സ്വന്തം രാജ്യം; സ്വർണ കറൻസി; യുവതികളുടെ വൻനിര; ആ ലോകം: വിഡിയോ

nithyantha-life-story
SHARE

കേവലം മണ്ടത്തരങ്ങൾ മാത്രം പറയുന്ന കോമാളി എന്ന മുഖമാണ് നിത്യാനന്ദ എന്ന വിവാദ ആൾദൈവത്തിന് പലരും കൽപ്പിച്ച് നൽകുന്നത്. എന്നാൽ വർഷങ്ങൾ കൊണ്ട് അയാൾ ചെയ്തുകൂട്ടിയ ക്രൂരതകൾ ആരെയും അമ്പരപ്പിക്കുന്നതാണ്. ഒടുവിൽ ഇന്റ്ർപോൾ വരെ തിരയുന്ന കുറ്റവാളിയായ നിത്യാനന്ദ സ്വന്തം റിസർവ് ബാങ്കും സ്വർണത്തിൽ നിർമിച്ച കറൻസിയും പ്രഖ്യാപിച്ചു.  കൈലാസിയൻ ഡോളർ എന്ന് അറിയപ്പെടുന്ന ഒരു കറൻസി 11.66 ഗ്രാമോളം സ്വർണത്തിലാണ് നിർമിക്കുന്നത് എന്ന് നിത്യാനന്ദ വ്യക്തമാണ്. ലോകത്തെ തന്നെ വെല്ലുവിളിക്കുന്ന നിത്യാനന്ദയുടെ ജീവിതകഥ കാണാം. 

എന്തും ചെയ്യാൻ മടിക്കാത്ത വെറും കട്ട ലോക്കലാണ് ‍ഞാനെന്ന് ചിരിച്ചോണ്ട് പറയുന്ന സന്ന്യാസി. ശാസ്ത്രം തോറ്റൊളിക്കുന്ന മണ്ടത്തരങ്ങളുടെ കേന്ദ്രം. മാനസിക സമ്മർദം കുറയ്ക്കാൻ തമിഴ് കലർന്ന ഇയാളുടെ ഇംഗ്ലീഷ് പ്രസംഗങ്ങൾ ഉപകരിക്കുമെന്നാണ് കണ്ടവരുടെ കമന്‍റുകള്‍. ഇയാൾ പറയുന്നതും ചെയ്യുന്നതും എല്ലാം സാമാന്യബുദ്ധിക്ക് നിരക്കാത്തത് ആയിട്ടും ഇയാളെ കേൾക്കാൻ, ഇയാളെ പിന്തുടരാൻ ജനലക്ഷങ്ങൾ ഒഴുകിയെത്തി. ഇവിടുത്തെ നിയമവും നിയമപാലകരും ജനപ്രതിനിധികളും അയാളുടെ വിടുവായത്തത്തിന് സല്യൂട്ട് അടിച്ചു. ഇന്ന് ഇന്റ്ർപോൾ വരെ തിരയുന്ന കുറ്റവാളിയായിട്ടും അയാൾ സ്വന്തമായി തുടങ്ങിയ രാജ്യത്തിരുന്ന് തുടങ്ങാൻ പോകുന്ന റിസർവ് ബാങ്കിനെ പറ്റിയും അവിടെ സ്വന്തം പടമുള്ള കറൻസിയെ പറ്റിയും ഒരു കൂസലുമില്ലാതെ ലോകത്തോട് സംസാരിക്കുന്നു. ആരാണ് ഈ നിത്യാനന്ദ പരമശിവം..?

2000ലാണ് നിത്യാനന്ദ ആശ്രമം തുടങ്ങുന്നത്. അതിന് മുൻപ് തന്നെ വാർത്തകളിൽ ഇടം പിടിച്ച മനുഷ്യൻ. കുഞ്ഞുങ്ങളില്ലാത്ത സ്ത്രീക്ക് സ്വാമി പൂജിച്ച് നൽകിയ പൈനാപ്പിൾ കഴിച്ചതോടെ ഗർഭം ധരിക്കാനായി. അവർ അമ്മയായി. ഈ വാദങ്ങളോടെയാണ് നാലാളുടെ ഇടയിൽ നിത്യാനന്ദ പേരുകാരനായത്. പിന്നെ 20 വർഷം കൊണ്ട് അമ്പരപ്പിക്കുന്ന വളർച്ച. കോടാനുകോടിയുടെ സമ്പാദ്യം. ടൺ കണക്കിന് സ്വർണവും വെള്ളിയും ആഭരണങ്ങളും. 50 രാജ്യങ്ങളിലായി ആശ്രമങ്ങളും പിന്തുടർച്ചക്കാരും ഉണ്ടെന്ന അവകാശവാദവും.

