അമ്മയോട് ദേഷ്യം; വിഷാദ രോഗമെന്ന് അറിഞ്ഞത് 15 വർഷം കഴിഞ്ഞ്: കുറിപ്പ്

humans-of-bombay-post
SHARE

ശരീരത്തിന് ഉണ്ടാകുന്ന മറ്റു രോഗങ്ങൾ പോലെത്തന്നെയാണ് മാനസിക പ്രശ്നങ്ങളും. എന്നാൽ പലരും അപമാനം ഭയന്ന് ചികിത്സ തേടാറില്ല. ചിലരാകട്ടെ അത് മാനസിക രോഗമാണെന്ന് പോലും തിരിച്ചറിയാറില്ല. സ്വന്തം അമ്മയുടെ വിഷാദ രോഗം എംബിബിഎസിനു പഠിക്കുമ്പോൾ മാത്രം തിരിച്ചറിഞ്ഞ ഒരു പെൺകുട്ടിയുടെ അനുഭവക്കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. അമ്മയ്ക്ക് ഉണ്ടായിരുന്ന അപൂർവ രോഗം വിഷാദമാണെന്ന് മകൾ തിരിച്ചറിഞ്ഞത് 15 വർഷങ്ങൾക്ക് ശേഷമാണ്. ഹ്യമൻസ് ഓഫ് ബോംബെ എന്ന പേജിലൂടെയാണ് പെൺകുട്ടി തന്റെ അനുഭവം കുറിച്ചത്.  

ഹ്യൂമൻസ് ഓഫ് ബോംബെ പങ്കുവച്ച കുറിപ്പ് വായിക്കാം; 

“ഒട്ടുമിക്ക കുട്ടികളും അവരുടെ അമ്മമാരുമായി ആഴത്തിലുള്ള അടുപ്പം ഉണ്ടാകും, എന്നാൽ ഞാനങ്ങനെയായിരുന്നില്ല. എനിക്ക് 10 വയസ്സുള്ളപ്പോഴാണ്, സ്‌കൂൾ വിട്ട് വീട്ടിലെത്തിയപ്പോൾ അമ്മ അവിടെ ഉണ്ടായിരുന്നില്ല. ചികിത്സയ്ക്കായി ഒരു പ്രത്യേക ആശുപത്രിയിലാണ് അമ്മയെന്ന് ഡാഡി എന്നോട് പറഞ്ഞു. കുറച്ചു ദിവസങ്ങൾക്ക് ശേഷം അമ്മയെ ചികിത്സിച്ചിരുന്ന ആശുപത്രിയിലേക്ക് ഞാൻ പോയി. ശൂന്യമായ ഇടനാഴികൾ... ഐസിയു യൂണിറ്റുകൾ, ഓക്സിജൻ സിലിണ്ടറുകൾ ഒന്നുമില്ല. ആകെയുണ്ടായിരുന്നത്‌ കിടക്ക, അത് മാറ്റിവച്ചാൽ അമ്മയുടെ മുറി പൂർണ്ണമായും ശൂന്യമായിരുന്നു.അമ്മ എന്നെ കണ്ടപാടെ കെട്ടിപ്പിടിച്ചു.

വളരെക്കാലമായി അമ്മ രോഗിയായിരുന്നു. പലപ്പോഴും ദേഷ്യം വരും, ശപിക്കുകയും തറയിലേക്ക് പ്ലേറ്റുകൾ എടുത്തെറിയുകയും ചെയ്യും. വീട്ടിൽ വന്നതിനുശേഷം അമ്മ മരുന്ന് കഴിക്കുകയും കുറേ കരയുകയും ചെയ്തു. വിളിക്കുമ്പോൾ മുത്തശ്ശിയോട് പറയും, ‘എനിക്ക് ഇവിടെ സന്തോഷമില്ല. എന്നെ കൂട്ടിക്കൊണ്ടുപോകുക.’ ചില സമയങ്ങളിൽ അമ്മയുടെ അവസ്ഥ വളരെ മോശമായിത്തീർന്നു. 

മിക്കപ്പോഴും അമ്മ മറ്റൊരു മാനസിക അവസ്ഥയിലായിരിക്കും. ഒരിക്കൽ ഞാൻ ഒരു നൃത്ത മത്സരത്തിൽ പങ്കെടുത്തു. മറ്റേതൊരു കുട്ടിയേയും പോലെ ആവേശത്തോടെ ഞാനത് അമ്മയോട് പറഞ്ഞു. പക്ഷേ, അമ്മയിൽ നിന്ന് ഒരു പ്രതികരണവും ഉണ്ടായില്ല. അതോടെ അമ്മയോട് കാര്യങ്ങൾ പറയുന്നത് ഞാൻ നിർത്തി.

എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല. ഞാൻ ചെറിയ കുട്ടിയായിരുന്നു. ആരും ഇതിനെക്കുറിച്ച് സംസാരിച്ചില്ല. അതുകൊണ്ടുതന്നെ അമ്മയ്ക്ക് ഒരു ‘രോഗം’ ഉണ്ടെന്നും അത് ഒടുവിൽ സുഖം പ്രാപിക്കുമെന്നും ഞങ്ങൾ വിശ്വസിച്ചുവന്നു. ഞാൻ പലപ്പോഴും അമ്മയോട് ദേഷ്യപ്പെടുകയും അവരെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. പക്ഷേ, അപ്പോഴെല്ലാം ഡാഡി എന്നെ ശാന്തയാക്കി, ‘അവളോട് ക്ഷമയോടെയിരിക്കുക’ എന്ന് പറഞ്ഞു.

എന്റെ എം‌ബി‌ബി‌എസ് പഠന സമയത്താണ് അമ്മയ്ക്ക് വിഷാദമുണ്ടെന്ന് മനസ്സിലായത്. ഞാൻ സൈക്യാട്രി പഠിച്ചു. വിഷാദരോഗത്തിന്റെ എല്ലാ ലക്ഷണങ്ങളും അമ്മയ്ക്ക് ഉണ്ടായിരുന്നു. എന്തുകൊണ്ടാണ് ഇത്രയും കാലം ഇതെന്നോട് മറച്ചു വച്ചതെന്ന് ഞാൻ ഡാഡിയോടു ചോദിച്ചു. ‘ഞങ്ങൾക്കും ഇത് മനസ്സിലായില്ല. പിന്നെ എന്താണ് നിന്നോട് പറയുക?’ എന്ന് ഡാഡി ചോദിച്ചു. അതിനുശേഷം, അമ്മ എന്തുകൊണ്ടാണ് ഇങ്ങനെയെന്ന് എനിക്ക് മനസ്സിലായി. ഒപ്പം ഞങ്ങൾക്കിടയിൽ സമാധാനം കൊണ്ടുവരാനും കഴിഞ്ഞു.

ഡാഡിയും ഞാനും അമ്മയുടെ ആരോഗ്യത്തെക്കുറിച്ചും എങ്ങനെ പരിപാലിക്കണമെന്നതിനെ കുറിച്ചും തുറന്നു സംസാരിച്ചു. അമ്മയുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകി. അമ്മ കൃത്യമായി മരുന്നു കഴിച്ചു. നടക്കാൻ പോയിതുടങ്ങി. ഒരു വർഷം മുമ്പ് അമ്മ എന്നോട് പറഞ്ഞു, ‘നീ കാരണം ഞാൻ മെച്ചപ്പെട്ടു.’ എനിക്ക് അമ്മയോട് പറയാൻ വാക്കുകളുണ്ടായിരുന്നില്ല, ഞാനമ്മയെ കെട്ടിപ്പിടിച്ചു.

അന്നുമുതൽ ഞങ്ങൾ കൂടുതൽ സംസാരിക്കാൻ തുടങ്ങി. എന്റെ സുഹൃത്തുക്കൾ, പ്രണയം, പഠനം അങ്ങനെ എല്ലാ കാര്യത്തെക്കുറിച്ചും  അമ്മ എന്നോട് ചോദിക്കും. നഷ്ടപ്പെട്ട വർഷങ്ങൾ തിരിച്ചുപിടിക്കാൻ അമ്മ വലിയ ശ്രമം നടത്തുന്നു. ലോക് ഡൗൺ ആരംഭിച്ചതുമുതൽ ഞങ്ങൾ ഒരുമിച്ച് പാചകം ചെയ്തു! ഞങ്ങൾ പോരാട്ടത്തിന്റെ പാതയിലാണ്... എങ്കിൽ മാത്രമേ കാര്യങ്ങൾ സാധാരണ രീതിയിലാകൂ എന്ന് എനിക്കറിയാം.

ഇങ്ങനെയാണ് മാനസികരോഗം... ഞങ്ങളിത് തിരിച്ചറിയാൻ 15 വർഷമെടുത്തു. മാനസികരോഗത്തെ മറ്റു രോഗങ്ങൾ പോലെത്തന്നെ ആളുകൾ മനസ്സിലാക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, തികച്ചും സാധാരണമായി തന്നെ..."

MORE IN SPOTLIGHT
SHOW MORE
Loading...
Loading...