമൽ ഹാസൻ മാധ്യമപ്രവർത്തകരോടു പറഞ്ഞു. സൽമാൻ ഖാൻ, രജനികാന്ത്, ദേവി ശ്രീ പ്രസാദ് തുടങ്ങിയ പ്രമുഖർ എസ്പിബിയുടെ രോഗമുക്തിക്കു വേണ്ടി പ്രാർഥിക്കുന്നുവെന്ന് സമൂഹമാധ്യമങ്ങളിൽ കുറിച്ചു. 

ഇന്നലെയാണ് എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യ നില അതീവഗുരുതരാവസ്ഥയിലേയ്ക്കെത്തിയത്. അദ്ദേഹം പൂർണമായും ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തിലാണെന്ന് ഇന്നലെ വൈകുന്നേരം പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. അതിനു ശേഷം ആശുപത്രി അധികൃതരോ എസ്പിബിയുടെ കുടുംബാംഗങ്ങളോ ഔദ്യോഗികമായ വിവരങ്ങളോന്നും പുറത്തുവിട്ടിട്ടില്ല. 

ഓഗസ്റ്റ് 5നാണ് കോവിഡ് സ്ഥിരീകരിച്ച എസ്പി ബാലസുബ്രഹ്മണ്യത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടക്കത്തിൽ ആരോഗ്യനില തൃപ്തികരമായിരുന്നുവെങ്കിലും ഓഗസ്റ്റ് പതിമൂന്നോടെ നില വഷളാവുകയും തുടർന്ന് അതിതീവ്ര പരിചരണ വിഭാഗത്തിലേയക്കു മാറ്റുകയുമായിരുന്നു. ശ്വാസകോശത്തിന് സാരമായ തകരാർ സംഭവിച്ചതോടെ വെന്റിലേറ്റർ സഹായം തുടരുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. 

എസ്പിബിയുടെ ആരോഗ്യ നില സംബന്ധിച്ച വിവരങ്ങളെല്ലാം മകനും ഗായകനുമായ എസ് പി ചരൺ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. അദ്ദേഹത്തിന് എഴുന്നേറ്റിരിക്കാനും വായിൽ കൂടി ദ്രവരൂപത്തിലുള്ള ആഹാരം കഴിക്കാനും സാധിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം ചരൺ പറഞ്ഞു. ആശുപത്രി വിടാൻ ആകാംക്ഷയോടെ കാത്തിരുന്ന എസ്പിബിയുടെ നില വീണ്ടും വഷളായതോടെ ലോകമെമ്പാടുമുള്ള ആരാധകർ പ്രാർഥനയോടെ കാത്തിരിക്കുകയാണ്

MORE IN SPOTLIGHT
SHOW MORE
Loading...
Loading...