‘55 വയസ്സില്‍ വിരമിക്കണം; പ്രായപരിധി വേണം; പാര്‍ട്ടി ആലോചിക്കണം’: ചര്‍ച്ചച്ചൂട്

saji-cherian
SHARE

ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിനെചൊല്ലി രാഷ്ട്രീയചര്‍ച്ചകള്‍ കൊഴുക്കുന്നു. ജനപ്രതിനിധികള്‍ക്കും പ്രായംനിശ്ചയിക്കണമെന്നാണ് സജി ചെറിയാന്‍റെ അഭിപ്രായപ്രകടനം. പൊതുപ്രവര്‍ത്തനത്തിന് പ്രായം വിഷയമല്ല, എന്നാല്‍, ജനപ്രതിനിധികളായി ഭരണംകയ്യാളുന്നവര്‍ക്ക് വിരമിക്കല്‍പ്രായം വേണമെന്നും, അതിന് ഇടതുമുന്നണിതന്നെ മുന്നിട്ടിറങ്ങുമെന്നാണ് പ്രതീക്ഷയെന്നും എംഎല്‍എ ഫെയ്സ്ബുക്കില്‍ കുറിച്ചു. വിരമിക്കലിനായി അദ്ദേഹത്തിന്‍റെ പ്രായംതന്നെ മുന്നോട്ടുവയ്ക്കുകയുംചെയ്തു. 55വയസ്. 

സജി ചെറിയാനുയര്‍ത്തിയ വാദത്തെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്‍റുകളെത്തി. 

അടുത്തതവണ ചെങ്ങന്നൂരില്‍ സ്ഥാനാര്‍ഥിയാകാന്‍ കഴിയില്ലെന്ന തിരിച്ചറിവാണോ ഇത്തരമൊരു നീക്കത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി ചിലര്‍. അതല്ല, എംഎല്‍എയു‌ടെ വാദം പുതുമുഖങ്ങളെ അംഗീകരിക്കുന്നതിന് തുല്യമാണെന്നും മുന്നണികള്‍ അക്കാര്യം ഗൗരവമായി ആലോചിക്കേണ്ടതാണെന്നും മറ്റുചിലര്‍. പ്രായമല്ല, മനസാണ് പ്രധാനമെന്നും, ജനസേവനത്തിന് പ്രായംതടസമല്ലെന്ന് പലരും തെളിയിച്ചിട്ടുണ്ടെന്നും കമന്‍റുകളുണ്ട്. ഉപതിരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരില്‍ എംഎല്‍എയായ അദ്ദേഹത്തിന് ഈ പണി ഇത്രപെട്ടന്ന് മടുത്തോയെന്നുപോലും ചോദ്യങ്ങളുണ്ട്.

ചര്‍ച്ച കൊഴുക്കുന്നതിനിടെ, എംഎല്‍എയുടെ വിശദീകരണമെത്തി. പാര്‍ട്ടിപ്രവര്‍ത്തനം ന‌ടത്തുന്നതിനേക്കാള്‍ വലുതാണ് ജനപ്രതിനിധിയാകുന്നതെന്ന തെറ്റിധാരണ പലര്‍ക്കുംവന്നിട്ടുണ്ട്. ബൂര്‍ഷ്വാ പാര്‍ട്ടികളെപ്പോലെ കമ്മ്യൂണിസ്റ്റുകളും മാറുന്നു. പാര്‍ട്ടി നിയന്ത്രണങ്ങളുണ്ടെങ്കിലും അത് പലപ്പോഴും വിജയിക്കുന്നില്ലെന്ന് സ്വയം വിമര്‍ശിക്കുന്നു സജി ചെറിയാന്‍. എന്നാല്‍, ഈ വിഷയത്തില്‍ ഒരു പരസ്യപ്രതികരണത്തിന് തത്കാലമില്ലെന്ന് അദ്ദേഹം മനോരമന്യൂസിനോട് പറഞ്ഞു. 

എന്തായാലും, പെട്ടെന്നൊരുദിവസം ജനപ്രതിനിധികളുടെ വയസ് ചൂണ്ടിക്കാട്ടി, അതില്‍ തന്‍റെ പ്രായംകൂടി എടുത്തുപറഞ്ഞ്,  എംഎല്‍എ പുതിയൊരു ചര്‍ച്ചയ്ക്ക് തിരികൊളുത്തിയതിനുപിന്നില്‍ മറ്റെന്തോ കാര്യമായുണ്ടെന്ന് ഭൂരിപക്ഷം പറയുന്നു.

കുറിപ്പ്: രാഷ്ട്രീയ പ്രവർത്തകർക്കും,,, ജനപ്രതിനിധികൾക്കും നിശ്ചിത പ്രായം ഉറപ്പാക്കണം.. എന്നാൽ അവർക്ക് പൊതുപ്രവർത്തനം എത്ര കാലം വരെയും തുടരാം.. അങ്ങനെയെങ്കിൽ നാമൊക്കെ തന്നെ മാതൃകയാകണം.. ഒരു പൊതു തീരുമാനം വരുത്താൻ എൻ്റെ പാർട്ടി ആദ്യം തന്നെ ആലോചിക്കും എന്ന് പ്രതീക്ഷിക്കാം .. എല്ലാ പാർട്ടികളും ഇത് പരിഗണിക്കണം എൻ്റെ അഭിപ്രായം 55 വയസ്സ് ,,,,,അത് എൻ്റെ പ്രായം കൊണ്ടു തന്നെയായതു തന്നെ .. പുതിയ തലമുറ വരട്ടെ ..

MORE IN SPOTLIGHT
SHOW MORE
Loading...
Loading...