യുവാവിന്റെ ജീവന്‍ രക്ഷിച്ച് ബൊലേറോയുടെ മാസ് എന്‍ട്രി; പ്രശംസിച്ച് ആനന്ദ് മഹീന്ദ്ര

bolero-accident
SHARE

വില്ലന്‍മാരെ തുരത്താന്‍ മാസ് എന്‍ട്രിയുമായി വരുന്ന നായകനെപ്പോലെയായിരുന്നു ആ ബൊലേറോ എത്തിയത്. ആ മാസ് എന്‍ട്രിയെ പുകഴ്ത്തി രാജ്യത്തെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയും രംഗത്തെത്തിയിരിക്കുകയാണ്. ബൊലേറോ ഒരു ജീവന്‍ രക്ഷിച്ചെന്നായിരുന്നു ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തത്. ബൊലേറോ അപ്പോള്‍ അതു വഴി വന്നത് ആ ബൈക്ക് യാത്രികനെ രക്ഷിക്കാന്‍ വേണ്ടിയായിരുന്നെന്നു വിഡിയോ ഉള്‍പ്പെടെ പങ്ക് വച്ച് ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു. 

കോഴിക്കോട്-പാലക്കാട് ഹൈവേയിലായിരുന്നു സംഭവം നടന്നത്.  കരിങ്കല്ലത്താണി ഭാഗത്തു നിന്നും മണ്ണാർക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ജെസിബിക്ക് തൊടുകാപ്പ് ഇറക്കത്തിൽ വെച്ച് ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു.  നിയന്ത്രണം നഷ്ടപ്പെട്ട് കുതിച്ചെത്തിയ ജെസിബിയുടെ മുന്നില്‍ നിന്ന് തലനാരിഴയ്ക്കു ബൊലേറോ രക്ഷിക്കുന്ന കാഴ്ച അവിശ്വസനീയതയോടെയാണ് ജനങ്ങള്‍ കണ്ടത്. റോഡരികിലെ മരത്തില്‍ ഇടിച്ചു നിര്‍ത്താനായിരുന്നു ഡ്രൈവറുടെ പ്ളാന്‍. എന്നാല്‍ പെട്ടെന്ന് ജെസിബി വിലങ്ങനെ തിരിയുകയും ബൈക്കിനു നേരെ ചീറിയടുക്കുകയും ചെയ്തു. 

അപ്പോഴായിരുന്നു മിന്നല്‍ വേഗത്തില്‍ ബൊലേറോ ഇരുവാഹനങ്ങള്‍ക്കും ഇടയിലേക്കു പാഞ്ഞു കയറിയത്. ജീപ്പിന്റെ മുന്‍ഭാഗവും ജെസിബിയുടെ വശവും തമ്മില്‍ കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തില്‍ ജീപ്പ് സമീപം നിര്‍ത്തിയിട്ട ബൈക്കിനെ തെറിപ്പിച്ചു, അതിനു മുമ്പേ തലനാരിഴയുടെ വ്യത്യസാത്തില്‍ യുവാവ് ചാടി രക്ഷപ്പെട്ടു. ജെസിബിയാകട്ടെ സമീപത്തുള്ള വീടിന്റെ മുറ്റത്തേക്ക് ഇടിച്ചുകയറി നില്‍ക്കുകയും ചെയ്‍തു. ആ സമയം ബൊലേറോ വന്നില്ലായിരുന്നെങ്കിൽ റോഡരികിൽ ബൈക്കിൽ ചാരി നിന്നിരുന്ന യുവാവിന് അപകടം സംഭവിക്കുമായിരുന്നു. മൂന്നു വാഹനങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചെങ്കിലും ആരും സാരമായ പരിക്കില്ലാതെ രക്ഷപ്പെടുകയായിരുന്നു.

വിഡിയോ വളരെ പെട്ടെന്നു തന്നെ വൈറലായി. ഇപ്പോഴും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നു ആ അത്ഭുത രക്ഷപ്പെടലിന്റെ വിഡിയോ. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...