രഞ്ജിത്തിനെ കൂട്ടാൻ ബന്ധുക്കൾ വരും; 11 വർഷം നീണ്ട കാത്തിരിപ്പ്

renjith-kottayam-mc
SHARE

മെഡിക്കൽ കോളജ് ആശുപത്രി വളപ്പിൽ കണ്ടെത്തിയത് 11 വർഷം മുൻപ് തൃശൂരിലെ അനാഥാലയത്തിൽ നിന്നു കാണാതായ കോഴിക്കോട് സ്വദേശി സജിത് (28) ആണെന്ന് ബന്ധുക്കൾ. ഭിന്നശേഷിക്കാരനായ യുവാവു മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത്  5 ദിവസം കഴിച്ചുകൂട്ടിയ സംഭവം മനോരമ ചിത്രം സഹിതം പ്രസിദ്ധീകരിച്ചിരുന്നു. നവജീവൻ ട്രസ്റ്റ് യുവാവിന്റെ സംരക്ഷണം ഏറ്റെടുത്തിരുന്നു. യുവാവിന്റെ കയ്യിലുണ്ടായിരുന്ന മെഡിക്കൽ രേഖകളിൽ രഞ്ജിത് എന്നാണു രേഖപ്പെടുത്തിയിരുന്നത്.

കോട്ടയം സ്വദേശിയായ ബധിരനും മൂകനുമായ മറ്റൊരു യുവാവു മാതാപിതാക്കളുമായി നവജീവൻ ട്രസ്റ്റിൽ എത്തി സജിത്തിനോട് ആംഗ്യ ഭാഷയിൽ സംസാരിച്ചതോടെയാണു കൃത്യമായ വിവരം ലഭിച്ചത്. സംസാര ശേഷിയില്ലാത്തവരുടെ സമൂഹ മാധ്യമ കൂട്ടായ്മയിൽ സജിത്തിന്റെ ചിത്രം പോസ്റ്റ് ചെയ്തു. അര മണിക്കൂറിനുള്ളിൽ കോഴിക്കോട് നിന്നുള്ളവർ സജിത്തിനെ തിരിച്ചറിഞ്ഞ് ബന്ധുക്കളുടെ ഫോൺ നമ്പർ കണ്ടെത്തി ബന്ധപ്പെട്ടു. ഞായറാഴ്ച സജിത്തിനെ കൂടെക്കൂട്ടാൻ എത്തുമെന്നാണു ബന്ധുക്കൾ അറിയിച്ചത്.

സജിത്തിന്റെ ബന്ധുവായ സുരേഷ് ബാബു പറയുന്നത്: കോഴിക്കോട് കുളത്തറ സ്വദേശിയാണ് സജിത്. സത്യഭാമയുടെയും പരേതനായ സുഭാഷിന്റെയും ഏക മകനാണ്. ജന്മനാ ബധിരനും മൂകനുമാണ്. മനോദൗർബല്യവുമുണ്ട്. പിതാവ് മരിച്ചതോടെ സജിത്തിനെ അമ്മയ്ക്ക് സംരക്ഷിക്കാൻ കഴിയാതെവന്നു. 2009 ഓഗസ്റ്റ് 10 നാണ് തൃശൂരിലെ അനാഥാലയത്തിൽ സജിത്തിനെ എത്തിച്ചത്. 5 ദിവസത്തിനു ശേഷം ഇയാളെ കാണാനില്ലെന്ന് സ്ഥാപന അധികൃതർ അറിയിച്ചു.

അധികൃതരും വീട്ടുകാരും പൊലീസിൽ പരാതി നൽകി. ആഴ്ചകൾ കഴിഞ്ഞിട്ടും കാണാതായതോടെ കോടതിയിൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തു. ഇതിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടന്നു വരികയാണ്. ഒരു തുമ്പും കിട്ടാതിരുന്നപ്പോഴാണ് ഇപ്പോൾ കോട്ടയത്ത് സജിത്ത് ഉണ്ടെന്ന വിവരം ലഭിക്കുന്നത്. വർഷങ്ങളായി സജിത്തിനെ  കാത്തിരിക്കുന്ന അമ്മയ്ക്കും ബന്ധുക്കൾക്കും വലിയ സന്തോഷം. 

സജിത്തിനെ കണ്ടെത്തി ബന്ധുക്കൾക്ക് കൈമാറുന്നതിനു നിമിത്തമായത് മെഡിക്കൽ കോളജിലെ ആംബുലൻസ് ഡ്രൈവർമാർ. മോർച്ചറിക്കു സമീപമുള്ള ബെഞ്ചിൽ സജിത്തിനെ കണ്ട് ഇവർ വിവരം തിരക്കിയതാണു വഴിത്തിരിവായത്. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...