വാക്സീന്‍ എന്നെത്തും..? പാതിയില്‍ സംഭവിച്ചത്: രാഷ്ട്രീയനേട്ടത്തിനും നോട്ടം

covid-vaccine
SHARE

കോവിഡ് മഹാമാരിയോട് പൊരുതാന്‍ വാക്സീന്‍ രക്ഷയാകുമെന്ന പ്രതീക്ഷയുടെ ഗ്രാഫിൽ വാക്സീൻ സുരക്ഷിതത്വത്തിന്റെ തോതും ഉയരേണ്ടിയിരിക്കുന്നു. വേഗത്തിനു പിന്നാലെ പായുമ്പോള്‍ സുരക്ഷിതത്വമെന്ന വെല്ലുവിളി വിസ്മരിക്കരുത്.  ഇൗ വലിയ പാഠമാണ്, പ്രതീക്ഷയുണർത്തിയ ഓക്സ്ഫഡ് വാക്സീന്‍ പരീക്ഷണം താല്‍ക്കാലികമായെങ്കിലും നിര്‍ത്തിവയ്ക്കേണ്ടി വന്നത് പങ്കുവയ്ക്കുന്നത് . ആദ്യം വാക്സീന്‍ ഇറക്കിയത് തങ്ങളാണെന്ന് അവകാശപ്പെട്ട റഷ്യയ്ക്ക് മുന്നില്‍ ലോകത്തെ പല രാജ്യങ്ങളും വാതില്‍ തുറക്കാന്‍ മടിച്ചതിനു പിന്നിലും സുരക്ഷിതത്വത്തെച്ചൊല്ലിയുള്ള ആശങ്കകൾ തന്നെ.

ഓക്സ്ഫഡ് വാക്സീനില്‍ സംഭവിച്ചതെന്ത്?

ബ്രിട്ടണില്‍ സാധ്യതാ വാക്സീന്‍ സ്വീകരിച്ച സ്ത്രീയില്‍ വിപരീതഫലമുണ്ടായതിനെത്തുടര്‍ന്നു പരീക്ഷണം നിര്‍ത്തിവച്ചു. സുഷുമ്ന നാഡികളെ സംരക്ഷിക്കുന്ന തന്തുക്കൾക്കു ചുറ്റുമുള്ള ആവരണത്തിനുണ്ടായ വീക്കമായിരുന്നു വിപരീത ഫലമെന്നാണ് വിവരം.  ട്രാൻസ്‌വേഴ്സ് മൈലൈറ്റീസ് എന്ന രോഗാവസ്ഥയാണ് ഇത് . പരീക്ഷണത്തിന്‍റെ അവസാനഘട്ടമായ മൂന്നാംഘട്ടത്തില്‍ വാക്സീന്‍ സ്വീകരിച്ച സ്ത്രീയിലാണ് വിപരീതഫലമുണ്ടായത്.

രോഗാവാസ്ഥ വാക്സീന്‍മൂലമോ?

വാക്സീന്‍ സ്വീകരിച്ചതുകൊണ്ടാണൊ ഈ രോഗാവസ്ഥ എന്ന് ഉറപ്പില്ല. അത് സ്ഥിരീകരിക്കാനുള്ള ഗവേഷണം പുരോഗമിക്കുകയാണ്. ശരീരത്തില്‍ നിര്‍ജീവാവസ്ഥയിലുണ്ടായിരുന്ന വൈറസുകളിലേതെങ്കിലും വാക്സീന്‍ സ്വീകരിച്ചതുമൂലം  സജീവമായാല്‍ ഇതു സംഭവിക്കാം. ശരീരത്തിലെ രോഗപ്രതിരോധശേഷിയിലുണ്ടായ മാറ്റവും രോഗത്തിന് കാരണമായേക്കാം. ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം സ്വന്തം ശരീരത്തെ ത്തന്നെ ആക്രമിക്കുന്ന ഒാട്ടോ ഇമ്യൂണ്‍ എന്ന അവസ്ഥയും രോഗ കാരണമാകാമെന്നാണു വിലയിരുത്തല്‍

രോഗിയുടെ അവസ്ഥ

രോഗി സുഖംപ്രാപിച്ചുവരികയാണെന്ന് ഓക്സ്ഫഡ് സര്‍വകലാശാലയുമായി േചര്‍ന്ന് വാക്സീന്‍ പരീക്ഷണം നടത്തുന്ന ബ്രിട്ടീഷ് ഫാര്‍മ കമ്പനി അസ്്ട്രാസെനക അറിയിക്കുന്നു. ഉടന്‍ ആശുപത്രി വിടുമെന്നുമാണ് വിവരം.