കണ്ണടച്ച് തുറക്കും മുൻപുള്ള ഈ വളർച്ചയ്ക്ക് പറയാൻ അത്ര സുഖമല്ലാത്തൊരു ഭൂതകാലമുണ്ട് നിത്യാനന്ദയ്ക്ക്. ഞാൻ പോയിടത്തുനിന്നൊക്കെ എന്നെ അടിച്ചോടിക്കാതിരുന്നെങ്കിൽ ‍ഞാൻ ഇങ്ങനെ ആകുമായിരുന്നോ എന്ന് ഒരിക്കൽ അയാൾ തന്നെ ചോദിച്ചിട്ടുണ്ട്. കുപ്രസിദ്ധിയിലൂടെ നേടിയ ഒരു അതിപ്രശസ്തിയുടെ കഥ.

തമിഴ്നാട്ടിലെ തിരുവണ്ണാമലൈയ്ക്കടുത്തുള്ള കീഴ്ക്കച്ചിറാപ്പട്ട് എന്ന സ്ഥത്ത് 1977ലാണ് നിത്യാനന്ദയുടെ ജനനം. രാജശേഖരൻ എന്നാണ് അച്ഛനും അമ്മയും നൽകിയ പേര്. ഒരു ഇടത്തരം കുടുംബത്തിൽ ജനിച്ച രാജശേഖറിനു സ്കൂളിൽ പോകാൻ താൽപര്യമുണ്ടായിരുന്നില്ല. ചെറുപ്പം മുതലെ ആത്മീയതയോടാണ് താൽപര്യം. എങ്ങനെയും സന്ന്യാസിയാകണം എന്നാതായിരുന്നു അയാളുടെ ചിന്ത. വീട്ടിൽകഴിയുന്നതിനെക്കാൾ കൂടുതൽ ക്ഷേത്രങ്ങളുടെ പരിസരത്ത് കഴിയാനായിരുന്നു െകാതി.

തിരുവണ്ണാമലൈയിലെത്തുന്ന സന്ന്യാസിമാർ അയാളിൽ വലിയ സ്വാധീനം ചെലുത്തി. അങ്ങനെ 1995 സന്ന്യാസം സ്വീകരിക്കാൻ ചെന്നൈയിലെ രാമകൃഷ്ണ മഠത്തിൽ എത്തി രാജശേഖരൻ. പത്തുവർഷം അവിടെ നിന്നു പഠിച്ചെങ്കിൽ മാത്രമേ സന്ന്യാസം സ്വീകരിക്കാൻ സാധിക്കൂ എന്ന് മനസിലാക്കിയ രാജശേഖരൻ, നാലുവർഷം കൊണ്ട് പഠനം നിർത്തി മടങ്ങി. പിന്നീട് ജിവിക്കാൻ പല പണികൾ ചെയ്തു. എന്നിട്ടും തൃപ്തി വരാതെ ആത്മീയ വഴിയിലേക്ക് തന്നെ തിരിച്ചെത്തി. പവിഴക്കുണ്ട് മലയിൽ സ്ത്രീകൾ നടത്തുന്ന ആശ്രമത്തിൽ ചേർന്നു. അവിടെ സ്ഥിരം തലവേദനകൾ ഉണ്ടാക്കി. ഒടുവിൽ ചതിയിലൂടെ ആശ്രമം തന്നെ കൈക്കലാക്കും എന്ന സ്ഥിതി വന്നതോടെ അയാളെ

അവിടെ നിന്നും ആട്ടിപ്പായിച്ചു. പിന്നീട് ആത്മീയ പ്രഭാഷണവും രോഗസൗഖ്യവുമായി മധുരൈയുടെ തെരുവിലേക്ക്. അവിടെ നിന്ന് ബെംഗളൂരുവിലെ ഒരു ചെട്ടിയാരുടെ രോഗം സുഖപ്പെടുത്താൻ പോയ നിത്യാനന്ദയുടെ ജീവിതം അവിടെ മുതൽ മാറി മറിഞ്ഞു.

