വിനോദയാത്രയ്ക്കിടെ കണ്ടെടുത്ത 'നിധി', 8 വർഷമായി ലോക്കറിൽ; വട്ടംചുറ്റിച്ച കഥ

INDIA-ECONOMY-GOLD
representative image
SHARE

കോഴിക്കോട്: പുതുപ്പാടി ഗവ.ഹൈസ്കൂളിനെ 8 വർഷമായി വട്ടംചുറ്റിച്ച സ്വർണം ഒടുവിൽ സർക്കാർ ഖജനാവിലേക്കു കണ്ടുകെട്ടാൻ തീരുമാനിച്ചു. തലയ്ക്കു മീതെ തൂങ്ങി നിന്നിരുന്ന രണ്ടു പവൻ സ്വർണമാലയുടെ ബാധ ഒഴിഞ്ഞു പോയ ആശ്വാസത്തിലാണ് സ്കൂൾ അധികൃതർ.  ഊട്ടിയിലേക്കു 2012ൽ വിനോദയാത്രയ്ക്കു പോയ വിദ്യാർഥികൾക്ക് നിലമ്പൂർ വഴിക്കടവിൽ നിന്നു 2 പവൻ സ്വർണമാല കിട്ടിയതോടെയാണു സംഭവങ്ങളുടെ തുടക്കം. വിദ്യാർഥികൾ മാല ഏൽപ്പിച്ച അധ്യാപകർ മാല വിറ്റു പണം എടുത്തു.

എന്നാൽ, സ്കൂളിൽ അധ്യാപകർ തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടായപ്പോൾ ഒരു വിഭാഗം അന്നത്തെ കലക്ടർക്ക് രഹസ്യമായി കത്ത് എഴുതിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. സംഭവം അന്വേഷിക്കാൻ കലക്ടർ താമരശ്ശേരി പൊലീസിനു നിർദേശം നൽകി. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ വിറ്റ കടയിൽ നിന്നു സ്വർണാഭരണം തിരിച്ചെടുത്ത് അധ്യാപികമാർ സ്കൂളിലെത്തിച്ചു. അന്നു താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചെങ്കിലും മാല തൽക്കാലം കൈവശം വയ്ക്കാനും ഉടൻ അന്വേഷിക്കാൻ വരുമെന്നും പൊലീസ് മറുപടി നൽകി.

പ്രധാനാധ്യാപകന്റെ മേശപ്പുറത്ത് എത്തിച്ച മാല കൈപ്പറ്റാൻ ആരും തയാറാകാതിരുന്നതോടെ അന്നത്തെ പിടിഎ പ്രസിഡന്റ്  അദ്ദേഹം ഭരണസമിതി അംഗമായ സഹകരണ ബാങ്കിലെ ലോക്കറിൽ മാല സൂക്ഷിച്ചു.  7 വർഷത്തെ ലോക്കർ വാസത്തിനിടെ പിടിഎ പ്രസിഡന്റും പ്രധാനാധ്യാപകനുമെല്ലാം പല വട്ടം മാറി.  ഇതിനിടെ പലരും സ്വർണം പൊലീസിൽ ഏൽപ്പിക്കാൻ ശ്രമിച്ചെങ്കിലും നടപടിക്രമം കണ്ടതോടെ പിൻമാറി.

ഒടുവിൽ ലോക്കർ സേവനം അവസാനിപ്പിക്കണമെന്നു ബാങ്ക് അറിയിച്ചതോടെ കഴിഞ്ഞ വർഷം ചുമതലയുണ്ടായിരുന്ന പ്രധാനാധ്യാപകൻ വീണ്ടും സ്വർണമെടുത്ത് പൊലീസിൽ എത്തി. തുടർന്നാണ് ദിവസങ്ങൾക്കു മുൻപ് നടപടിക്രമങ്ങളുടെ ഭാഗമായി സ്വർണത്തിന്റെ അവകാശികൾ ഉണ്ടെങ്കിൽ  കോഴിക്കോട് സബ് കലക്ടർ ഓഫിസിൽ എത്തണമെന്ന് പത്രങ്ങളിൽ പരസ്യം നൽകിയത്. ഇതുവരെ ആരും അവകാശം ഉന്നയിച്ചു വരാത്തതിനാൽ സർക്കാർ ഖജനാവിലേക്ക് കണ്ടുകെട്ടാനാണ് തീരുമാനം. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...