‘യാത്രയ്ക്കിടെ കടം വാങ്ങിയും സഹായിച്ചു; അമ്മ ‘മരിച്ച’ മകനെ ആശ്വസിപ്പിച്ചു: എന്നിട്ടും’

auto-driver
SHARE

ജുലൈ 30 രാത്രി പത്തു മണി. തൃശൂര്‍ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിനു സമീപം ഒരാളെത്തി. കരയുന്നുണ്ട്. ‘അമ്മ മരിച്ചു. തിരുവനന്തപുരത്തെ തമ്പാനൂര്‍ ആശുപത്രിയിലാണ് മൃതദേഹം. ഉടനെ എത്തണം. ബസില്ല. അവിടെ ചെന്നാല്‍ ഉടന്‍ ഓട്ടത്തിന്റെ പണം തരാം.’ അമ്മയെ അവസാനമായി ഒരുനോക്കു കാണാനുള്ള മകന്റെ കണ്ണീരില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ രേവത് ബാബു വീണു. വിശ്വസിപ്പിക്കാന്‍ ബന്ധുവിനെ ഫോണില്‍ വിളിച്ച് സംസാരിപ്പിക്കുകയും ചെയ്തു. പരിചയക്കാരില്‍ നിന്ന് അഞ്ഞൂറു രൂപ കടം വാങ്ങി ഓട്ടോക്കാരന്‍ യാത്ര പുറപ്പെട്ടു. തിമിര്‍ത്തു പെയ്യുന്ന മഴയില്‍ വൈപ്പര്‍ പോലും നേരാവണ്ണം പ്രവര്‍ത്തിക്കാത്ത ഓട്ടോയിലായിരുന്നു യാത്ര. അമ്മയെ അവസാനമായി ഒരു നോക്കു കാണാനുള്ള മകന്റെ ആഗ്രഹം പൂര്‍ത്തിയാക്കാനായിരുന്നു ആ യാത്ര. ആ ചതിയുടെ കഥ ഓട്ടോ ഡ്രൈവർ പറയുന്നു. വിഡിയോ കാണാം: 

ആറ്റിങ്ങലില്‍ എത്തിയപ്പോള്‍ കീശയിലെ കാശു തീര്‍ന്നു. ഡീസല്‍ വീണ്ടും അടിക്കണം. കലാഭവന്‍ മണിയുടെ ആരാധകനാണ് ഓട്ടോക്കാരന്‍ രേവത്. ഫാന്‍സ് അസോസിയേഷന്റെ ആറ്റിങ്ങലിലുള്ള ഭാരവാഹിയെ വിളിച്ച് ആയിരം രൂപ കടംവാങ്ങി പഴ്സില്‍ വച്ചു. വീണ്ടും ഡീസല്‍ അടിച്ച് യാത്ര തുടര്‍ന്നു. ഓട്ടോയിലിരുന്ന് മകന്‍ ഇടയ്ക്കിടെ കരഞ്ഞു. അമ്മയുടെ മരണവാര്‍ത്തയറിഞ്ഞ മകനെ ഓട്ടോക്കാരന്‍ നിരന്തരം ആശ്വസിപ്പിച്ചു. പിറ്റേന്ന് വെളുപ്പിന് തിരുവനന്തപുരത്തെത്തി. നെയ്യാറ്റിന്‍കര വരെ പോകണമെന്ന് ആള്‍ പറഞ്ഞു. വണ്ടി നെയ്യാറ്റിന്‍കരയിലേക്ക്. അവിടെ ചെന്നപ്പോള്‍ തമ്പാനൂരിലേക്ക് പോകണമെന്നായി. തമ്പാനൂരിലെ ഒരാശുപത്രിയില്‍ വണ്ടി നിര്‍ത്തിയ ശേഷം യാത്രക്കാരന്‍ പറഞ്ഞു. ‘അമ്മയുെട മൃതദേഹം കണ്ടിട്ട് വരാം. ബന്ധു ഇപ്പോള്‍ എത്തും. പണം കയ്യോടെ വാങ്ങി തരാം. അമ്മയുടെ മൃതദേഹത്തില്‍ പുതപ്പിക്കാന്‍ തുണി വാങ്ങി. മോര്‍ച്ചറിയില്‍ പണം വേണം. ആയിരം രൂപ കൂടി തരാമോ?. ബന്ധു വന്നാല്‍ ആ ഉടനെ പണം തിരിച്ചുതരാം’’. കരഞ്ഞു തളര്‍ന്ന മകന് ആ പണവും ഓട്ടോക്കാരന്‍ നല്‍കി. മോര്‍ച്ചറിയിലേക്ക് പോയ ആ മകന്‍ പിന്നെ വന്നില്ല. ആശുപത്രിയില്‍ ഏറെ നേരം തിരഞ്ഞിട്ടും ആളെ കണ്ടില്ല. വഞ്ചിക്കപ്പെട്ടെന്ന് മനസിലായി. ഒരാളുടെ പ്രതിസന്ധിയില്‍ സഹായിക്കാന്‍ പോയതിന്റെ പേരില്‍ വഞ്ചിക്കപ്പെട്ട ഓട്ടോക്കാരന്‍ കരഞ്ഞു തളര്‍ന്നു. 

