ടിക്ടോക്കിന് പകരക്കാർ; ഡൗൺലോഡ് ചെയ്യും മുൻപ് അറിയേണ്ടത്; മുന്നറിയിപ്പ്

mitron
SHARE

ചൈനീസ് ആപ് ടിക്‌ടോക് സൃഷ്ടിച്ച വിടവ് മുതലെടുക്കാന്‍ പലരും.  ഗൂഗിളിന്റെ പ്ലേ സ്റ്റോറിലേക്കും ആപ്പിളിന്റെ ആപ് സ്റ്റോറിലേക്കും പകരക്കാര്‍ ഇടിച്ചു കയറുകയാണ്. ഇവയിൽ ഒന്നും പുതിയവയല്ല. ടിക്‌ടോകിന്റെ ജനപ്രീതിയിൽ ശ്രദ്ധ കിട്ടാതെ വര്‍ഷങ്ങളായി മുരടിച്ചുനിന്നവയും ഇപ്പോള്‍ ആര്‍പ്പുവിളിച്ച് ശ്രദ്ധയാര്‍ജ്ജിക്കാന്‍ ശ്രമിക്കുകയാണ്. ഉദാഹരണത്തിന്, ഇന്‍മോബി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള 'റോപോസോ' ആപ് ഏതാനും വര്‍ഷം മുൻപ് ഇറങ്ങിയതാണെങ്കിലും ഇപ്പോള്‍ അവര്‍ അവകാശപ്പെടുന്നത് തങ്ങള്‍ക്ക് 10 കോടി ഉപയോക്താക്കളെ കിട്ടിയെന്നാണ്. പുതിയതായി വന്ന പല ആപ്പുകള്‍ക്കും ഇത്തരം ഡൗണ്‍ലോഡ് ലഭിച്ചിട്ടില്ല. ഇതുകൂടാതെ, പല പുതിയ ആപ്പുകള്‍ക്കും ഉപയോക്താക്കളുടെ സ്വകാര്യതയും മറ്റും സംരക്ഷിക്കാനുള്ള കഴിവില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. ഇവയില്‍ പലതും ഹാക്കു ചെയ്ത് ഉപയോക്താവിന് പ്രാധാന്യമുള്ള ഡേറ്റ ചോര്‍ത്തപ്പെടാനുള്ള സാധ്യതയുമുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

നിരോധിക്കപ്പെട്ട ചൈനീസ് ആപ്പുകള്‍ക്ക് പകരക്കാരായി ഭാവിച്ച് തട്ടിക്കൂട്ടി ഇറക്കിയിരിക്കുന്ന ആപ്പുകള്‍ രണ്ടുതരമുണ്ടെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. ചിലത് നമ്മള്‍ കണ്ടതുപോലെ, വര്‍ഷങ്ങളായി ഉണ്ടായിരുന്നവയാണ്. ചിലതാകട്ടെ തട്ടിക്കൂട്ട് ആപ്പുകളുമാണ്. കോഡ്ക്യാന്യോന്‍ (Codecanyon) തുടങ്ങിയ ഓണ്‍ലൈന്‍ മാര്‍ക്കറ്റ് പ്ലെയ്‌സുകളില്‍ ലഭ്യമായ കോഡ് അതുപടി ഒപ്പിയെടുത്ത് സൃഷ്ടിച്ചവയാണ് ഇവ. ഇന്ത്യയില്‍ തിളച്ചു നില്‍ക്കുന്ന ചൈനാ വിരുദ്ധ വികാരം മുതലെടുത്തേക്കാമെന്ന ഒറ്റ കാരണത്താലാണ് ഇവയില്‍ പലതും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്നാണ് സൈബര്‍ സുരക്ഷാ വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നത്.

