ഓണസദ്യയും ഓണക്കാല ഭക്ഷണവും; പ്രതിരോധത്തിന് കരുതേണ്ടത്: വിഡിയോ

onam-covid
SHARE

വീണ്ടും ഒരോണം.ഇത്രയും കാലം ആഘോഷിച്ച, അനുഭവിച്ച ഓണമല്ല ഇക്കുറി‌. കോവിഡെന്ന മഹാമാരിക്കിടെ വന്നെത്തിയ ഓണം. ഈ ഓണം സൂക്ഷിച്ചോണം എന്നാണ്‌ സര്‍ക്കാരും ആരോഗ്യ വിദഗ്‌ധരും ഒക്കെ നല്‍കുന്ന നിര്‍ദേശം. ആഘോഷങ്ങളില്‍ ഏറ്റവും പ്രധാനം തിരുവോണ സദ്യ തന്നെ. ഒരാഴ്‌ച്ചക്കാലം ഓണവിഭവങ്ങള്‍ കൊണ്ട്‌ ഒരു കളിയാകും പലവീടുകളിലും. 

ഇക്കുറി ഓണസദ്യ അല്‍പം ആരോഗ്യപ്രദമാക്കാം. കോവിഡിനെ ചെറുക്കാന്‍ മാത്രമല്ല, നല്ല ആരോഗ്യത്തിന്‌ പ്രതിരോധശേഷി അത്യാവശ്യമാണ്‌. വലിച്ചുവാരി കഴിക്കുന്നതും, സമയത്ത് കഴിക്കാതിരിക്കുന്നതും വിശപ്പില്ലാതെ കഴിക്കുന്നതും പ്രതികൂലമായി ബാധിക്കാം. മുന്‍കരുതലോടെ വേണം നാം ഈ ഓണത്തിന്‌ സദ്യ കഴിക്കാന്‍ എന്നാണ്‌ ആരോഗ്യവിദഗ്‌ധര്‍ പറയുന്നത്‌. ഈ ഓണക്കാലത്ത്‌ ആരോഗ്യകരമായ ആഹാരം കഴിക്കേണ്ടതിന്‍റെ ആവശ്യകത എത്ര പ്രധാനമെന്ന് നോക്കാം.ഗവ. ജില്ലാ ആയുർവേദ ഹോസ്പിറ്റൽ, തൊടുപുഴയിലെ സീനിയർ മെഡിക്കൽ ഓഫീസർ ഡോ.സതീഷ് വാര്യർ അക്കാര്യങ്ങള്‍ പറയും(വിഡ‍ിയോ കാണുക).

ശരിയായി ദഹിക്കുന്നതും പോഷകം ഉള്ളതുമായ ഭക്ഷണ വിഭവങ്ങള്‍ സദ്യയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം. സദ്യ വിഭവങ്ങളില്‍ നാം സാധാരണ ഉള്‍പ്പെടുത്തുന്നവയ്‌ക്ക് ഒപ്പം കോവിഡ്‌ ആയുര്‍വേദ റിസര്‍ച്ച്‌ സെല്‍ നിഷ്‌ക്കര്‍ഷിക്കുന്ന ചില വിഭവങ്ങള്‍ ഏതെന്ന്‌ നോക്കാം.

ഏറ്റവും പ്രധാനമാണ്‌ നെല്ലിക്ക ഒഴിച്ചുകറി. പോഷക ഗുണങ്ങളുടെയും ഔഷധ മൂല്യങ്ങളുടെയും കലവറയാണ്‌ നെല്ലിക്ക. നെല്ലിക്ക ഉപയോഗിച്ച്‌ സ്വാദിഷ്‌ഠമായ ഒഴിച്ചുകറി ഉണ്ടാക്കാം.

ഓണവിഭവങ്ങളില്‍ പ്രധാനമാണ്‌ ഓലന്‍. കുമ്പളങ്ങ ഇല ഉപയോഗിച്ച്‌ ഓലന്‍ തയ്യാറാക്കാം. 

