ചികിത്സ കഴിഞ്ഞ് ബാക്കി തുക പാവങ്ങൾക്ക്; പിറന്നാളിന് ഉറപ്പുമായി നന്ദു

nandu-mahadeva
SHARE

ആയുസ് അവസാനിച്ചിടത്തു നിന്നും ജീവിതം തിരികെപ്പിടിച്ച സന്തോഷം പങ്കുവെച്ച് നന്ദു മഹാദേവ. നന്ദുവിന്റെ പിറന്നാളാണ് നാളെ. ഇതേ തുടർന്ന് മറ്റൊരു സന്തോഷം കൂടി നന്ദു പങ്കുവെയ്ക്കുകയാണ്. സ്വന്തം ചികിത്സയ്ക്കുള്ള തുക മാറ്റിവെച്ച ശേഷമുള്ള ഓരോ രൂപയും അർഹതപ്പെട്ടവർക്ക് നൽകുമെന്ന് നന്ദു ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. കുറിപ്പ് ഇങ്ങനെ:

ഹൃദയങ്ങളേ...

നാളെ എന്റെ പിറന്നാളാണ്...!

അടങ്ങാത്ത സന്തോഷമുണ്ട്..!!

ആയുസ്സ് അവസാനിച്ചിടത്തു നിന്നും ജീവിതം തിരികെപ്പിടിച്ചവർക്ക് അധികം കിട്ടുന്ന ഓരോ നിമിഷവും എത്ര അമൂല്യമാണെന്നു ഞാനെന്റെ പ്രിയപ്പെട്ടവരോട് പ്രത്യേകം പറയേണ്ടല്ലോ..

നല്ല മധുരമൂറുന്ന പാൽപ്പായസത്തിന്റെ ഓരോ തുള്ളിയും രുചിച്ചു കുടിക്കുമ്പോലെ ജീവിതത്തെയും നമ്മൾ ശ്രദ്ധയോടെ രുചിക്കണം..!!

സന്തോഷവും സങ്കടവും സുഖങ്ങളും ദുഖങ്ങളും ഒക്കെ നമ്മൾ അനുഭവിക്കണം..ആസ്വദിക്കണം..

ഇവയെല്ലാം കൂടിച്ചേർന്ന ഒരനുഭൂതിയാണ് ജീവിതം..

ഈ സന്തോഷത്തിന്റെ വേളയിൽ മറ്റൊരു ഇരട്ടി സന്തോഷം കൂടി ഞാൻ പങ്കു വയ്ക്കുകയാണ്..

എന്റെ ചികിത്സയ്ക്ക് മാറ്റി വച്ച ശേഷം ഓരോ രൂപയും അർഹതയുള്ള പാവപ്പെട്ട സഹോദരങ്ങൾക്ക് നൽകി സഹായിക്കും എന്നു ഞാൻ പറഞ്ഞിരുന്നു..

വിശന്നു കരയാനും നിലവിളിക്കാനും മാത്രം വിധിക്കപ്പെട്ട ഒരുപാട് ജന്മങ്ങളുണ്ട് നമുക്ക് ചുറ്റും..

ജീവിതയാത്രയിൽ അനാഥരായി പോയ ഒരുപാട് മക്കളുടെ കണ്ണീരുണ്ട് നമുക്ക് മുന്നിൽ..

അവരുടെ കണ്ണീരൊപ്പാനും അവരെ ചേർത്ത് പിടിക്കാനും നിഷ്കളങ്കമായി പ്രവർത്തിക്കുന്നവരിലാണ് ദൈവ ചൈതന്യം കാണാൻ കഴിയുക...

എന്റെ നാട്ടിൽ ഈയടുത്ത കാലത്ത് വാഹനാപകടത്തിൽ കാലു നഷ്ടപ്പെട്ട ഒരു കുഞ്ഞനിയനുണ്ട്..നന്ദു എന്നാണ് അവന്റെയും പേര്..

നടക്കണം എന്നതാണ് ഏറ്റവും വലിയ സ്വപ്നം..ഇത്രയും തുക നൽകി കാലു വയ്ക്കാൻ അവനൊരു മാർഗ്ഗവുമില്ല..

ഓട്ടോബോക്കിന്റെ തന്നെ കൃതൃമക്കാൽ കുഞ്ഞനിയനു വാങ്ങി നൽകും..

നാളെ അതിന്റെ അളവെടുക്കും..

