‘ഒരു വർഷം മുമ്പ് പ്രണയം അവസാനിപ്പിച്ചു ’; വിവാദത്തില്‍ ഒമാനിലെ ജോലിയും പോയി'

archana--1.jpg.image.845.440
SHARE

തൃക്കുന്നപ്പുഴ: പ്രണയബന്ധം അവസാനിപ്പിച്ചെങ്കിലും സൗഹൃദത്തിന്റെ പേരിൽ ഫോൺ സംഭാഷണങ്ങൾ തുടർന്നിരുന്നുവെന്ന്  നഴ്സിങ് വിദ്യാർഥിനി അർച്ചനയുടെ മരണത്തിൽ ആരോപണവിധേയനായ യുവാവ്. പെൺകുട്ടിയുമായുള്ള ബന്ധത്തിൽ നിന്ന് ഒരു വർഷം മുൻപു തന്നെ പിന്മാറിയിരുന്നെന്നു യുവാവ് പൊലീസിനു മൊഴി നൽകി. ഈ യുവാവ് വിവാഹ വാഗ്ദാനത്തിൽ നിന്നു പിന്മാറിയതാണ് വിദ്യാർഥിനി ജീവനൊടുക്കാൻ കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.

രണ്ടു വർഷത്തിനുള്ളിൽ വിവാഹം നടത്തണമെന്ന് അർച്ചനയോടും വീട്ടുകാരോടും ആവശ്യപ്പെട്ടെങ്കിലും പഠനം പൂർത്തിയാക്കി ജോലി ലഭിച്ച ശേഷമേ വിവാഹക്കാര്യം ആലോചിക്കൂ എന്നും ഇതിനു രണ്ടു വർഷമെങ്കിലും കഴിയണമെന്നും അർച്ചനയുടെ വീട്ടുകാർ നേരത്തെ പറഞ്ഞിരുന്നതായി യുവാവ് പറഞ്ഞു. ഇതേത്തുടർന്നാണ് ഒരു വർഷം മുൻപ് ബന്ധം അവസാനിപ്പിച്ചത്.    

സ്ത്രീധനം ആവശ്യപ്പെട്ടെന്ന ആരോപണം ഇയാൾ പൊലീസിനോടു നിഷേധിച്ചു. ഒമാനിൽ ജോലി ചെയ്തിരുന്ന യുവാവ് 6 മാസം മുൻപാണ് നാട്ടിലെത്തിയത്. കഴിഞ്ഞ ദിവസം തിരികെ ജോലിയിൽ കയറേണ്ടതായിരുന്നെങ്കിലും നാട്ടിലെ സംഭവങ്ങൾ കാരണം ജോലിയിൽ നിന്നു നീക്കം ചെയ്തുവെന്നു പൊലീസ് പറഞ്ഞു.

വിവാഹ വാഗ്ദാനത്തിൽ നിന്നു യുവാവ് പിന്മാറിയതു പരാമർശിച്ച് കത്തെഴുതിവച്ച ശേഷമാണ് ആറാട്ടുപുഴ പെരുമ്പള്ളി മുരിക്കിൽ അർച്ചന (21) ജീവനൊടുക്കിയത്. തന്റെ സഹോദരിയുടെ വിവാഹം നടത്തിയത് 101 പവനും കാറും നൽകിയാണെന്നും അതുപോലെ തനിക്കും ലഭിച്ചാലേ വിവാഹം നടക്കൂ എന്നും അർച്ചനയോട് യുവാവ് പറഞ്ഞതായി മാതാവും സഹോദരിയും പൊലീസിനു മൊഴി നൽകി. 

യുവാവും സുഹൃത്തും നേരത്തെ പെണ്ണുകാണലിന് എത്തിയപ്പോഴും ഇക്കാര്യങ്ങൾ പറഞ്ഞതായി പിതാവ് മൊഴി നൽകിയിട്ടുണ്ട്. അർച്ചനയുടെ ബിഎസ്‌സി നഴ്സിങ് പഠനം പൂർത്തിയായ ശേഷം വിവാഹക്കാര്യം ആലോചിക്കാമെന്ന് അന്നു യുവാവിനോട് പറഞ്ഞതായും മൊഴിയിൽ വ്യക്തമാക്കി. അന്വേഷണം ഫലപ്രദമല്ലെന്നും യുവാവിനെ സംരക്ഷിക്കാൻ നീക്കം നടക്കുന്നതായും അർച്ചനയുടെ ബന്ധുക്കൾ ആരോപിച്ചു. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...