നിർത്താതെ പാഞ്ഞാലും കുടുങ്ങും മോനെ!; ഇത് പുതിയ‍ മെഷീന്‍

pose-machine
SHARE

ആയൂർ/കൊട്ടാരക്കര: ഗതാഗത നിയമലംഘനങ്ങൾക്ക് രസീത് എഴുതി നൽകി പിഴ ചുമത്തുന്ന രീതി പഴങ്കഥയാകുന്നു. ജില്ലയിലെ മോട്ടർ വാഹന വകുപ്പിന്റെ വാഹന പരിശോധന, പിഴ ചുമത്തൽ എന്നിവ പൂർണമായും ഡിജിറ്റൽ സമ്പ്രദായത്തിലേക്കു മാറുന്നു. ഇതിന്റെ ഭാഗമായി പോയിന്റ് ഓഫ് സെയിൽ (പിഒഎസ്) മെഷീനുകൾ ജില്ലയിലെ മോട്ടർ വാഹന വകുപ്പിനു ലഭിച്ചു. ജില്ലയിലെ എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ 7 സ്ക്വാഡുകൾക്കും മെഷീനുകൾ നൽകി. ഇന്നു മുതൽ പുതിയ സംവിധാനത്തിലൂടെ പിഴ ചുമത്തിത്തുടങ്ങുമെന്നു എൻഫോഴ്സ്മെന്റ് ആർടിഒ ഡി.മഹേഷ് പറഞ്ഞു.

രാജ്യത്തെ ഏതു വാഹനങ്ങളുടെയും എല്ലാത്തരം വിവരങ്ങളും ഇനി മുതൽ ഉദ്യോഗസ്ഥരുടെ കൈവശമുള്ള ഡിജിറ്റൽ ഡിവൈസിലൂടെ അറിയാം. എല്ലാത്തരം നിയമ ലംഘനങ്ങളുടെയും ഫോട്ടോ എടുക്കുന്നതിനും വാഹനത്തിന്റെയും ഡ്രൈവിങ് ലൈസൻസിന്റെയും വിവരങ്ങൾ കേന്ദ്രീകൃത ഓൺലൈൻ സംവിധാനത്തിലൂടെ അറിയുന്നതിനും സാധിക്കും. ഉദ്യോഗസ്ഥരുടെ കൈവശമുളള മൊബൈൽ ഫോൺ അല്ലെങ്കിൽ പിഒഎസ് മെഷീൻ എന്നിവയിലെ ഇ-ചെല്ലാൻ ആപ്ലിക്കേഷൻ വഴിയാണ് നിയമ ലംഘനങ്ങൾക്കുള്ള പിഴ ഈടാക്കുന്നത്. 

ഏതു തരം നിയമലംഘനമാണ് എന്നുള്ളതിന്റെ ചിത്രം, സമയം, സ്ഥലം എന്നിവ ഉൾപ്പെടെ ഇതിൽ രേഖപ്പെടുത്തും. എടിഎം കാർഡ് ഉപയോഗിച്ചോ മൊബൈൽ ഫോണിലേക്കു വരുന്ന ലിങ്ക് വഴിയോ ഓൺലൈനായി പിഴ അടയ്ക്കാം. ഇല്ലെങ്കിൽ ഓഫിസിൽ എത്തിയോ കോടതി വഴിയോ പിഴ അടയ്ക്കാനും സാധിക്കും. പിഴ അടയ്ക്കാത്ത കേസുകൾ ജില്ലയിലെ വെർച്വൽ സംവിധാനമുള്ള കോടതികളിലെത്തും. ഇവിടെ കേസ് പരിശോധിച്ച ശേഷം പിഴത്തുക സംബന്ധിച്ച വിവരങ്ങൾ ഉടമയുടെ മൊബൈൽ ഫോണിലേക്കു അയയ്ക്കും. തുടർന്നു പിഴ അടയ്ക്കാത്തവർക്കു കോടതിയുടെ വിചാരണ നേരിടേണ്ടി വരും. 

അന്യസംസ്ഥാനങ്ങളിൽ നിന്നെത്തി നിയമലംഘനം നടത്തുന്ന വാഹനങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കാനുള്ള നിയമ തടസ്സവും പുതിയ സംവിധാനം എത്തിയതോടെ മാറി. പിഴത്തുക അടയ്ക്കാതെ മോട്ടർ വാഹന വകുപ്പിന്റെ വാഹൻ, സാരഥി സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ട ഒരു സേവനവും വാഹന ഉടമയ്ക്കു ലഭിക്കില്ല. എൻഫോഴ്സ്മെന്റ് ആർടിഒ ഡി.മഹേഷ്, പിഒഎസ് മെഷീനുകൾ ഉദ്യോഗസ്ഥർക്കു കൈമാറി. കൊല്ലം ആർടിഒ ആർ.രാജീവും ചടങ്ങിൽ പങ്കെടുത്തു.

നിർത്താതെ പാഞ്ഞാലും കുടുങ്ങും മോനെ!

വാഹന പരിശോധനയ്ക്കായി ഉദ്യോഗസ്ഥർ കൈ കാണിക്കുമ്പോൾ നിർത്താതെ അമിത വേഗത്തിൽ പായുന്ന യുവാക്കൾക്ക് ഇനി മുതൽ പിടിവീഴും . വീട്ടിലെത്തുന്നതിനു മുൻപു തന്നെ പിഴത്തുക സംബന്ധിച്ച വിവരങ്ങൾ നിങ്ങളുടെ മൊബൈൽ ഫോണിൽ എത്തും. മോട്ടർ വാഹന വകുപ്പിന്റെ പുതിയ ഡിജിറ്റൽ രീതിയിലുള്ള വാഹന പരിശോധനയിലാണ് നിയമലംഘനങ്ങൾ കയ്യോടെ പിടികൂടുന്നത്. ഇരുചക്ര വാഹനങ്ങളാണ് പലപ്പോഴും പരിശോധകരെ വെട്ടിച്ചു കടക്കുന്നത്. ഇനി മുതൽ വാഹനത്തിന്റെ നമ്പർ മാത്രം ലഭിച്ചാൽ മതി. ഗൂഗിൾ മാപ്പ് വഴി നിലവിൽ ഉദ്യോഗസ്ഥർ നിൽക്കുന്ന സ്ഥലത്തെ കുറിച്ചുള്ള വിവരങ്ങൾ പുതിയ ഡിവൈസിൽ ലഭിക്കും. അമിത വേഗം, അപകടകരമായ ഡ്രൈവിങ് എന്നിവ ഉൾപ്പെടെ ഭീമമായ തുക പിഴ അടയ്ക്കേണ്ടി വരും. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...