ആശങ്ക വേണ്ടെന്ന് കമ്പനി

കൂടുതല്‍ പേരില്‍ പരീക്ഷണം നടത്തുമ്പോള്‍ ഇത്തരം വിപരീതഫലങ്ങളോ പാർശ്വഫലങ്ങളോ സാധാരണമെന്നാണ് അസ്ട്രാസെനകയുടെ വാദം. 30,000 പേരിലാണു  പരീക്ഷണം. അപ്രതീക്ഷിതമായ പാര്‍ശ്വഫലങ്ങള്‍ കാണുമ്പോള്‍ കൂടുതല്‍ പഠനം നടത്താനാണു താല്‍ക്കാലികമായി പരീക്ഷണങ്ങള്‍ നിര്‍ത്തി വയ്ക്കുന്നത്. ഇതു സാധാരണനടപടിക്രമം മാത്രമാണ്. വിപരീതഫലത്തിന്‍റെ കാരണം കണ്ടെത്തി സുരക്ഷിതത്വം ഉറപ്പാക്കി പരീക്ഷണം വീണ്ടും ആരംഭിക്കുമെന്നും കമ്പനി അറിയിക്കുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ പരീക്ഷണം വീണ്ടും തുടങ്ങുമെന്നു റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഇതു സ്ഥിരീകരിച്ചിട്ടില്ല.

ഇന്ത്യയിലെ പരീക്ഷണം

ഇന്ത്യയില്‍ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന പരീക്ഷണവും നിര്‍ത്തിവച്ചു. വിദേശത്ത് പരീക്ഷണം നിര്‍ത്തിയെങ്കിലും ഇന്ത്യയില്‍ പരീക്ഷണം തുടരുമെന്നായിരുന്നു സീറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചിരുന്നത്. ഇന്ത്യയില്‍ സാധ്യത വാക്സീന്‍ എടുത്തവരില്‍ പാര്‍ശ്വഫലമില്ല എന്നതായിരുന്നു കാരണമായി പറഞ്ഞത്. എന്നാല്‍, ഇൗ അറിയിപ്പ് വന്നതിനു പിന്നാലെ തന്നെ കമ്പനിക്കു കേന്ദ്രസര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി. വാക്്സീന്റെ വിദേശത്തെ പരീക്ഷണം നിര്‍ത്തിവച്ചത് അറിയിക്കാതിരുന്നതിനാണു ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ നോട്ടിസ്. എന്തുകൊണ്ട് ഇന്ത്യയില്‍ പരീക്ഷണം തുടരുന്നെന്നും  ആരാഞ്ഞിരുന്നു. തുടര്‍ന്നാണ് പരീക്ഷണം നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്. ഇന്ത്യയിലും ബ്രിട്ടനിലും കൂടാതെ സൗത്ത് ആഫ്രിക്ക, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലും ഓക്സ്ഫഡ് വാക്സീന്‍ മനുഷ്യപരീക്ഷണം നടക്കുന്നുണ്ട്.  

ആദ്യ രണ്ടുഘട്ടങ്ങള്‍ പൂര്‍ണവിജയം

വിദേശരാജ്യങ്ങളില്‍ നടന്ന ആദ്യ രണ്ടുഘട്ട പരീക്ഷണഫലവും ഓക്സ്ഫഡ് വാക്സീന്‍ താരതമ്യേന സുരക്ഷിതമെന്നാണ് വിലയിരുത്തിയിരുന്നത്. ഇതിനു കാരണം വാക്സീന്‍ പരീക്ഷണാര്‍ഥം കുത്തിവച്ചവരില്‍ രൂപപ്പെട്ട ആന്‍റിബോഡികളുടെ എണ്ണവും സ്വഭാവവും ആണ്. വൈറസിനെ ചെറുക്കാന്‍ ശേഷിയുള്ള ആന്‍റിബോഡികള്‍ ഉയര്‍ന്ന അളവില്‍ കാണപ്പെട്ടത് ശുഭസൂചനയായാണ്  വിലയിരുത്തൽ‍. ആന്‍റിബോഡികള്‍ക്കൊപ്പം ടി കോശങ്ങളും ഉയര്‍ന്ന അളവില്‍ കാണപ്പെട്ടതും നേട്ടമായിരുന്നു. ഒരു വ്യക്തിയുടെ ശരീരത്തില്‍ രോഗപ്രതിരോധശേഷി കൂടുതല്‍ കാലം നിലനില്‍ക്കാന്‍ സഹായിക്കുന്നത് ടി കോശങ്ങളാണ്.

റഷ്യന്‍ വാക്സീനിലെ ന്യൂനത

മൂന്നാംഘട്ട പരീക്ഷണം പൂര്‍ത്തിയാക്കും മുന്‍പ് റഷ്യ വാക്സീന്‍ പൊതുജനങ്ങളില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയതാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. ലോകാരോഗ്യസംഘടനയുടെ അടക്കം എതിര്‍പ്പ് മറകടന്നാണ് ഇൗ അനുമതി.  വാക്സീന്‍ വികസിപ്പിച്ചപ്പോള്‍ ശരീരത്തിന് ദോഷകരമായ ആന്‍റിബോഡി കണ്ടെത്തിയെന്ന് റഷ്യയിലെത്തന്നെ പ്രമുഖ വൈറോളിസ്റ്റ് പറഞ്ഞിരുന്നു. വാക്സീനില്‍ തിടുക്കപ്പെട്ട് അനുമതി നല്‍കിയതിനെതിരെ പരീക്ഷണസംഘത്തില്‍നിന്ന് അദ്ദേഹം രാജിവയ്ക്കുകയും ചെയ്തു. റഷ്യന്‍ വാക്സീന്‍ ഇന്ത്യയിലെത്തിക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും അന്തിമ തീരുമാനമെടുത്തിട്ടില്ല. എത്തിച്ചാല്‍ തന്നെ, ഇന്ത്യയില്‍ മനുഷ്യപരീക്ഷണം നടത്തി വിജയമുറപ്പിച്ചശേഷമായിരിക്കും ഉപയോഗത്തിന് അനുമതി നല്‍കുക.

