300ൽ അധികം ആനകൾ ചരിഞ്ഞു; കാരണം വിഷ ബാക്ടീരിയ?: ദാരുണം

elephant-death
SHARE

അടുത്തിടെ ലോകശ്രദ്ധയാകര്‍ഷിച്ച വാര്‍ത്തകളിലൊന്നാണ് ബോട്സ്വാനയിലെ ആനകളുടെ കൂട്ടമരണം. മാര്‍ച്ച് മാസം മുതല്‍ ജൂണ്‍ മാസം വരെയുള്ള സമയത്ത് ഏതാണ്ട് മുന്നൂറിലധികം ആനകളെയാണ്ചരിഞ്ഞ നിലയില്‍ ബോട്സ്വാനയിലെ ഒക്കവാങ്കോ ഡെല്‍റ്റാ മേഖലയില്‍ കണ്ടെത്തിയത്. മരണ കാരണത്തെ കുറിച്ച് രാജ്യാന്തര ഏജന്‍സികള്‍ ഉള്‍പ്പടെയുള്ളവർ അന്വേഷണവുമായി രംഗത്തെത്തിയിരുന്നു. ഒടുവില്‍ ഇവയുടെ മരണത്തിനു പിന്നിലെ രഹസ്യത്തിലേക്ക് വെളിച്ചം വീശുന്ന  തെളിവുകള്‍ ലഭിച്ചിരിക്കുകയാണ്. വിഷം ഉള്ളില്‍ ചെന്നതാണ് ഇവയുടെ മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

അതേസമയം ആനകളുടെ കൂട്ടമരണത്തിനു പിന്നില്‍ മനുഷ്യരുടെ പങ്കുണ്ടാവാനുള്ള സാദ്ധ്യത ഗവേഷകര്‍ തള്ളിക്കളയുന്നു. പ്രകൃതിയിലുണ്ടായിരുന്ന വിഷാംശമാകാം ഇവയുടെ ജീവന്‍ എടുത്തതെന്നാണ് ഗവേഷകര്‍ പറയുന്നത്. മുന്നൂറോളം ആനകള്‍ ചരിഞ്ഞെങ്കിലും ഒന്നിന്‍റെ പോലും കൊമ്പോ, നഖമോ നഷ്ടപ്പെട്ടിരുന്നില്ല. അതുകൊണ്ട് തന്നെ വേട്ടക്കാരല്ല ഇവയുടെ മരണത്തിന് പിന്നിലെന്ന് ഉറപ്പിക്കാനാകും. ആനകള്‍ കൊല്ലപ്പെട്ടത് വനാതിര്‍ത്തിയിലല്ല, മറിച്ച് കൊടും കാട്ടിനുള്ളില്‍ തന്നെയാണ്. ഇതില്‍ നിന്ന് ഗ്രാമാതിര്‍ത്തിയിലെ മനുഷ്യരുടെ ഇടപെടലിനുള്ള സാധ്യതയും തള്ളിക്കളയുകയായിരുന്നു.

 പ്രകൃതിയില്‍ കാണപ്പെടുന്ന പല ബാക്ടീരിയകളും ആനകള്‍ക്ക് ഹാനികരമായ വിഷം രൂപപ്പെടുനനതിന് കാരണമാകാറുണ്ട്. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ഇത്തരം ബാക്ടീരിയകളുടെ പ്രവര്‍ത്തനം സജീവമാകും. വേനല്‍ക്കാലത്ത് കെട്ടിക്കിടക്കുന്ന വെള്ളം മാത്രമാണ് ആനകള്‍ക്ക് ആശ്രയം. അതുകൊണ്ട് തന്നെ ബാക്ടീരിയയുടെ പ്രവര്‍ത്തനം മൂലം വിഷാംശമുള്ളതായി മാറിയ ഏതെങ്കിലും തടാകത്തില്‍ നിന്നോ, വെള്ളക്കെട്ടില്‍ നിന്നോ ഈ ആനകള്‍ വെള്ളം കുടിച്ചതാകാം മരണത്തിലേക്കു നയിച്ചതെന്നാണ് ഇപ്പോള്‍ കരുതുന്നത്. 

മാര്‍ച്ച് മുതല്‍ ജൂണ്‍ വരെ 251 ആനകള്‍ കൊല്ലപ്പെട്ടു എന്നാണ് വനം വന്യജീവി വിഭാഗം പറയുന്നത്. എന്നാല്‍ കൊല്ലപ്പെട്ട ആനകളുടെ എണ്ണം 350 വരുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. ആന്ത്രാക്സ് ഉള്‍പ്പെടെയുള്ള അസുഖ സാധ്യതകള്‍  ബോട്സ്വാനിയയിലെ വന്യജീവിവി വിഭാഗം ആദ്യ ഘട്ടത്തില്‍ തന്നെ തള്ളിക്കളഞ്ഞിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനകളിലും രോഗലക്ഷണങ്ങള്‍ ഒന്നും കണ്ടെത്താനായിരുന്നില്ല. ഇതോടെയാണ് സംശയം മറ്റ് അസാധാരണ മരണ കാരണങ്ങളിലേക്ക് തിരിഞ്ഞത്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...