2000ൽ ആശ്രമം തുടങ്ങിയ നിത്യാനന്ദ പ്രശസ്തനാകുന്നത് 2010 ലാണ്. ഒരുകാലത്ത് തെന്നിന്ത്യൻ താരസുന്ദരിയായിരുന്ന നടി രഞ്ജിതയുമായുള്ള കിടപ്പറ ദൃശ്യങ്ങൾ പുറത്തുവന്നതായിരുന്നു അയാളുടെ ജീവിതത്തിലെ രണ്ടാമത്തെ വഴിത്തിരിവ്. എന്നാൽ ആ വർത്തകൾ ദോഷത്തേക്കാൾ ഏറെ നിത്യാനന്ദയ്ക്ക് ഗുണം ചെയ്തുവെന്ന് ചരിത്രം തെളിയിക്കുന്നു. പിന്നീടങ്ങോട്ട് തോഴിമാരായ പെൺകുട്ടികളുടെയും സ്ത്രീകളുടെയും ഇടയിൽ നിറയുന്ന നിത്യാനന്ദയെയാണ് കണ്ടത്. ഗ്രാഫിക്സിന്റെ സഹായത്തോടെ ഇയാൾ കാട്ടുന്ന കോപ്രായങ്ങൾ സമൂഹമാധ്യമങ്ങളിൽ കാഴ്ചക്കാരുടെ എണ്ണം ലക്ഷങ്ങളാക്കി. അങ്ങനെ ഡിജിറ്റൽ ലോകത്ത് നിത്യാനന്ദ നിറഞ്ഞോടി. ലൈംഗികതയ്ക്കുള്ള സമ്മതപത്രം ഒപ്പിട്ടുവാങ്ങിയ ശേഷം മാത്രമാണു യുവതികളെ ആശ്രമത്തിൽ  പ്രവേശിപ്പിച്ചിരുന്നത്. താന്ത്രിക് സെക്സ് അടക്കമുള്ള സങ്കേതങ്ങളിലൂടെ ആത്മീയവും ശാരീരികവുമായ ഉണർവാണു താൻ ഭക്തർക്കു നൽകുന്നതെന്നായിരുന്നു നിത്യാനന്ദയുടെ വാദം.

എപ്പോഴും സുന്ദരികളായ പെൺകുട്ടികളെയും സ്ത്രീകളെയും ഒപ്പം നിർത്തി മഠത്തിലേക്ക് ഇയാൾ പൊതുജനങ്ങളെ ആകർഷിച്ചു. നെഗറ്റീവ് പബ്ലിസിറ്റി മുതലെടുത്ത് കൊണ്ടുള്ളതായിരുന്നു മുന്നോട്ട് പോക്ക്. അപ്പോഴും ആശ്രമത്തിനുള്ളിൽ നടക്കുന്ന കാര്യങ്ങൾ അതീവരഹസ്യമായി തുടർന്നു. പീഡനങ്ങളും സാമ്പത്തിക തട്ടിപ്പുകളും കൊലപാതകങ്ങളും അടക്കം ആരെയും നടക്കുന്ന കാര്യങ്ങൾ ആശ്രമത്തിനുള്ളിൽപതിവായി. കൂടെ നിന്നവർ തന്നെ ശത്രുവായതോടെയാണ് നിത്യാനന്ദയുടെ യഥാർഥ മുഖം ലോകം അറിഞ്ഞുതുടങ്ങിയത്.

എണ്ണിയെണ്ണി പറയാൻ തക്ക വണ്ണമുണ്ട് ആ മണ്ടൻ ചിരിക്ക് പിന്നിലെ ക്രൂരതകളെ കുറിച്ച്. ഇതിനെല്ലാം കുടപിടിച്ചത് ര‍ഞ്ജിതയാണെന്ന ആരോപണവും അക്കാലത്ത് ശക്തമായി. ശ്രീവള്ളി എന്ന പെൺകുട്ടി 1992ൽ സിനിമയിൽ എത്തിയതോടെ രഞ്ജിതയായത്. പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതത്തിന് ശേഷം നിത്യാനന്ദയുടെ ആശ്രമത്തിലെത്തി താരം മാ നിത്യാനന്ദ മയി എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.പിന്നീടങ്ങോട്ട് അവിടെ നടന്ന കാര്യങ്ങളിൽ കേട്ടാൽ ആരും നടുങ്ങിപ്പോകും.