ഇത്തരം ആപ്പുകള്‍ 3,000 രൂപയ്ക്കു പോലും ഓണ്‍ലൈന്‍ മാര്‍ക്കറ്റ്‌ പ്ലെയ്‌സുകളില്‍ നിന്ന് വാങ്ങാന്‍ സാധിക്കും. സ്‌ക്രിപ്റ്റുകള്‍ വാങ്ങാന്‍ ആര്‍ക്കും സാധിക്കും. ഏറ്റവും പരിഹാസ്യമായ കാര്യം ഇവ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതിനെ കുറിച്ച് അവയുടെ ഉടമകള്‍ക്കു പോലും അറിയണമെന്നില്ല എന്നതാണ്. പത്തു പേര്‍ ഒരേ സ്‌ക്രിപ്റ്റു തന്നെ വാങ്ങിയാല്‍ അവരുണ്ടാക്കുന്ന പത്ത് ആപ്പുകള്‍ക്കും ഒരേ പ്രശ്‌നങ്ങള്‍ തന്നെ ഉണ്ടായിരിക്കുമെന്നും സ്വതന്ത്ര ഗവേഷകനായ ഇന്ദ്രജിത് ഭുയാന്‍ പറഞ്ഞു.

ടിക്‌ടോക് ക്ലോണായ മിട്രോണിന്റെ കാര്യത്തില്‍ അത് വെളിപ്പെടുകയും ചെയ്തിരുന്നു. പാക്കിസ്ഥാനി കോഡിങ് കമ്പനി പറഞ്ഞത് അത് തങ്ങള്‍ 34 ഡോളറിന് വാങ്ങിയതായിരുന്നു എന്നാണ് എന്നോര്‍ക്കുക. സ്വകാര്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന കാരണത്താല്‍ മിട്രോണിനെ ഗൂഗിള്‍ പുറത്താക്കിയിരുന്നു. ഇതിപ്പോള്‍ വീണ്ടും രാജ്യസ്‌നേഹത്തിലാറാടി തിരിച്ചെത്തിയിരിക്കുകയാണ് എന്ന് വിശകലന വിദഗ്ധര്‍ പറയുന്നു. ഇത്തരം ആപ്പുകളിലുള്ള, അല്ലെങ്കില്‍ ഇല്ലാത്ത ഡേറ്റാ സുരക്ഷാ മാനദണ്ഡങ്ങളാണ് ഇവയുടെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള ഭീതിയില്‍ കാണുന്നത്.

ഒരു ആപ് ഏതു രാജ്യത്തു നിന്നു വരുന്നു എന്നതൊന്നും വച്ച് ആ ആപ് സുരക്ഷിതമാണെന്നു വിധിയെഴുതാന്‍ പറ്റില്ല. സുരക്ഷിതമല്ലാത്ത ആപ്പുകള്‍ അവ ഇന്‍സ്‌റ്റാള്‍ ചെയ്ത ഫോണുകള്‍ക്ക് ഭീഷണിയാകും. അടുത്തതായി ഇവയില്‍ സൃഷ്ടിക്കപ്പെടുന്ന ഡേറ്റ എവിടെ സൂക്ഷിക്കുന്നു എന്നതും, അത് എങ്ങനെ സൂക്ഷിക്കുന്നു എന്നതും പരമ പ്രധാനമായ കാര്യമാണെന്നും വിദഗ്ധര്‍ പറയുന്നു. പുതിയ ആപ് ഡെവലപ്പര്‍മാരുടെ ആപ്പുകള്‍ കുമിഞ്ഞു കൂടുന്നു. ഈ ആപ്പുകള്‍ എന്തിനാണ് ചില കാര്യങ്ങളില്‍ അക്‌സസ് ചോദിക്കുന്നത് എന്ന കാര്യത്തില്‍ ഒരു വെളിപ്പെടുത്തലും ഇല്ല. ഉദാഹരണത്തിന് കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ അവതരിപ്പിച്ച പല ആപ്പുകളും കോണ്‍ടാക്ട്‌സിലും ഗ്യാലറിയിലും പ്രവേശനം വേണമെന്നു പറയുന്നു.