വാക്സീന്‍ പ്രതിജ്‍ഞ

സുരക്ഷിതത്വത്തെക്കുറിച്ച് ആശങ്കയുയരുന്ന സാഹചര്യത്തിലാണ് കോവിഡ് വാക്സീന്‍ പരീക്ഷണം നടത്തുന്ന കമ്പനികള്‍ ചരിത്രപരമായ പ്രതിജ്ഞയെടുത്തത്. മൂന്നുഘട്ടങ്ങളിലെ മനുഷ്യ പരീക്ഷണങ്ങളും പൂര്‍ണമായി വിജയിക്കാതെ വാക്സീന്‍ അംഗീകാരത്തിനായി അപേക്ഷിക്കില്ല എന്നായിരുന്നു ഈ  പ്രതിജ്ഞയുടെ കാതൽ. അസ്്ട്രാസെനക അടക്കം 9 കമ്പനികളായിരുന്നു അസാധാരണമായ നടപടിയുമായെത്തിയത്.

വാക്സീന്‍ രാഷ്ട്രീയനേട്ടത്തിന്

തിരഞ്ഞെടുപ്പ് ഗോദയിലെ പ്രധാന ആയുധങ്ങളിലൊന്നായി വാക്സീന്‍ കയ്യില്‍ കരുതാനാണു ഡോണള്‍ഡ് ട്രംപിന്‍റെ ശ്രമം. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുതന്നെ രാജ്യവ്യാപകമായി വാക്സീന്‍ ലഭ്യമാക്കാനുള്ള പദ്ധതികള്‍ക്ക് അമേരിക്ക തുടക്കമിട്ടിട്ടുമുണ്ട്. മൂന്നാംഘട്ട മനുഷ്യപരീക്ഷണത്തിലെത്തിയെങ്കിലും നിലവില്‍ അമേരിക്കയില്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന വാക്സീനുകളൊന്നും നവംബറില്‍ ലഭ്യമാകാന്‍ സാധ്യതയില്ല.

പരീക്ഷണം പൂര്‍ത്തിയാക്കും മുന്‍പ് വാക്സീനെത്തിക്കാന്‍ ട്രംപ് ശ്രമിക്കുന്നുവെന്നും ആരോപണങ്ങളുണ്ട്.  

ഇൗ സാഹചര്യത്തില്‍കൂടിയായിരുന്നു വാക്സീന്‍ നിര്‍മാതാക്കളുടെ പ്രതിജ്ഞ.

പരീക്ഷണവുമായി 180 കമ്പനികള്‍

ലോകാരോഗ്യസംഘടനയുടെ കണക്കുപ്രകാരം 180നടുത്ത് കമ്പനികളാണ് വാക്സീന്‍ പരീക്ഷണം നടത്തുന്നത്. അതില്‍ ആരും തന്നെ അവസാനഘട്ട പരീക്ഷണം പൂര്‍ത്തിയാക്കിയിട്ടില്ല.

പരീക്ഷണത്തിന് സമയംകുറവ്

സാധാരണ 10 വര്‍ഷത്തിനടുത്ത് പരീക്ഷണം നടത്തിയാണ് വാക്സീന്‍ വിപണിയിലെത്തുന്നത്.  ഏതാണ്ട് 3600 കോടി രൂപയോളം ഇതിനു ചെലവു വരുമെന്നും കണക്കാക്കപ്പെടുന്നു. ലോകരാജ്യങ്ങളും ആരോഗ്യസംഘടനകളും അർപ്പിക്കുന്ന പ്രതീക്ഷയുടെ  സാഹചര്യത്തിൽ ചെലവു പ്രശ്നമാകില്ല. എന്നാല്‍ മാസങ്ങൾക്കുള്ളിൽ പൂർത്തിയാക്കേണ്ടി വരുന്ന കോവിഡ് വാക്സീന്‍ പരീക്ഷണത്തിന്‍റെ നിലവിലെ പ്രധാന വെല്ലുവിളി സമയക്കുറവു തന്നെയാണ്. എത്ര വൈകിയാലും സുരക്ഷിതമായ വാക്സീനാകണം വിപണിയിലെത്തുന്നത്. അതിനു വേണ്ടിയാകട്ടെ ലോകജനതയുടേയും അവരെ നയിക്കുന്ന നേതാക്കളുടേയും  കാത്തിരിപ്പ്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...