2500 വർഷം പഴക്കമുള്ള കല്ലറ തുറന്നു; 13 മമ്മികൾ; അമ്പരപ്പിക്കും വിഡിയോ

new-mummy
SHARE

ഈജിപ്തില്‍ നിന്നും 2500 വര്‍ഷങ്ങള്‍ പഴക്കമുള്ള 13 മമ്മികള്‍ കണ്ടെടുത്തു. പൗരാണിക ഈജിപ്ഷ്യന്‍ തലസ്ഥാനമായ മെംഫിസിന്റെ ഔദ്യോഗിക സെമിത്തേരിയായിരുന്ന സക്കാറയില്‍ നിന്നാണ് ഈ നിര്‍ണായക കണ്ടെത്തല്‍. ഈജിപ്ഷ്യന്‍ പുരാവസ്തുവകുപ്പ് മന്ത്രി തന്നെയാണ് വിവരം പുറത്തുവിട്ടിരിക്കുന്നത്.

കൊത്തുപണികള്‍ നിറഞ്ഞ മരം കൊണ്ടുള്ള ശവപ്പെട്ടിക്കുള്ളിലാണ് മമ്മികള്‍ ഉണ്ടായിരുന്നു. ഭൂനിരപ്പില്‍ നിന്നും ഏതാണ്ട് 36 അടി ആഴത്തിലായി ഒന്നിനു മുകളില്‍ മറ്റൊന്നായി അടുക്കി വെച്ച നിലയിലാണ് മമ്മികള്‍ കണ്ടെത്തിയത്. അതീവ ശ്രദ്ധയോടെ സൂക്ഷിച്ചിരുന്നതിനാല്‍ പല ശവപ്പെട്ടികളുടേയും മുകളിലെ നിറങ്ങള്‍ പോലും നശിച്ചിട്ടില്ല. ഈ ശവപ്പെട്ടികള്‍ സംസ്‌ക്കരിച്ച ശേഷം ആദ്യമായാണ് പുറത്തെടുക്കുന്നതെന്നാണ് കരുതപ്പെടുന്നത്. 

ഓരോ ശവപ്പെട്ടിക്കുള്ളിലും മൂന്ന് അറകള്‍ക്കുള്ളിലായാണ് മമ്മികള്‍ സൂക്ഷിച്ചിരുന്നത്. മേഖലയില്‍ നിന്നും കൂടുതല്‍ അമൂല്യ മമ്മികള്‍ കണ്ടെത്താന്‍ സാധ്യതയുണ്ടെന്ന് ഈജിപ്ഷ്യന്‍ പുരാവസ്തു വകുപ്പ് മന്ത്രി ഖാലെദ് അല്‍ അനാനി പ്രതീക്ഷ പ്രകടിപ്പിച്ചു. ഏതാണ്ട് മൂവായിരം വര്‍ഷങ്ങളോളം ഈജിപ്ഷ്യന്‍ സാമ്രാജ്യത്തിന്റെ സംസ്‌ക്കാര പ്രദേശമായിരുന്നു സക്കാറയെന്നാണ് കരുതുന്നത്.

സമൂഹത്തിലെ എല്ലാ തട്ടിലേയും മനുഷ്യരെ സക്കാറയില്‍ അടക്കം ചെയ്തിരുന്നുവെന്നാണ് കരുതപ്പെടുന്നത്. ഓരോ മമ്മികള്‍ക്കുമൊപ്പം വിലപിടിപ്പുള്ള പല വസ്തുക്കളും വളര്‍ത്തു മൃഗങ്ങളുടെ മമ്മികളുമെല്ലാം അടക്കം ചെയ്തിരുന്നു. ഓരോ മമ്മികളും സമ്പത്തുകളുടെ കേന്ദ്രങ്ങളാണെന്നതുകൊണ്ടുതന്നെ പല കാലത്തും ഇത്തരം മമ്മികള്‍ കൊള്ളയടിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ 2500 വര്‍ഷങ്ങളോളം ആരുടേയും ശ്രദ്ധയില്‍ പെടാതെ ഈ 13 മമ്മികള്‍ കഴിഞ്ഞുവെന്നതാണ് അതിശയപ്പെടുത്തുന്നത്. 

കണ്ടെടുത്ത 13 മമ്മികളിലുള്ളവര്‍ ആരായിരുന്നു എന്നത് സംബന്ധിച്ച വിവരങ്ങള്‍ ഇപ്പോഴും പുറത്തുവന്നിട്ടില്ല. ഓരോ മമ്മിക്കുള്ളിലേയും വസ്തുക്കള്‍ വിശകലനം ചെയ്താല്‍ മാത്രമേ ഇത് സംബന്ധിച്ച സൂചനകള്‍ ലഭിക്കൂ. എന്നാല്‍ പ്രദേശത്ത് പര്യവേഷണം വ്യാപിപ്പിക്കാന്‍ ഈജിപ്ത് പുരാവസ്തു വകുപ്പ് തീരുമാനിച്ചിരിക്കുകയാണ്. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...