അക്കൂട്ടത്തിൽ ചിലത് എടുത്തുപറയണം. ആശ്രമത്തിലെ അന്തേവാസിയായി ജീവിക്കാൻ പോയ മകളുടെ ശവശരീരം ഏറ്റുവാങ്ങേണ്ടി വന്ന ഝാൻസി റാണി എന്ന അമ്മയുടെ വാക്കുകൾ മാത്രം മതി, ആശ്രമം എന്നല്ല പേരിൽ ക്രൂരത നിറഞ്ഞാടുന്ന തടവറയാണ് അതെന്ന് മാറ്റിപ്പറയാൻ.  നിത്യാനന്ദയും നടി രഞ്ജിതയും തമ്മിലുള്ള വിവാദ വിഡിയോ പുറത്തുവന്നതിനു പിന്നിൽ മകളാണെ സംശയമാണ് അവളുടെ മരണത്തിലേക്ക് തന്നെ നയിച്ചതെന്ന് ഈ അമ്മ പറയുന്നു. ഹൃദയാഘാതം വന്ന് മകൾ മരിച്ചുവെന്ന് ആശ്രമത്തിൽ നിന്നും അമ്മയെ അറിയിച്ചു. ബെംഗളൂരുവിലെ ആശ്രമം തന്നെ മുൻകൈയ്യെടുത്ത് പോസ്റ്റ്മോർട്ടം നടത്തി വിട്ടുകൊടുത്ത മൃതദേഹം നാട്ടിലെത്തിയ ശേഷം അമ്മയുടെ നിർബന്ധപ്രകാരം വീണ്ടും പോസ്റ്റ്മോർ‌ട്ടം ചെയ്തു.  അപ്പോഴാണ് മകളുടെ മൃതേദഹത്തനുള്ളിൽ ആന്തരിക അവയവങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല എന്ന് തിരിച്ചറിഞ്ഞത്. മകളുടെ മരണം കൊലപാതകമാണെന്ന് തെളിയിക്കാൻ ഈ അമ്മ ഇപ്പോഴും പോരാട്ടം തുടരുകയാണ്.

2004 മുതൽ 2009 വരെ ശിഷ്യയായിരുന്ന ഒരു യുവതിയുടെ വെളിപ്പെടുത്തലാണു നിത്യാനന്ദയുടെ സാമ്രാജ്യത്തിന്റെ അടിത്തറ ആദ്യം ഇളക്കിയത്. നാൽപതോളം തവണയാണ് അയാൾ തന്നെ ബലാത്സംഗത്തിന് ഇരയാക്കിയെന്ന് യുവതി വെളിപ്പെടുത്തി. പരാതിപ്പെട്ടതോടെ ഇവർക്ക് നേരേ വധശ്രമങ്ങളും രൂക്ഷമായ സൈബർ ആക്രമണവും. നിത്യാനന്ദയുടെ ഡ്രൈവർ ആയിരുന്ന ലെനിൻ കറുപ്പൻ നൽകിയ സൂചനകളും നിത്യാനന്ദയ്ക്കെതിരെ അന്ന് കുരുക്ക് മുറുക്കി. അങ്ങനെ വിവാദങ്ങളുടെ പടുകുഴിയിലേക്ക് നിത്യാനന്ദ എടുത്തെറിയപ്പെട്ടു.

