തൊഴുത്തിൽ പശുവിന് പകരം കടുവ; കുതിച്ചെത്തി; ചൂലെടുത്ത് തല്ലി

tiger-07-08
SHARE

മുഖാമുഖം എത്തിയ കടുവയുടെ പിടിയിൽനിന്നു മാനന്തവാടി കാട്ടിക്കുളം കോണവയലിൽ കരിമ്പനക്കൽ അപ്പച്ചൻ രക്ഷപ്പെട്ടതു ഭാഗ്യത്തിന്റെ മാത്രം ആനുകൂല്യത്തിലാണ്. ഇന്നലെ പുലർച്ചെ പശുവിനെ കറക്കാൻ തൊഴുത്തിലെത്തിയപ്പോഴാണു കടുവയും കുതിച്ചെത്തിയത്. വന്ന വരവിൽ കറവയുള്ള പശുക്കളിലൊന്നിനെ കടിച്ചുകൊന്നു. അപ്രതീക്ഷിതമായി തൊട്ടുമുൻപിൽ കടുവയെ കണ്ട പരിഭ്രമത്തിൽ അപ്പച്ചൻ അലറിക്കരഞ്ഞ് ആല അടിക്കുന്ന ചൂലെടുത്തു കടുവയെ തല്ലി.

ശബ്ദം കേട്ട് ഓടിയെത്തിയ ഭാര്യ വത്സയും ബഹളം വച്ചതോടെ കടുവ ആലയുടെ ഒരു ഭാഗം തകർത്തു പുറത്തു ചാടുകയായിരുന്നു. തലനാരിഴയ്ക്കു ജീവൻ തിരിച്ചുകിട്ടിയ ആശ്വാസത്തിലാണ് അപ്പച്ചനും വത്സയും. ദിവസങ്ങളായി കോണവയൽ പ്രദേശത്തു കടുവയുടെ സാന്നിധ്യമുള്ളതായി നാട്ടുകാർ പറയുന്നു. പകൽപോലും കടുവ പുറത്തിറങ്ങുന്നതിനാൽ ജനം ഭയത്തോടെയാണു കഴിയുന്നത്. സ്ഥലത്തു പട്രോളിങ് നടത്തുന്ന വനപാലകരും പലപ്പോഴും കടുവയെ കണ്ടു.

2 മാസം മുൻപു ബാവലിയിൽ കട്ടക്കയം ഏലിയാമ്മയുടെ പശുവിനെ കടുവ കൊന്നിരുന്നു. തിരുനെല്ലി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വന്യമൃഗ ശല്യം രൂക്ഷമായി തുടരുകയാണ്. സംഭവ സ്ഥത്ത് എത്തിയ വനപാലകർ പശുവിന്റെ വില ഉടമയ്ക്കു നൽകാമെന്ന് ഉറപ്പു നൽകി. കാട്ടിക്കുളം വെറ്ററിനറി സർജൻ എത്തി പോസ്റ്റ്മോർട്ടം നടത്തി. തിരുനെല്ലി പൊലീസുകാരും തൃശ്ശിലേരി വില്ലേജ് ഓഫിസറും സ്ഥലത്തെത്തിയിരുന്നു. കടുവകളെ കൂടുവച്ചു പിടിച്ച് ഉൾവനത്തിൽ വിടാൻ ഇനിയും നടപടിയില്ലെങ്കിൽ ശക്തമായ സമരം നടത്തുമെന്ന് വന്യമൃഗശല്യ പ്രതിരോധ കർമസമിതി അറിയിച്ചു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...