മൃഗങ്ങള്‍ക്കൊപ്പം ചാരിനിന്ന് ഫോട്ടോയെടുക്കാം; തൃശൂരില്‍ വമ്പന്‍ പാര്‍ക്ക് വരുന്നു

tcr-zoological-park
SHARE

സിംഗപ്പൂരിലും തായ്‍വാനിലുമൊക്കെ സൂവോളജിക്കല്‍ പാര്‍ക്കുകളില്‍ ചില്ലിനപ്പുറത്ത് മൃഗങ്ങള്‍. ഇപ്പുറത്ത് മനുഷ്യരും. മൃഗങ്ങള്‍ക്ക് ഉമ്മ കൊടുത്ത് സെല്‍ഫിയെടുക്കാം. താലോലിക്കാം. ഇങ്ങനെ, മൃഗങ്ങള്‍ക്ക് ഉമ്മ കൊടുക്കാന്‍ സിംഗപ്പൂരും തായ്്വാനിലേക്കുമൊന്നും ഇനി പോകേണ്ട. തൃശൂര്‍ പുത്തൂരിലും സമാനമായി സെല്‍ഫെയെടുക്കാം. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ സുവോളജിക്കല്‍ പാര്‍ക്കാണ് പുത്തൂരില്‍ വരുന്നത്. കാഴ്ചക്കാര്‍ക്ക് ഏറ്റവും ആകര്‍ഷകം കട്ടിയുള്ള ഗ്ലാസ് പതിച്ച വ്യൂ ഗാലറിയാണ്.

ഗ്ലാസ് വ്യൂ പോയന്റ്

കോണ്‍ക്രീറ്റ് മേല്‍ക്കൂരയും തറയും. മുളകള്‍ നിരത്തിയാണ് ഭിത്തി. നല്ല കട്ടിയുള്ള ഗ്ലാസാണ് മധ്യത്തില്‍. ഈ ചില്ലിനരികെ വരെ മൃഗങ്ങള്‍ക്കു വരാം. മൃഗങ്ങളെ താലോലിച്ച് ഫൊട്ടോയെടുക്കാം. സുരക്ഷിതമായി. ചില്ലിനരികില്‍ ചെറിയ തടാകവും ഒരുക്കുന്നുണ്ട്. സാധാരണ മൃഗശാലകളിലേതു പോലെ കൂട്ടിലടച്ചല്ല മൃഗങ്ങളെ പരിപാലിക്കുന്നത്. സൈര്വവിഹാരം നടത്താന്‍ ഇഷ്ടംപോലെ സ്ഥലങ്ങള്‍. പക്ഷികള്‍ക്കാണെങ്കില്‍ പറന്നുല്ലസിക്കാം. സിംഹവും കടുവയുമെല്ലാം ഓടിച്ചാടി നടക്കും. മൃഗങ്ങളേയും കാഴ്ചക്കാരേയും തമ്മില്‍ വേര്‍തിരിക്കുന്നത് വലിയ കിടങ്ങാണ്. മൃഗങ്ങള്‍ക്കു കിടങ്ങ് ചാടി ആളുകളുടെ അടുത്തേയ്ക്കു വരാന്‍ കഴിയില്ല. ഇനി ഏതെങ്കിലും മൃഗങ്ങള്‍ ചാടിയാല്‍തന്നെ കിടങ്ങില്‍ വീഴും. എല്ലാ കൊണ്ടും സുരക്ഷിതം.

ആസ്ട്രേലിയക്കാരന്റെ പ്ലാന്‍

ലോകത്തെ നൂറിലേറെ സുവോളജിക്കല്‍ പാര്‍ക്കുകള്‍ രൂപകല്‍പന ചെയ്ത ഓസ്ട്രേലിയക്കാരന്‍ ജോണ്‍ കോ ഡിസൈന്‍ ചെയ്ത പാര്‍ക്കാണ് പുത്തൂരിലേത്. മുന്നൂറിലേറെ ഏക്കറുണ്ട് മൊത്തം. ഇതില്‍, നാല്‍പത്തിയഞ്ചേക്കറിലാണ് സുവോളജിക്കല്‍ പാര്‍ക്ക്. ആദ്യ ഘട്ടത്തില്‍ പക്ഷികള്‍ക്കും കുരങ്ങുകള്‍ക്കും കാട്ടുപോത്തിനുമായി നാലിടങ്ങള്‍ പണി കഴിഞ്ഞു. സിംഹം, കടുവ ഉള്‍പ്പെടെയുള്ള മൃഗശാലയിലെ താരങ്ങള്‍ക്കുള്ള താമസയിടങ്ങള്‍ ഒരുങ്ങി വരുന്നു.

ഒന്‍പതു ലക്ഷം ലിറ്റര്‍ െവള്ളം

പ്രതിദിനം പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ വേണ്ടത് ഒന്‍പതു ലക്ഷം ലിറ്റര്‍ വെള്ളമാണ്. മണലിപ്പുഴയില്‍ നിന്നാണ് വെള്ളമെത്തിക്കുന്നത്. ഒരു ദിവസം മുഴുവന്‍ നടന്നു കാണാനുണ്ട് കാഴ്ചകള്‍. ഇലക്ട്രിക് വാഹനങ്ങളും ഒരുക്കും. ടിക്കറ്റ് കൗണ്ടറും കല്‍ഭിത്തിയുമെല്ലാം പണി കഴിഞ്ഞു വരികയാണ്. പരിസ്ഥിതിയ്ക്കു ഇണങ്ങും വിധമാണ് എല്ലാ നിര്‍മാണ പ്രവൃത്തികളും. 269 കോടി രൂപയോളം ഇതിനോടകം കിഫ്ബി മുഖേന പാസാക്കി കഴിഞ്ഞു. ചീഫ് വിപ്പ് കെ.രാജന്‍ എം.എല്‍.എയുടെ പ്രയത്നവും ഇതിനു പിന്നിലുണ്ട്. തൃശൂര്‍ക്കാരിയായ കെ.എസ്.ദീപ ഐ.എഫ്.എസിനാണ് നിര്‍മാണ ചുമതല. 2018ല്‍ തുടങ്ങിയ നിര്‍മാണം 2020ല്‍ എത്തുമ്പോഴേക്കും ഏറെ മുന്നോട്ടുപോയിട്ടുണ്ട്. ഡിസംബറോടെ രണ്ടാം ഘട്ടം തുടങ്ങും.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...