പാരഡിയിറങ്ങിയിട്ട് 23 വര്‍ഷം; വെള്ളക്കെട്ടിന് മാത്രം മാറ്റമില്ല; വല്ലാത്തൊരു കൊച്ചി

parady-song-rain
SHARE

കൊച്ചി വീണ്ടും വെള്ളത്തിലാവുമ്പോള്‍ കൊച്ചിക്കാരുടെ ചുണ്ടിലോടിയെത്തുന്ന ഒരു പാരഡിയുണ്ട്. 23 വര്‍ഷം പഴക്കമുള്ള പാട്ട്. പള്ളിക്കെട്ട് ശബരിമലയ്ക്ക് എന്ന പാട്ടിന്റെ ഈണത്തിനൊപ്പിച്ച് അബ്ദുല്‍ഖാദര്‍ കാക്കനാട് എഴുതി പ്രദീപ് പള്ളുരുത്തി പാടിയ ഗാനത്തിലെ വരികള്‍ ശ്രദ്ധിച്ചാലറിയാം വെള്ളക്കെട്ടിന്റെ കാര്യത്തില്‍ കൊച്ചി ഇന്നും പഴയ കൊച്ചിതന്നെയാണെന്ന്.

വിഡിയോ പാട്ട് കാണാം

‘വെള്ളക്കെട്ട് കൊച്ചിയിലെങ്ങും

എംജീ റോഡില്‍ കഴുത്തിനുവെള്ളം

ഗോപിയേ അന്തപ്പോ....

നീന്തിപ്പോ സ്പീഡിലായി

ഓടകളില്ലാ കൊച്ചിക്ക്

കൊതുകുവളര്‍ത്തല് കൊച്ചിക്ക്

ഒരുമഴ പെയ്താ ഇതു പതിവാ

ആകെ ദുരിതം ജീവിതദുരിതം...’

തൊണ്ണൂറുകളില്‍ ഓണക്കാലം കാസറ്റുകളുടേതുകൂടിയായിരുന്നു. നാദിര്‍ഷയും ദിലീപും അബിയും സൈമണ്‍ നവോദയയുമൊക്കെ ആക്ഷേപഹാസ്യം പാരഡിയിലൂടെ തൊടുത്തുവിടുന്ന കാലം. സമകാലിക വിഷയങ്ങള്‍ പശ്ചാത്തലമാക്കി ഇന്നസെന്റിന്റേയും ജഗതിയുടേയുമൊക്കെ ശബ്ദത്തില്‍ മിമിക്രി കലാകാരന്‍മാര്‍ കുറിക്കുകൊള്ളുന്ന വിമര്‍ശനമുയര്‍ത്തി ശ്രോതാക്കളുടെ കയ്യടിനേടി. കൊച്ചിക്കാരനായ അബ്ദുള്‍ഖാദര്‍ സ്വന്തം നാട്ടിലെ വെള്ളക്കെട്ടില്‍ സഹികെട്ടെഴുതിയ പാട്ട് അന്ന് വലിയ ഹിറ്റായി. ചിരിയുടെ മര്‍മമറിയാവുന്ന ഇ.കെ. നായനാരായിരുന്നു മുഖ്യമന്ത്രി. അന്ന് രാഷ്ട്രീയക്കാരും ആ ഗാനം ആസ്വദിച്ചതായി അബ്ദുള്‍ ഖാദര്‍ പറഞ്ഞുകേട്ടിട്ടുണ്ട്. 

23 വര്‍ഷം മുമ്പിറക്കിയ പാട്ട് മെട്രോ വരുന്ന സമയം 'മെട്രോ കൂകിപ്പായണ നേരവും ഈ ദുര്‍ഗതി തുടര്‍ക്കഥയാ' എന്ന വരിചേര്‍ത്ത് ഫഹദ് ആലുവയുടെ ശബ്ദത്തില്‍ വീണ്ടുമിറക്കിയപ്പോഴും ശ്രദ്ധനേടി. പാട്ടിനുണ്ടായ ചെറിയമാറ്റംപോലും പക്ഷെ, കൊച്ചിയിലെ വെള്ളക്കെട്ടിന്റെ കാര്യത്തിലുണ്ടായില്ല എന്ന് അബ്ദുള്‍ഖാദര്‍ അനുഭവത്തില്‍നിന്ന് സാക്ഷ്യപ്പെടുത്തുന്നു. വിമര്‍ശിക്കുന്നവര്‍ക്കുപോലും ബോറടിച്ചുപോകുന്ന നിലയിലാണ് ചില നേതാക്കളുടെ നിലപാടെന്നും അദ്ദേഹം പറയുന്നു. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...