ശേഷം എത്രയും വേഗം അവൻ നടന്നു തുടങ്ങും..

ഇന്നേക്ക് കൃത്യം ഒരു വർഷവും ഒരു മാസവും മുമ്പ് ഇതുപോലൊരു ദിവസമാണ് ലൈഫ് ആൻഡ് ലിംബ് സംഘടനയിലൂടെ ജോൻസൺ സർ എനിക്ക് കൃതൃമക്കാൽ തന്നത്..അന്ന് ഞാനദ്ദേഹത്തിന് നന്ദി പറഞ്ഞുകൊണ്ട് മനസ്സിൽ ഒരു പ്രതിജ്ഞ എടുത്തിരുന്നു..സാഹചര്യം ഉണ്ടാകുമ്പോൾ ഒരാളെയെങ്കിലും നടക്കാൻ സഹായിക്കുമെന്ന്...അത് സഫലമാകുന്നു..

നിങ്ങൾക്കോർമ്മയില്ലേ ശാലിനി ചേച്ചിയേ..

എന്റെ നന്ദുമോനുള്ളപ്പോൾ എന്റെ രണ്ടു മക്കളെ ഓർത്തും എനിക്ക് ടെൻഷനില്ല..!

അവസാന സമയങ്ങളിൽ ശാലിനി ചേച്ചി പറഞ്ഞ കാര്യങ്ങളിൽ ഏറ്റവും കൂടുതൽ വ്യക്തതയോടെ എന്റെ മനസ്സിൽ തങ്ങി നിൽക്കുന്ന വാക്കുകൾ ഇതാണ്..

അത്ര സ്നേഹമായിരുന്നു ശാലിനി ചേച്ചിക്ക്...

അർബുദം തലയിലേക്ക് ബാധിച്ച് ഓർമ്മ നഷ്ടപ്പെടുമ്പോഴും നന്ദു വന്ന് വെല്ലൂരിൽ കൊണ്ടോയി എന്നെ രക്ഷപ്പെടുത്തും എന്ന് പാതി മയക്കത്തിൽ പോലും ചേച്ചി പിറുപിറുത്തു കൊണ്ടിരിക്കുമായിരുന്നു..

പക്ഷേ നമുക്ക് ചേച്ചിയെ തിരികെ കൊണ്ടു വരാൻ കഴിഞ്ഞില്ല..

ചേച്ചി പോയതോടെ രണ്ടു മക്കളുടെയും കാര്യം വല്ലാത്ത ദുരിതത്തിലായി..

ശാലിനി ചേച്ചിയ്ക്ക് ഒരു മോളും ഒരു മോനുമാണ്..

പ്രായമായ അമ്മുമ്മക്ക് വീട്ടുജോലി ചെയ്യാൻ ആരോഗ്യമില്ലെങ്കിലും അതിന് നിർബന്ധിതമായി..

ഇപ്പോൾ ജോലിയുമില്ല..

ആ മക്കളെ സഹായിക്കാൻ കഴിയാത്തത് ഒരു നീറ്റലായി മനസ്സിലുണ്ടായിരുന്നു.

എന്റെ കൂടെപ്പിറപ്പിന്റെ മക്കൾ എന്റെയും മക്കളാണ്..

അവരുടെ മുന്നോട്ടുള്ള പഠനത്തിന്റെ സകല ചിലവും മാറ്റി വയ്ക്കും..അവർക്ക് ഏറ്റവും നല്ല വിദ്യാഭ്യാസം ആഗ്രഹമുള്ളതു വരെ പഠിപ്പിക്കും..മോളുടെ കല്യാണവും നടത്തി നൽകി അവരെ സംരക്ഷിക്കണമെന്നാണ് ആഗ്രഹം..

അവർ മാത്രമല്ല ഇങ്ങനെ നാലഞ്ചു മക്കൾ എനിക്കുണ്ട്...

പിന്നെ ഞങ്ങളുടെ ക്യാൻസർ അതിജീവന ഗ്രൂപ്പിനെപ്പറ്റി എന്റെ പ്രിയമുള്ളവർക്ക് അറിയാമല്ലോ..

അതിനുള്ളിൽ ചികിത്സയ്ക്ക് ഒരു നിവൃത്തിയും ഇല്ലാത്തവരുണ്ട്..

ഗ്രൂപ്പിൽ ഇല്ലാത്തവരുമുണ്ട്..

