കുഞ്ഞിനെ തൊടാൻ നോക്കി; ആക്രമിച്ച് കൂറ്റന്‍ തിമിംഗലം: വിഡിയോ

whale-video
SHARE

സർഫിങ് നടത്തിയവർക്ക് നേരെ ഭീമൻ തിമിംഗലത്തിന്റെ ആക്രമണം. സിഡ്നിയിലെ മാൻലി ബീച്ചിൽ ആണ് സംഭവം.  തന്റെ കുഞ്ഞിനെ ആക്രമിക്കാൻ എത്തിയവരാണെന്ന് കരുതിയാണ് തിമിംഗലം സർഫർമാർക്ക് നേരെ പാഞ്ഞടുത്തത്. കൂട്ടത്തിലൊരാൾ കുഞ്ഞിനെ തൊടാൻ ശ്രമിച്ചതാണ് തിമിംഗലത്തെ പ്രകോപിപ്പിച്ചത്.

സർഫിങ് നടത്തുന്നവരുടെ സമീപത്തായി നീന്തി കളിക്കുകയായിരുന്നു അമ്മയും കുഞ്ഞും. അതിനിടെയാണ് അവരിലൊരാൾ കുഞ്ഞിനെ തൊടാൻ നോക്കിയത. ഇതോടെ തിമിംഗലം സർഫർമാരുടെ അരികിലേക്കെത്തി വാൽ വെള്ളത്തിലേക്ക് വീശിയടിച്ച് ആക്രമിക്കുന്നതാണ് ഡ്രോൺ ക്യാമറയിൽ പതിഞ്ഞത്. ആക്രമണത്തിൽ ഏതാനും സർഫർമാർ സർഫിങ് ബോർഡിൽ നിന്നും വഴുതി വീഴുകയും ചെയ്തു.

തിമിംഗലം ആക്രമണകാരിയായതോടെ സർഫർമാർ പെട്ടെന്നു തന്നെ അവിടെനിന്നും മടങ്ങി. സുഹൃത്തിന്റെ വീടിന്റെ ബാൽക്കണിയിൽ നിൽക്കുകയായിരുന്ന ഡൊമിനിക് ടെയ്‌ലർ എന്ന വ്യക്തിയാണ് സർഫർമാരും തിമിംഗലവും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ദൃശ്യം ഡ്രോണിൽ പകർത്തിയത്. ദൃശ്യം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെ സർഫിങ് നടത്തിയവർ തിമിംഗലത്തിന്റെ അരികിലേക്കെത്തിയത് ശരിയായില്ലെന്ന് പലരും പ്രതികരിച്ചു.  

ഇത്രയും അടുത്ത് തിമിംഗലങ്ങളെ കാണാൻ കഴിയുന്നത് അപൂർവമായതിനാലാവണം അത്തരം ഒരു അവസരം അവർ പാഴാക്കാതിരുന്നതെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. എന്നാൽ കടലിൽ വച്ച് തിമിംഗലങ്ങളെ കാണാനിടയായാൽ അവയിൽ നിന്നും നൂറ് മീറ്ററെങ്കിലും അകലം പാലിക്കണമെന്നാണ് ഡിപ്പാർട്ട്മെൻറ് ഓഫ് അഗ്രികൾച്ചർ, വാട്ടർ ആൻഡ് എൻവയോൺമെന്റ് വകുപ്പുകൾ  അറിയിക്കുന്നത്. അവയെ തൊടാൻ ശ്രമിക്കുന്നതും ആഹാരം നൽകാൻ ശ്രമിക്കുന്നതും കർശനമായി നിരോധിച്ചിട്ടുണ്ട്. ഈ മുന്നറിയിപ്പുകൾ പാലിക്കാത്തതാണ് സർഫർമാർക്ക് വിനയായത്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...