ഒറ്റ രാത്രി കൊണ്ട് അന്ന് കോടിപതി; ഖനിത്തൊഴിലാളിക്ക് വീണ്ടും രത്നക്കല്ല്

mine-worker
SHARE

ഒറ്റ രാത്രികൊണ്ട് കോടിപതിയായി മാറിയ ടാൻസാനിയയിലെ ഖനിത്തൊഴിലാളിക്ക് വീണ്ടും രത്നക്കല്ല് ലഭിച്ചു. ജൂൺ ആദ്യമാണ് ഖനിയിൽ നിന്നും ലഭിച്ച രണ്ട് വലിയ ടാൻസാനൈറ്റ് രത്നക്കല്ലുകൾ സാനിനിയു ലൈസർ എന്ന ഖനിത്തൊഴിലാളിയുടെ തലവര മാറ്റിമറിച്ചത്. ഇപ്പോൾ വീണ്ടും രത്നക്കല്ലിന്റെ രൂപത്തിൽ  സാനിനിയുവിനെ ഭാഗ്യം തേടിയെത്തിയിരിക്കുകയാണ്. കിഴക്കൻ ആഫ്രിക്കയിൽ മാത്രം കാണപ്പെടുന്ന ഇരുണ്ട വയലറ്റ് നിറമുള്ള രത്നക്കല്ലുകളാണ് ടാൻസാനൈറ്റ്. 

ജൂണിൽ രണ്ട് വലിയ രത്നക്കല്ലുകളാണ് സാനിനിയുവിന് ഖനിയിൽ നിന്നും ലഭിച്ചത്. ഇതിൽ ഒരെണ്ണത്തിന് 9.27 കിലോഗ്രാം ഭാരവും മറ്റൊന്നിന് 5.8 കിലോഗ്രാം ഭാരവുമുണ്ടായിരുന്നു. ഇപ്പോൾ കിട്ടിയ രത്നക്കല്ലിന് 6.3 കിലോഗ്രാം തൂക്കമുണ്ട്. ഖനിയുടെ ചരിത്രത്തിലാദ്യമായിട്ടാണ് ഇത്രയും വലിയ രത്നക്കല്ലുകൾ ഇവിടെനിന്നു കണ്ടെത്തുന്നതെന്ന് ഖനി മന്ത്രാലയത്തിന്റെ സെക്രട്ടറി അന്ന് വ്യക്തമാക്കിയിരുന്നു. ടാൻസാനിയ ഗവൺമെന്റ് ഖനിത്തൊഴിലാളിയായ സാനിനിയുവിന് 7.74 ബില്യൺ ടാൻസാനിയൻ ഷില്ലിങ് അഥവാ 25 കോടിയിലധികം ഇന്ത്യൻ രൂപയുടെ ചെക്കാണ് അന്ന് കൈമാറിയത്. 2 മില്യണിലധികം അതായത് ഏകദേശം 15 കോടിയോളം വിലമതിക്കുന്നതാണ് ഇപ്പോൾ ലഭിച്ച ടാൻസാനൈറ്റ് രത്നക്കല്ല്.

കഴിഞ്ഞ വർഷമാണ് ടാൻസാനിയയിലെ ഖനികളിൽ ജോലിചെയ്യുന്ന കൈത്തൊഴിലാളികൾക്ക് കിട്ടുന്ന രത്നങ്ങളും സ്വർണവും നേരിട്ടു ഗവൺമെന്റിന് കൈമാറാനായി വ്യാപാരശാലകൾ തുറന്നത്. 2018 ഏപ്രിൽ മാസത്തിലാണ് ഖനി പ്രവർത്തനമാരംഭിച്ചത്. അനധികൃത രത്നഖനനം തടയാനായാണ് ഖനി ആരംഭിച്ചതെന്ന് അന്ന് പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു. തുടർച്ചയായി ഭാഗ്യം കടാക്ഷിക്കുന്നതിന്റെ സന്തോഷത്തിലാണ് സാനിനിയു ലൈസർ. ഇനിയും തൊഴിൽ തുടരാൻ തന്നെയാണ് സാനിനിയുവിന്റെ തീരുമാനം. ഇപ്പോൾ കിട്ടിയ തുക കൊണ്ട് സമൂഹത്തിന് നന്മ ചെയ്യുകയാണ് ലക്ഷ്യം. ഇതിനോടകം തന്നെ സിമാൻജിറോ മേഖലയിൽ ഒരു സ്കൂളും ആശുപത്രിയും തുടങ്ങാനുള്ള ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു. രത്നങ്ങളുടെ ലഭ്യതയും പണവുമൊന്നും തന്റെ ജീവിതരീതികളെ മാറ്റിമറിച്ചിട്ടില്ലെന്നും സാനിനിയു ലൈസർ വ്യക്തമാക്കി.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...