‘ആപ്പ് അല്ല ജീവിതം’; ടിക്ടോക് പോയാൽ പബ്ജി; അതുപോയാൽ മറ്റൊന്ന്; ദേവൂട്ടി പറയുന്നു

devika-das-life
SHARE

‘ടിക്ടോക്കോളി എന്ന് കളിയാക്കലായിരുന്നു ആദ്യം. പിന്നീട് കാഴ്ചക്കാരുടെ എണ്ണവും ലൈക്കും ലക്ഷങ്ങൾ കടന്നതോടെ കളിയാക്കിയവർ തന്നെ പറഞ്ഞു തുടങ്ങി. ‘നന്നായിട്ടുണ്ടെടീ.. നീ ഇത്ര ഫേമസ് ആയിരുന്നല്ലേ..’ എന്നൊക്കെ.. അങ്ങനെ കാഴ്ചക്കാരുടെ എണ്ണവും ലൈക്കുകളും വിഡിയോകളും കൂടി വരുമ്പോഴാണ് ടിക്ടോക് നിരോധിച്ചത്. പിന്നീട് സമയം കളയാൻ സുഹൃത്തുകളുമായി പബ്ജി കളി തുടങ്ങി. അതും ഇപ്പോൾ നിരോധിച്ചു. എന്നാലും സന്തോഷമാണ് രാജ്യത്തിന്റെ തീരുമാനമാണ്. ഇതൊക്കെ നിരോധിച്ചപ്പോൾ സങ്കടപ്പെടുന്നവർ ‘ആപ്പ്’ അല്ല ജീവിതം എന്ന് തിരിച്ചറിഞ്ഞാൽ തീരുന്ന പ്രശ്നമേയുള്ളൂ..’ ദേവിക ദാസ് എന്ന ദേവൂട്ടി ഇതു പറയുമ്പോൾ ആ വാക്കുകൾക്ക് അതിജീവനത്തിന്റെ കരുത്തുണ്ട്.

കുറഞ്ഞ സമയം കൊണ്ട് സമൂഹമാധ്യമങ്ങളിൽ താരമായിരുന്നു ദേവൂട്ടി. വീൽ ചെയറിലിരുന്ന് ദേവൂട്ടി ചെയ്ത ടിക്ടോക് വിഡിയോകൾ അൻപതുലക്ഷത്തിലേറെ പേരാണ് കണ്ടത്. കഥ എഴുത്തും വായനയും പ്രസംഗങ്ങളുമായി ഈ കോവിഡ് കാലത്തും ദേവൂട്ടി തിരക്കിലാണ്. അതിജീവനത്തിന്റെ ആ ജീവിതകഥ ദേവിക പറയുന്നു.

പന്ത്രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ടിക്ടോക് വിഡിയോ ചെയ്യുന്നത്. ആദ്യം എല്ലാവരും കളിയാക്കി. പിന്നെ പതിയെ എല്ലാവരും ഇഷ്ടപ്പെട്ടുവന്നു. അതു നിരോധിച്ചപ്പോൾ പിന്നെ പബ്ജി കളിയായി. അതു പോയപ്പോൾ പുതിയ ആപ്പിൽ ഞാൻ കഥകൾ എഴുതാൻ തുടങ്ങി. അത്രയുള്ളൂ. ആപ്പൊന്നും അല്ലല്ലോ ജീവിതം. ഇപ്പോഴും പുറത്തുപോകുമ്പോൾ ആളുകൾ പഴയ ടിക്ടോക് വിഡിയോകൾ കണ്ട ഓർമയിൽ വന്ന് സംസാരിക്കാറുണ്ട്. അഞ്ചുലക്ഷത്തിലേറെ ഫോളോവേഴ്സ് ഉണ്ടായിരുന്നു ടിക്ടോക്കിൽ. അതനെല്ലാം അപ്പുറമാണ് നമ്മുടെ രാജ്യത്തിന്റെ തീരുമാനം. ‍ഞാൻ അതിനെ പൂർണമായും പിന്തുണയ്ക്കുകയാണ്. ലോക്ഡൗൺ കാലത്ത് ഒരുപാട് കഥകൾ എഴുതി, ഓൺലൈനായി ഒട്ടേറെ ക്ലാസുകളെടുത്തു. ഒരുപാട് പേരോട് സംസാരിച്ചു. അങ്ങനെ മുന്നോട്ട് മുന്നോട്ട് പോകുന്നു.

വീൽചെയർ പ്രിയ കൂട്ടുകാരി

മസ്കുലര്‍ ഡിസ്ട്രോഫി എന്ന രോഗമായിരുന്നു എനിക്ക്. ജനിച്ചപ്പോൾ മുതൽ ഇങ്ങനെയാണ്. വീൽചെയറാണ് എന്റെ കൂട്ടുകാരി. അമ്മ എപ്പോഴും ഒപ്പമുണ്ടായിരുന്നു. പിന്നെ എന്റെ കാര്യങ്ങൾ ഞാൻ തന്നെ നോക്കാൻ പഠിച്ചു. പത്താംക്ലാസ് ആയപ്പോഴേക്കും ഞാൻ സ്കൂളിൽ എൻഎസ്എസ് പ്രവർത്തനങ്ങളിൽ സജീവമായി. ഗോപാലൻ സാറാണ് എനിക്ക് അതിനുള്ള അവസരവും പ്രചോദനവും നൽകിയത്. അവിടെ നിന്നാണ് തുടക്കം. ഇപ്പോൾ ഞാൻ കോളജ് ഹോസ്റ്റലിൽ നിന്നാണ് പഠിക്കുന്നത്. എന്റെ കാര്യങ്ങളെല്ലാം ഞാൻ ഒറ്റയ്ക്ക് ചെയ്യും. എന്തിനും കൂട്ടായി കോളജും ഒരുപാട് സുഹൃത്തുകളുമുണ്ട്.

അമ്മയും അച്ഛനും രണ്ടു അനിയൻമാരും അടങ്ങുന്നതാണ് പട്ടാമ്പി സ്വദേശി കൂടിയായ ദേവൂട്ടിയുടെ കുടുംബം. പട്ടാമ്പി സംസ്കൃത കോളജിലെ രണ്ടാം വർഷ ബികോം വിദ്യാർഥിനിയാണ് ഇപ്പോൾ ദേവിക.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...