'ആശുപത്രിയിലെ വിരസദിനം നീ തെളിച്ചമുള്ളതാക്കി'; ആര്യയെ പ്രശംസിച്ച് ബച്ചൻ

bachan-27
SHARE

കോവിഡ് ബാധിച്ച് ആശുപത്രിയില്‍ കഴിയുന്ന നടന്‍ അമിതാഭ് ബച്ചന്‍ കഴിഞ്ഞ ദിവസം തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കിട്ട വീഡിയോ വൈറലാവുകയാണ്. ആശുപത്രിയിലായ ബച്ചന് ക്ഷേമമറിയിച്ച് ഗായിക ആര്യ ദയാല്‍ അയച്ചുകൊടുത്ത വീഡിയോ ബച്ചന്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്ററ് ചെയ്തു. ബച്ചന്റെ സ്വന്തം ആളെന്ന പേരിലാണ് മലയാളിയായ ആര്യ ഇപ്പോള്‍ താരമാവുന്നത്.

കോവിഡ് വേഗം കുറച്ച ദിനങ്ങൾ,നിറം കെടുത്തിയ ദിനങ്ങൾ,അത്തരമൊരു വിരസദിനമാണ് കുഞ്ഞേ നിന്റെ ശുദ്ധധന്യാസി തെളിച്ചമുള്ളതാക്കിയത്.  ബച്ചന്റെ ഈ ഇൻസ്റ്റഗ്രാം പോസ്റ്റ്  ആര്യ ദയാൽ എന്ന കണ്ണൂരുകാരി പെൺകുട്ടിക്ക് കിട്ടിയ അവാർഡായിരുന്നു. ആര്യയെ നേരിട്ടറിയില്ലെന്നും തന്റെ ഒരു സുഹൃത്ത് അയച്ചുതന്നതാണ് പാട്ടെന്നും ബച്ചൻ പറഞ്ഞു. ആശംസകൾക്കൊപ്പം ഇത്രകൂടി ചേർത്തു. നിനക്ക് നല്ല ഭാവിയുണ്ട്. നന്നായി അധ്വാനിക്കുക.വിജയമുണ്ടാകട്ടെ. തന്റെ വിരസമായ ആശുപത്രി ദിനങ്ങളെ സുന്ദരമാക്കിയ പാട്ടിനെ അമിതാഭ് നെഞ്ചോട് ചേർത്തു.

സഖാവ് എന്ന കവിത പാടി നേരത്തതന്നെ താരമാണ് ആര്യ. ഇൻസ്റ്റാഗ്രാമിൽ ഒന്നരലക്ഷം ഫോളോവേഴ്സ് ഉണ്ട്. 'ഷെയ്പ് ഓഫ് യൂ' പലതവണ പാടിയിട്ടുണ്ടെങ്കിലും ക്ലാസിക്കൽ വെർഷൻ ഒരു ശ്രമമായിരുന്നു. അതിന് തനിക്ക് ഒരുപാടിഷ്ടമുള്ള ബച്ചനിൽ നിന്ന് അഭിനന്ദനം കിട്ടിയതിന്റെ ആവേശത്തിലാണവൾ. 2017ൽ പുറത്തിറങ്ങിയ എഡ്വേർഡ് ക്രിസ്റ്റഫർ ഷീരന്റെ ഷെയ്പ് ഓഫ് യൂ ടീനേജുകാരുടെ ഇഷ്ട ആൽബമാണ്. ഒരുപാട് കവറുകൾ ഈ ആൽബത്തിന് ഉണ്ടായിട്ടുണ്ടെങ്കിലും ഇന്ത്യൻ ശാസ്ത്രീയ പതിപ്പുകൾക്കാണ് പ്രിയമേറെ. ആര്യയുടെ ശുദ്ധധന്യാസി രാഗമിടകലർത്തിയ പകർപ്പ് വീണ്ടും വീണ്ടും പാടിത്തരാൻ അഭ്യർത്ഥിച്ചുകൊണ്ടിരിക്കുകയാണ് ആരാധകരിപ്പോൾ.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...