വിട പറയില്ല ശബരീ; നീയെന്റെ ഹൃദയത്തില്‍ എന്നുമുണ്ടാകും; വിങ്ങലോടെ മനോജ് കുമാര്‍

manoj-kumar-sabari
SHARE

സഹപ്രവർത്തനകനായ ശബരീനാഥിന്റെ അകാല വിയോഗത്തിൽ വേദന പങ്കുവച്ച് നടൻ മനോജ് കുമാർ. ഈ വാർത്ത ഇപ്പോഴും ഉൾകൊള്ളാനായിട്ടില്ല. തിരുവനന്തപുരത്തെ സഹപ്രവർത്തകർക്ക് എന്തെങ്കിലും അപകടം സംഭവിച്ചാൽ കാര്യങ്ങൾ അറിയാൻ ശബരിയെ ആണ് വിളിക്കാറുള്ളത്. ഈ വാർത്ത അറിഞ്ഞപ്പോഴും ആദ്യം വിളിച്ചത് ശബരിയെ ആണെന്നും തനിക്ക് കുഴപ്പമില്ലെന്നുള്ള മറുപടി പ്രതീക്ഷിച്ചതായും മനോജ് കുറിച്ചു.

ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശബരീനാഥിന്റെ അന്ത്യം. 45 വയസ്സായിരുന്നു. 

മനോജ് കുമാറിന്റെ കുറിപ്പ് വായിക്കാം;

ഇന്നലെ രാത്രി ഏതാനും മണിക്കൂർ എനിക്കു സമനില തെറ്റിയ അവസ്ഥയായിരുന്നു. എന്റെ ശബരി ഈ ലോകം വിട്ടു പോയെന്ന് ആരൊക്കെയോ പുലമ്പുന്ന പോലെ...!!!? ഒന്നും എനിക്ക് മനസ്സിലാവുന്നില്ല. ഒരിക്കലും ഉൾകൊള്ളാൻ കഴിയുന്നില്ല. ഈ നിമിഷം പോലും. 

തിരുവനന്തപുരത്ത് നമ്മുടെ സീരിയൽ സഹപ്രവർത്തകർക്ക് എന്തെങ്കിലും ആപത്തോ അപകടമോ അറിഞ്ഞാൽ, ഞാൻ ആദ്യം വിളിക്കുന്നത് നിന്നെയാ...നീ അതിന്റെ കാര്യങ്ങളൊക്കെ വിശദമായി എന്നെ അറിയിക്കും...

ഇന്നലെ രാത്രിയും നിന്നെ തന്നെയാ ഞാൻ ആദ്യം വിളിച്ചത്...‘മനോജേട്ടാ, ഞാനിവിടെ തന്നെയുണ്ട്. എനിക്കൊരു പ്രശ്നവുമില്ല. ആരാ ഇത് പറഞ്ഞത്’ എന്ന വാക്കു കേൾക്കാൻ. പക്ഷേ നീ ഫോൺ ‘എടുത്തില്ല’

എന്നേക്കാൾ പ്രായം കുറഞ്ഞ നിനക്ക് എന്റെ എഫ്ബി പേജിൽ പരേതർക്ക് നൽകുന്ന ‘വാക്കുകൾ’ ചാർത്താൻ ഞാൻ  ആഗ്രഹിക്കുന്നില്ല. കാരണം നീയെന്റെ ഹൃദയത്തിൽ നിറഞ്ഞ പുഞ്ചിരിയോടെ ജീവനോടെ, ചൈതന്യത്തോടെ ഇപ്പോഴും ഉണ്ട്. 

അതു കൊണ്ട് ‘വിട’...ആദരാഞ്ജലി...പ്രണാമം..." ഇതൊന്നും നീയെന്നിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കേണ്ട, ഞാൻ തരില്ല. നിന്നോട് അങ്ങനെ മാത്രമേ എനിക്കിനി ‘പ്രതികാരം’ ചെയ്യാൻ കഴിയൂ. ok ശബരി. TAKE CARE...

MORE IN SPOTLIGHT
SHOW MORE
Loading...
Loading...