ആഹാരവും വെള്ളവുമില്ലാതെ രണ്ട് മാസം; വെളിച്ചം പോലും കാണാതെ പൂച്ച; ഒടുവിൽ

catpaul-17
SHARE

ഒരു പൂച്ചയ്ക്ക് എത്ര ജീവിതമുണ്ട്? ഒന്നും ഒൻപതുമല്ല, തൊണ്ണൂറ്റിയൊൻപതെന്നാവും പോൾ ചാപ്മാൻ പറയുക. വെറുതേ പറയുകയൊന്നുമല്ല സ്വന്തം പൂച്ച മോണ്ടിയുടെ അനുഭവം വച്ചാണ് ചാപ്മാൻ ഇക്കഥ പറയുക. വെട്ടവും വെളിച്ചവും ഭക്ഷണവും ഇല്ലാതെ രണ്ട് മാസം കണ്ടെയ്നറിൽ കഴിഞ്ഞ അരുമയെ ജീവനോടെ തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് ചാപ്മാനും ഭാര്യ ബെവർലിയും.

മോണ്ടി രണ്ട് മാസം മുൻപാണ് അബദ്ധത്തിൽ ഒരു ഷിപ്പിങ് കണ്ടെയ്നറിൽ കുടുങ്ങിപ്പോയത്. വീട്ടിൽ നിന്നും ദിവസങ്ങളോളം മാറി നിൽക്കുന്ന പതിവ് മോണ്ടിക്കുണ്ടായിരുന്നതിനാൽ ആദ്യമൊന്നും പൂച്ചയെ കാണാതായത് ഇവർ കാര്യമാക്കിയില്ല. എന്നാൽ ഏറെ ദിവസങ്ങൾ പിന്നിട്ടിട്ടും പൂച്ചയെ കാണാതായതോടെ  ഫേസ്ബുക്കിലും മറ്റുമായി അതിനെ കണ്ടെത്താൻ സഹായിക്കണമെന്ന അഭ്യർത്ഥനകൾ ഇരുവരും പോസ്റ്റ് ചെയ്തു.

ഒടുവിൽ ഏതാനും ദിവസങ്ങൾ മുൻപ് മോണ്ടിയുടെ അടയാളങ്ങൾ ചോദിച്ചു കൊണ്ടുള്ള ഒരു ഒരു മെസ്സേജ് വന്നതോടെയാണ് പൂച്ച കണ്ടെയ്നറിനുള്ളിൽ കുടുങ്ങി കിടക്കുകയായിരുന്നു എന്ന വിവരം ഇരുവർക്കും ലഭിച്ചത്. നിർത്തിയിട്ടിരിക്കുന്ന കാറുകളിലും ലോറികളിലുമെല്ലാം കയറുന്ന ശീലം മോണ്ടിക്കുണ്ടായിരുന്നു. അതേ രീതിയിൽ വീട്ടിൽ നിന്നും കേവലം 200 മീറ്റർ മാത്രം അകലെയായി പാർക്ക് ചെയ്തിരുന്ന ഷിപ്പിങ് കണ്ടെയ്നറിനുള്ളിൽ  കയറിയ മോണ്ടി പുറത്തിറങ്ങാനാവാതെ പെട്ടു പോവുകയായിരുന്നു. രണ്ടു മാസങ്ങൾക്കിപ്പുറം കണ്ടെയ്നറിനുള്ളിൽ അനക്കം കേട്ട് ചുമതലപ്പെട്ടവരെത്തി വാതിൽ തുറന്നപ്പോഴാണ് പൂച്ച പുറത്തിറങ്ങിയത്. ഇതിന്റെ ദൃശ്യങ്ങളും പകർത്തിയിട്ടുണ്ട്.

ഇത്രകാലം ആഹാരമോ വെള്ളമോ ഇല്ലാതെ കഴിഞ്ഞതിന്റെ ക്ഷീണമൊന്നും മോണ്ടിക്കില്ലായിരുന്നുവെന്ന് ചാപ്മാൻ പറയുന്നു. കണ്ടെയ്നറിനുള്ളിലെ എട്ടുകാലികളെയും മറ്റ് ജീവികളെയും മോണ്ടി അകത്താക്കിയിട്ടുണ്ടാവാം എന്നാണ് ബെവർലി ഊഹിക്കുന്നത്. ജനിച്ച് കുറച്ച് ദിവസങ്ങൾ കഴിഞ്ഞതോടെ കാർ അപകടത്തിലേറ്റ പരുക്ക് ഇന്നും മോണ്ടിക്കുണ്ട്. കാലിലേറ്റ പരുക്കാണ് മോണ്ടിയെ തിരിച്ചറിയാൻ സഹായകമായതും. പ്രതികൂലങ്ങളെ അതിജീവിച്ച് മടങ്ങിയെത്തിയ മോണ്ടിയെ സ്നേഹത്തോടെ പരിപാലിക്കുകയാണ് ബെവർലിയും ചാപ്മാനുമിപ്പോൾ.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...