തമ്പാനൂരിലെ പൊലീസ് സ്റ്റേഷനിലേക്കാണ് പിന്നെ നേരെ പോയത്. ഉണ്ടായ സംഭവം വിശദമായി പറഞ്ഞു. ഡീസല്‍ അടിക്കാന്‍ കയറിയ പെട്രോള്‍ പമ്പുകള്‍ പറഞ്ഞു കൊടുത്തു. അവിടെ നിന്ന് യാത്രക്കാരന്റെ സിസിടിവി ദൃശ്യം പൊലീസ് സ്വരൂപിച്ചു. തൃശൂരിലേക്ക് പോകാന്‍ പണമില്ലാതെ വലഞ്ഞ ഓട്ടോക്കാരനെ പൊലീസ് ഉദ്യോഗസ്ഥര്‍ സഹായിച്ചു. ഉദ്യോഗസ്ഥര്‍ ഷെയര്‍ ഇട്ടു നല്‍കിയ 600 രൂപയുമായി ഓട്ടോക്കാരന്‍ കൊച്ചി വരെ എത്തി. കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡില്‍ തൃശൂരിലേക്ക് ബസ് കാത്തു നിന്ന യാത്രക്കാരെ കയറ്റി മടങ്ങി. ആ യാത്രക്കാരില്‍ നിന്ന് മുന്‍കൂറായി വാങ്ങിയ പണം ഉപയോഗിച്ചാണ് ഡീസല്‍ അടിച്ച് തൃശൂര്‍ വരെ എത്തിയത്. 

പാവപ്പെട്ട ഓട്ടോക്കാരനെ കൊളളയടിച്ച തട്ടിപ്പുകാരനെ തിരയുകയാണ് കേരള പൊലീസ്. മാസ്ക്ക് ധരിച്ചിട്ടുള്ളതിനാല്‍ മുഖം വ്യക്തമല്ല. പക്ഷേ, പരിചയക്കാര്‍ക്കു ആളെ തിരിച്ചറിയാം. അത്രയും വ്യക്തമാണ് ആകാരം. സമൂഹത്തില്‍ സഹായിക്കാന്‍ നല്ല മനസുമായി വരുന്നവരെ പറ്റിച്ച തട്ടിപ്പുകാരന്റെ ദൃശ്യം എല്ലാ പൊലീസ് സ്റ്റേഷനിലേക്കും കൈമാറി. യാത്രയ്ക്കിടെ തട്ടിപ്പുകാരന്റെ ഫോണ്‍ കാണാതായപ്പോള്‍ ഓട്ടോക്കാരന്റെ ഫോണ്‍ വാങ്ങി മിസ്ഡ് കോള്‍ അടിച്ചിരുന്നു. തട്ടിപ്പുകാരന്റെ നമ്പര്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. കോവിഡ് ലോക്ഡൗണില്‍ പട്ടിണി കിടക്കാതിരിക്കാന്‍ ഓട്ടം കാത്തുകിടന്ന നിര്‍ധനനായ ഓട്ടോക്കാരന്‍ യുവാവിനെ തട്ടിച്ചവനെ എങ്ങനെയും പിടികൂടണമെന്ന നിര്‍ബന്ധത്തിലാണ് പൊലീസ്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...