ഇതിനൊപ്പം 2008 മുതൽ 2018 വരെ നിത്യാനന്ദയ്ക്കൊപ്പം ഉണ്ടായിരുന്ന വിജയകുമാർ എന്ന യുവാവിന്റെ വെളിപ്പെടുത്തൽ പ്രകൃതി വിരുദ്ധ പീഡനങ്ങളിലേക്ക് വരെ കാര്യങ്ങൾ എത്തിച്ചു. ‘അമ്പരപ്പിക്കുന്ന വാക്സാമാർഥ്യമാണ് അയാൾക്ക്. ആരും വീണുപോകും. ഞാനും അങ്ങനെ വീണതാണ്. അവിടെയുള്ള സത്രീകളിൽ പലരും നിത്യാനന്ദയോട് അപൂർവമായ പ്രണയം കാത്തുസൂക്ഷിക്കുന്നവരാണ്. എന്നോട് എന്താണ് അദ്ദേഹം ഇഷ്ടമാണെന്ന് പറയാത്തതെന്ന് വരെ ചിന്തിക്കുന്ന പെൺകുട്ടികളുണ്ട് അവിടെ. ആശ്രമത്തിൽ അമാവാസി ദിനത്തിൽ ഒരു

പ്രത്യേകതരം മരുന്ന് നിത്യാനന്ദ തന്നെ തയാറാക്കി നൽകാറുണ്ട്. അത് കഴിച്ചാൽ അയാളോട് വിധേയത്വം കൂടും. കോടിക്കണക്കിന് സ്വത്ത് ആശ്രമത്തിന് എഴുതി വച്ച് കുടുംബസമേതം അവിടെ താമസിക്കുന്ന ഒരുപാട് പേരുണ്ട്. മോഡലുകളെ നിരത്തി പരസ്യം ചെയ്യുന്ന പോലെയാണ് സുന്ദരിമാരായ പെൺകുട്ടികളെ കാണിച്ച് ആളുകളെ വശീകരിക്കുന്നത്. പരുഷൻമാർ വരെ അവിടെ ലൈംഗിക പീഡനത്തിന് ഇരയാകുന്നുണ്ട്.’ വിജയകുമാർ മാധ്യമങ്ങളോട് നടത്തിയ ഈ വെളിപ്പെടുത്തൽ നിത്യാനന്ദ എന്ന മഞ്ഞുമലയുടെ ഒരറ്റം മാത്രമായിരുന്നു.

ഇത്രയൊക്കെ കോളിളക്കം ഉണ്ടായിട്ടും നിത്യാനന്ദയുടെ രോമത്തിൽ പോലും െതാടാൻ ആർക്കും കഴിഞ്ഞില്ല. ഒടുവിൽ തന്റെ രണ്ടു പെൺമക്കളെ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് നിത്യാനന്ദയുടെ അനുയായി കൂടിയായിരുന്ന വ്യക്തി നൽകിയ പരാതി വിവാദ ആൾദൈവത്തെ കുടുക്കി.

2013ലാണ് പരാതിക്കാരനും കുടുംബം ആശ്രമത്തിലെത്തുന്നത്. പിന്നീട് ഇയാളുടെ രണ്ടു പെൺമക്കൾ ആശ്രമത്തിലെ പ്രധാനപ്പെട്ട ചുമതലകളിൽ എത്തി. ആത്മീയ വിഷയങ്ങളിലും സാമൂഹിക പ്രശ്നങ്ങളിലും ഇൗ രണ്ടുപെൺകുട്ടികളും സജീവമായി. ആശ്രമത്തിൽ നിന്നും പുറത്തുവരുന്ന വിഡിയോകളിൽ ഇവരുടെ വാക്കുകൾ നിറഞ്ഞു.  മൂന്നാം കണ്ണ് എന്ന വരം ലഭിച്ചെന്നും എക്റേയോ സ്കാനിങ്ങോ എടുക്കാതെ ശരീരത്തിനുള്ളിലെ പ്രശ്നങ്ങൾ പറഞ്ഞുകൊടുക്കാമെന്ന അവകാശവാദവും ഇൗ പെൺകുട്ടികൾ ഉന്നയിച്ചു. ഫോട്ടോ അയച്ചുകൊടുത്താൽ അതുനോക്കി എല്ലാ ആരോഗ്യപ്രശ്നങ്ങളും പറയും എന്നായിരുന്നു അവകാശവാദം. അങ്ങനെ