ദാരിദ്ര്യം അനുഭവിക്കുന്നവർ..

മരുന്നു വാങ്ങാൻ കഴിയാത്തവർ പോലുമുണ്ട്..

അവരിൽ ഇപ്പോൾ ചികിത്സ നേരിടുന്ന അത്രയ്ക്ക് ബുദ്ധിമുട്ടുള്ള സഹോദരങ്ങൾക്ക് 50000 രൂപ വീതവും ചികിത്സ കഴിഞ്ഞെങ്കിലും ജോലിക്കൊന്നും പോകാൻ പറ്റാത്തവർക്കും അവയവങ്ങൾ നഷ്ടമായ കിടപ്പിലായിപ്പോയ തീരെ ബുദ്ധിമുട്ടുന്ന സഹോദരങ്ങൾക്ക് 25000 രൂപ വീതവും നൽകുകയാണ്..

അവയിൽ 7 പേർക്ക് കൊടുത്തു കഴിഞ്ഞു..

കൂടാതെ വളരെ പാവപ്പെട്ട 6 മക്കൾക്ക് പഠിക്കാനായി ഫോണും വാങ്ങി നൽകി..

ഒരാൾക്ക് ജീവിക്കാൻ എന്തിനാണ് കുറെയേറെ പണം..

തലചായ്ക്കാൻ ഒരു വീട് വേണം..

പിന്നെ മൂന്നു നേരം ബുദ്ധിമുട്ടില്ലാതെ ഭക്ഷണം കഴിക്കാൻ കഴിയണം..

അത്യാവശ്യം വന്നാൽ സഞ്ചരിക്കാൻ ഒരു വാഹനം വേണം..

സ്ഥിരമായി വരുമാന മാർഗ്ഗം കണ്ടെത്താൻ തക്കതായ എന്തെങ്കിലും ഒരു സംരംഭം കൂടി ആയാൽ ആ ഒരു കുടുംബത്തിന് സുഖമായി ജീവിക്കാം..

പിന്നെയും എന്തിനാണ് സമ്പാദിച്ചു കൂട്ടുന്നത്..?

എനിക്ക് ആരോഗ്യം ശരിയായി വന്നാൽ എനിക്ക് ജീവിക്കാനുള്ളത് ഞാൻ കഷ്ടപ്പെട്ടുണ്ടാക്കും...

ഇതുവരെയും അങ്ങനെയാണ് ശീലവും അതാണ് സന്തോഷവും...!

നിങ്ങൾ അമിത സ്നേഹത്തോടെ എനിക്ക് പൊതിഞ്ഞു നൽകിയ നന്മയുടെ പൊതികൾ ഞാനെങ്ങനെ പങ്കു വയ്ക്കാതിരിയ്ക്കും..?

എനിക്കതിന് കഴിയില്ല...

എന്റെ ചികിത്സ ചിലവുകൾ കഴിഞ്ഞുള്ള ഓരോ രൂപയും അർഹതയുള്ള കരങ്ങളിൽ എത്തും..

വിശപ്പും നിസ്സഹായ അവസ്ഥകളുടെ കാഠിന്യവും മാത്രമാകും മാനദണ്ഡം..

ഒരുപാട് പേരുടെ മുഖത്തെ പുഞ്ചിരിയോടെയാണ് ഈ പിറന്നാൾ ഞാൻ ആഘോഷിക്കുന്നത്..

അർഹതയുള്ളവർക്ക് കൊടുത്തു എന്നല്ലാതെ ഇതിൽ എനിക്കൊരു പങ്കുമില്ല...

ഈ സഹായങ്ങളുടെ മുഴുവൻ നന്മയും എന്നെ സഹായിച്ച സുമനസ്സുകൾക്കും അവരുടെ കുടുംബങ്ങൾക്കും ആണ്..

ഞാൻ വെറുമൊരു ഉപകരണം മാത്രമാണ്...

പ്രിയമുള്ളവർ എനിക്ക് വേണ്ടിയും എന്നെ സഹായിച്ചവർക്കു വേണ്ടിയും പ്രാർത്ഥിക്കണം..

ഒപ്പം നിങ്ങളുടെ പിറന്നാൾ സ്നേഹവും വേണം..

സ്നേഹപൂർവ്വം

നന്ദു മഹാദേവ ❤️

MORE IN SPOTLIGHT
SHOW MORE
Loading...
Loading...