നെല്ലിക്ക പച്ചടി, ഇഞ്ചി പച്ചടി, പച്ചമാങ്ങ പച്ചടി എന്നിവയില്‍ ഒന്ന്‌ ഉള്‍പ്പെടുത്താം. ഇവ മൂന്നും പ്രതിരോധശേഷി കൂട്ടാന്‍ ഉത്തമമാണ്‌. 

തഴുതാമ ഇല പല അസുഖങ്ങള്‍ക്കുമുള്ള ഒറ്റമൂലിയാണ്‌. തഴുതാമ വീട്ടിലെ തൊടിയിലും പറമ്പിലും സുലഭമായി കാണുന്ന ചെടിയാണ്‌. ഇതുവച്ച്‌ തോരന്‍ ഉണ്ടാക്കാം. 

എന്തൊക്കെ ഉണ്ടെങ്കിലും അച്ചാറില്ലാതെ എന്ത്‌ സദ്യ അല്ലേ. ഇക്കുറി വാഴപ്പിണ്ടി കൊണ്ട്‌ അച്ചാറിട്ട്‌ നോക്കാം. ആരോഗ്യം കൂടെക്കൂടും.

ഇഞ്ചിയും മാങ്ങയും ചേര്‍ത്ത്‌ ഒരു ചമ്മന്തി കൂടിയാകാം. 

ഇതൊക്കെയാണ്‌ ആയുര്‍വേദം അനുശാസിക്കുന്ന സദ്യ വിഭവങ്ങള്‍. എന്നുവച്ച്‌ സദ്യയിലെ സ്ഥിര വിഭവങ്ങള്‍ മോശമാണെന്നല്ല പറയുന്നത്‌. 

സാമ്പാര്‍ പച്ചക്കറികളും പരിപ്പും ചേര്‍ന്ന പോഷക ആഹാരം ആണ്. ഇതില്‍ ചേര്‍ക്കുന്ന മല്ലി പ്രമേഹ മരുന്നാണ്. കായം വയറിന്റെ ആരോഗ്യത്തിനും നല്ലത്.  പലതരം പച്ചക്കറികളുടെ ഒരു ചേരുവയാണ് സാമ്പാര്‍.  ഇതുകൊണ്ടുതന്നെ ഇവയിലെ പോഷകാംശങ്ങള്‍ ശരീരത്തിന് ലഭ്യമാവുകയും ചെയ്യും.

നമ്മുടെ അവിയല്‍ ചില്ലറക്കാരനല്ല. അമിതവണ്ണം കുറയ്‌ക്കാനും ഗര്‍ഭിണികളുടെ ആരോഗ്യത്തിനും ഹൃദ്രോഗികള്‍ക്കും അവിയല്‍ അത്യുത്തമം. 

കാന്‍സര്‍ രോഗികള്‍, ഹൃദ്രോഗികള്‍, അല്‍സ്‌ഹൈമേഴ്‌സ്‌ ഉള്ളവര്‍, 

പ്രമേഹരോഗികള്‍ ആമാശയ വ്രണങ്ങളുള്ളവര്‍ എന്നിവര്‍ കാബേജ്‌ തോരന്‍ നിര്‍ബന്ധമായും കഴിക്കണം. 

ഡ്രഗ്‌ അഡിക്ഷന്‍ മാറ്റാനും കൃമിശല്യം മാറ്റാനും ഓലന്‍, ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന വിഭവം ആണ് രസം. പ്രൊട്ടീന്റെ കലവറ ആണ് കൂട്ടുകറി. മാനസിക ആരോഗ്യത്തിനു കാളൻ അഥവാ പുളിശ്ശേരി. 

ഇത്രയൊക്കെയാണ്‌ ഈ ഓണസദ്യയ്ക്ക് ഇലയിടുമ്പോള്‍ ഓര്‍ക്കേണ്ടത്. അപ്പോള്‍ ഈ ഓണം ആരോഗ്യത്തോടെ ആഘോഷിക്കാം. ‘ഹെല്‍ത്തി’ ഓണാശംസകള്‍. ഓണം കഴിഞ്ഞും ആരോഗ്യവും പ്രതിരോധവും മുഖ്യമാകട്ടെ.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...