മുന്നോട്ടുപോകുമ്പോഴാണ് പെൺകുട്ടികളുടെ അച്ഛൻ നിത്യാനന്ദയ്ക്ക് എതിരെ രംഗത്തുവന്നത്. മക്കളെ തടവിൽ പാർപ്പിച്ചിരിക്കുന്ന പരാതിയും പീഡന ആരോപണങ്ങളും പോക്സോ അടക്കമുള്ള വകുപ്പുകളും ചേർത്ത് നിയമപോരാട്ടം തുടങ്ങി. എന്നാൽ അപ്പോഴും ഈ പെൺകുട്ടികൾ അച്ഛനെ തള്ളി നിത്യാനന്ദയെ പിന്തുണച്ചു. ഈ വിവാദം കത്തിനിൽക്കുമ്പോഴാണ് നിത്യാനന്ദ ഒളിവിൽ പോകുന്നത്.

നിത്യാനന്ദ എവിടെ എന്ന ചോദ്യം മാധ്യമങ്ങളും പൊതുജനങ്ങളും ഉയർത്തി അപ്പോഴല്ലാം കൈമലർത്തി അധികൃതർ മൗനം പാലിച്ചു. പ്രതിഷേധം ശക്തമായതോടെ പ്രതികരണങ്ങളുണ്ടായി. 2018 സെപ്റ്റംബറിൽ അവസാനിച്ചതാണു നിത്യാനന്ദയുടെ പാസ്‌പോർട്ടിന്റെ കാലാവധി. പിന്നെ പുതുക്കി നൽകിയിട്ടില്ല. എന്നാൽ നിത്യാനന്ദയും സംഘവും ഇന്ത്യ വിട്ടെന്ന് ഗുജറാത്ത് പൊലീസ് റിപ്പോർട്ട് നൽകി. എവിടെയ്ക്ക് പോയി എന്ന ചോദ്യം രാജ്യം ചോദിക്കുമ്പോഴാണ്. ഒരു ദ്വീപ് വാങ്ങി സ്വന്തമായി ഹിന്ദു രാഷ്ട്രം സ്ഥാപിച്ചെന്ന കൗതുക വാർത്ത പുറത്തുവന്നത്.

മധ്യ ലാറ്റിനമേരിക്കയിലെ ഇക്വഡോറിനു സമീപത്തുള്ള ദ്വീപുകളിലൊന്ന് നിത്യാനന്ദ വാങ്ങി കൈലാസ എന്ന പേരിൽ രാജ്യമാക്കിയെന്നായിരുന്നു ആ വാർത്തകൾ. കൈലാസത്തിനു സ്വന്തമായി പാസ്പോർട്ടും പതാകയും ദേശീയ ചിഹ്നവുമെല്ലാമായിരാജ്യത്തിന്റെ വെബ്സൈറ്റും ആരംഭിച്ചു. ഇംഗ്ലിഷും സംസ്കൃതവും തമിഴുമായിരിക്കും രാജ്യത്തെ ഭാഷകൾ. പരമശിവൻ, പരാശക്തി, നന്ദി എന്നിവയായിരിക്കും രാജ്യത്തിന്റെ ഔദ്യോഗിക ചിഹ്നങ്ങൾ. ഇതോടൊപ്പം നിത്യാനന്ദ പരമശിവം എന്ന പേരും ചിഹ്നമായിവെബ്സൈറ്റിൽ ചേർത്തിട്ടുണ്ട്. ആശ്രമത്തിൽ ഭക്തർ നിത്യാനന്ദയ്ക്കു തുലാഭാരം നടത്താനായി കൊണ്ടു വന്ന ആറു ടണ്ണോളം സ്വർണവും കൈലാസത്തിലെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുവെന്ന വാർത്തകളും പരന്നു.

എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കുന്ന തരത്തിൽ ഒരു തെളിവുകളും ഇതുവരെ ലഭിച്ചിട്ടല്ല. നിത്യാനന്ദയെക്കുറിച്ച് എന്തെങ്കിലും വിവരമുണ്ടെങ്കിൽ അറിയിക്കാൻ വിദേശരാജ്യങ്ങളിലെ സർക്കാരുകൾക്കു കേന്ദ്രസർക്കാർ നിർദേശം നൽകിയിരുന്നു. ഇയാളുടെ പാസ്പോർട്ടും റദ്ദാക്കി. ഇതിനൊപ്പം ഇന്റർപോൾ ബ്ലൂകോർണർ നോട്ടീസ് പുറപ്പെടുവിച്ചു.

