‘സന്തോഷമുണ്ട് പുട്ടേട്ടാ; ഇങ്ങള് കോടി പുണ്യമാണ് ..’; പുടിന്റെ പേജിലെത്തി മലയാളി

pudin-fb-page
SHARE

‘സന്തോഷം ഉണ്ട് പുട്ട് ഏട്ടാ.. ഒരുപാട് നന്ദി..പുട്ട് ഏട്ടാ കോടി പുണ്യമാണ് ഇങ്ങള്..’ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ പേരിലുള്ള ഫെയ്സ്ബുക്ക് പേജിൽ മലയാളികളുടെ നന്ദി പ്രസംഗം തകർക്കുകയാണ്. ഒട്ടേറെ പേരാണ് വാക്സിൻ പരീക്ഷിച്ചതിന് പിന്നാലെ അദ്ദേഹത്തിന് അഭിനന്ദനങ്ങളും ആശംസകളും അർപ്പിച്ച് രംഗത്തെത്തിയത്. ഞങ്ങൾക്കും തരണേ പുട്ടേട്ടാ.. എന്ന് സ്നേഹത്തോടെ അഭ്യർഥിക്കുന്നവരെയും കൂട്ടത്തിൽ കാണാം. 

ലോകത്തെ ആദ്യ കോവിഡ് വാക്‌സീനാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പുറത്തിറക്കിയത്. പുടിന്റെ മകള്‍ക്കാണ് ആദ്യ ഡോസ് വാക്‌സീന്‍ നല്‍കിയതെന്നാണു റിപ്പോര്‍ട്ട്. ഓഗസ്റ്റ് 12ന് വാക്‌സിന്‍ സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. വാക്‌സീന്റെ സുരക്ഷിതത്വത്തെക്കുറിച്ച് നിരവധി ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്.

അതേസമയം, ഒക്ടോബറിൽ രാജ്യത്ത് കൂട്ട വാക്സിനേഷൻ ക്യാംപെയ്ൻ നടപ്പാക്കാനൊരുങ്ങുകയാണ് റഷ്യ. നിലവിൽ ഗവേഷണത്തിലിരിക്കുന്ന വാക്സിനുകളിലൊന്ന് ക്ലിനിക്കൽ ട്രയൽ (മനുഷ്യരിലെ പരീക്ഷണം) വിജയകരമായി പൂർത്തിയാക്കിയ സാഹചര്യത്തിലാണു നടപടിയെന്ന് ആരോഗ്യമന്ത്രി മിഖായേൽ മുറാഷ്‌കോ കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. മോസ്‌കോയിൽ സർക്കാർ നിയന്ത്രണത്തിലുളള ഗാമലെയ ഇൻസ്റ്റിറ്റ്യൂട്ടിലാണ് വാക്സീന്റെ ക്ലിനിക്കൽ ട്രയൽ പൂർത്തിയായത്. 

വാക്സിൻ ഔദ്യോഗികമായി റജിസ്റ്റർ ചെയ്യാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായതോടെ ഇനി വാക്സിനേഷൻ നട‌പടിയിലേക്കു കടക്കും.

ഡോക്ടർമാർക്കും അധ്യാപകർക്കുമായിരിക്കും ആദ്യം വാക്സീൻ നൽകുക. റഷ്യ പ്രാദേശികമായി തയാറാക്കിയ ആദ്യ വാക്സീന് ഓഗസ്റ്റിൽ സർക്കാർ അനുമതി നല്‍കുമെന്ന് വാർത്താ ഏജൻസി റോയിട്ടേഴ്സ് നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. ഓഗസ്റ്റ് 12നായിരിക്കും ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനമെന്നു പറഞ്ഞിരുന്നെങ്കിലും 11നു തന്നെ പുടിൻ പ്രഖ്യാപിക്കുകയായിരുന്നു. ആരോഗ്യ പ്രവർത്തകർക്കായിരിക്കും ആദ്യഘട്ടത്തിൽ ഇതു നല്‍കുക. ശക്തികുറഞ്ഞ വൈറസുകളെ ശരീരത്തിൽ കടത്തി രോഗപ്രതിരോധത്തിനുള്ള ആന്റിജൻ ഉൽപാദിപ്പിക്കുന്ന തരം വാക്സീനിലാണ് റഷ്യയുടെ പരീക്ഷണം.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...