എന്നാൽ ഇതിനെയെല്ലാം വെല്ലുവിളിച്ച് കൊണ്ട് നിരന്തരം ഫെയ്സ്ബുക്കിലും യൂട്യൂബിലും അടക്കം നിത്യാനന്ദയുെട വിഡിയോകൾ എത്തുന്നു. ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലെ ഒരു ദ്വീപാണ് കൈലാസ രാജ്യം എന്ന പേരിൽ നിത്യാനന്ദ  മാറ്റിയതെന്ന റിപ്പോർട്ടുകൾ പിന്നാലെ വന്നു. കാണാതായ പെൺകുട്ടികളും മറ്റുള്ളവരും ഇയാൾക്കൊപ്പം ഉണ്ടെന്നും കൈലാസ രാജ്യത്തിന്റെ ഭരണച്ചുമതലകൾ ഇവർ

നിർവഹിക്കുന്നതായും വാർത്ത വന്നു. ഇന്റർപോൾ അടക്കം വല വിരിച്ച ഒരു വ്യക്തിയാണ് സമൂഹമാധ്യമങ്ങളിൽ ഇങ്ങനെ നിറഞ്ഞുനിന്ന് വെല്ലുവിളിക്കുന്നത് എന്നത് വിചിത്രമായ കാഴ്ചയാണ്. അപ്പോഴും എവിടെയാണ് നിത്യാനന്ദ എന്ന ചോദ്യത്തിന് അദ്ദേഹം ‘ആത്മീയയാത്രിയലാണെന്നാണ് ഹൈക്കോടതിയിൽ കർണാടക പൊലീസ് വ്യക്തമാക്കിയത്.

ഒടുവിൽ ഇപ്പോഴിതാ സ്വന്തമായി റിസർവ് ബാങ്കും സ്വന്തം പടമുള്ള നോട്ടും അച്ചടിച്ച് ഈ മാസം തന്നെ പ്രവർത്തനം ആരംഭിക്കുമെന്ന് അവസാനം പങ്കുവച്ച വിഡിയോയിൽ ഇയാൾ വ്യക്തമാക്കുന്നു. രാജ്യത്തിന്റെ സാമ്പത്തിക നയവും പുറം രാജ്യങ്ങളുമായുള്ള വിനിമയങ്ങളും അടക്കമുള്ള കാര്യങ്ങൾ ഗണേശ ചതുർഥി ദിനത്തില്‍ പ്രഖ്യാപിക്കുമെന്നാണ് അവസാന അറിയിപ്പ്.

ഇങ്ങനെ ലോകത്തെ നോക്കി വെല്ലുവിളിക്കാൻ ഒരു സ്വയം പ്രഖ്യാപിത ആൾദൈവത്തിന് കഴിയുന്നെങ്കിൽ അത് അയാളുടെ മിടുക്കല്ല. നമ്മുടെ ഭരണകൂടങ്ങളുടെ കഴിവുകേടാണ്. കേവലം ഒരു സാധാരണക്കാരനായ, മതിയായ വിദ്യാഭ്യാസം പോലുമില്ലാത്ത രാജശേഖരൻ എന്ന നിത്യാനന്ദ പരമശിവനെ ഇങ്ങനെയാക്കി മാറ്റിയതിന് പിന്നിൽ ആരാണ്? ഇയാളുടെ ഈ മുഖത്തിന് പിന്നിൽ ഇയാളെ തന്നെ നയിക്കുന്ന ശക്തി

ആരാണ്. എല്ലാം ഇപ്പോഴും ചോദ്യങ്ങളായി അവശേഷിക്കുന്നു. ഇന്ത്യയിൽ തന്നെ ഇരുന്നുകൊണ്ടാണോ നിത്യാനന്ദ ഇതെല്ലാം കാട്ടിക്കൂട്ടുന്നത് എന്ന ചോദ്യവും ശക്തമാവുകയാണ്. ഒന്നുമാത്രം പറയാം. ആരാണ്, എന്താണ് എവിടെയാണ്  നിത്യാനന്ദ എന്ന ചോദ്യത്തിന് കാലമെങ്കിലും ഉത്തരം തരട്ടേ... 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...