ഈ ആപ്പുകളുടെ ഉടമകള്‍ ആരാണെന്നു വ്യക്തമാക്കാത്തിടത്തോളം കാലം ആപ്പിന്റെ കോഡ് ഫോണ്‍ സ്‌കാന്‍ ചെയ്ത് ഉപയോക്താവിന്റെ വ്യക്തി വിവരങ്ങള്‍ ചോര്‍ത്തുന്നു എന്നറിഞ്ഞാല്‍ പോലും കുറ്റം ചുമത്താന്‍ ആരുമുണ്ടാവില്ല എന്ന കാര്യവും ശ്രദ്ധിക്കണം. ധാരാളം പേര്‍ ഉപയോഗിക്കുന്ന വമ്പന്‍ ആപ്പുകളില്‍ കുഴപ്പങ്ങള്‍ കണ്ടെത്തിയാല്‍ അവയുടെ ജനസമ്മതി കുറയുമെന്നതിനാല്‍ അവ അവയ്ക്കു പ്രവര്‍ത്തിക്കാന്‍ വേണ്ട ഡേറ്റയെ പലപ്പോഴും ചോദിക്കാറുള്ളു. എന്നാല്‍, ടിക്‌ടോക്കും മറ്റും സൃഷ്ടിച്ച വിടവു നികത്താന്‍ ശ്രമിക്കുന്ന ആപ്പുകള്‍ക്ക് ഒന്നും നഷ്ടപ്പെടാനില്ല. അവ ഉപയോക്താവിന്റെ സ്വകാര്യ ചാറ്റും മറ്റും വായിക്കുന്നുണ്ടെന്ന കണ്ടെത്തിയാല്‍ പോലും ഒന്നും ചെയ്യാനില്ല. കാരണം തങ്ങളുടെ ആപ്പുകള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നതിനെക്കുറിച്ചുള്ള പ്രാഥമിക വിവരം പോലും അറിയാത്തവര്‍ പോലും ആപ്പുകള്‍ ഇറക്കിയിരിക്കുന്നു എന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തങ്ങളുടെ ആപ്പുകളുടെ കോഡുകളില്‍ എന്തെല്ലാമുണ്ട് എന്ന കാര്യമൊന്നും പല ആപ് ഉടമകള്‍ക്കും അറിയില്ലത്രെ.

സാധാരണഗതിയില്‍ ആപ്പുകള്‍ക്ക് ഡൗണ്‍ലോഡുകള്‍ ലഭിക്കാന്‍ മാസങ്ങളെടുക്കും. എന്നാല്‍, ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇന്നലെ പൊങ്ങിവന്ന ആപ്പിനു പോലും പതിനായിരക്കണക്കിന് ഉപയോക്താക്കളാണ് വരുന്നത്. നേരത്തെ ഉണ്ടായിരുന്ന ആപ്പുകള്‍ക്കു പോലും അവര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന ഡേറ്റ കൈകാര്യം ചെയ്യാനുള്ള സൗകര്യമുണ്ടോ എന്ന കാര്യമൊന്നും ആര്‍ക്കുമറിയില്ല. ഉപയോക്താക്കള്‍ കൂടുമ്പോള്‍ ഡേറ്റാ കൈകാര്യം ചെയ്യുന്ന രീതിയും അവയ്ക്കു വേണ്ട സുരക്ഷാമാനദണ്ഡങ്ങളുമൊക്കെ പ്രശ്‌നം സൃഷ്ടിച്ചേക്കാമെന്നു പറയുന്നു. പുതിയ ആപ്പുകളില്‍ പലതും ഭാവിയില്‍ പ്രശ്‌നം സൃഷ്ടിച്ചേക്കാമെന്നു വിശ്വസിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു.

ആപ്പുകള്‍ക്ക് ലക്ഷക്കണക്കിനു ഡൗണ്‍ലോഡ് കിട്ടുന്നുണ്ടെങ്കിലും ഇവയില്‍ പലതും ദീര്‍ഘകാലത്തേക്ക് നിലനിന്നേക്കില്ലെന്നു തന്നെയാണ് വിദഗ്ധര്‍ കരുതുന്നത്. ഇതു കൂടാതെ, ഇവയിലേതെങ്കിലും ലോക നിലവാരമുള്ള ആപ്പുകളായി തീരുമെന്നും ആരും കരുതുന്നില്ല. ഉപയോക്താക്കള്‍ ഒരോന്നും ഡൗണ്‍ലോഡ് ചെയ്ത് ഇഷ്ടപ്പെട്ടില്ലെങ്കില്‍ അടുത്തതു പരിക്ഷിക്കാമെന്നു വയ്ക്കും. ഹൃസ്വകാലത്തേക്ക് ഇവ ഓളമുണ്ടാക്കിയേക്കുമെന്നും അവര്‍ പറയുന്നു. മറ്റൊരു കൂട്ടം വിശകലന വിദഗ്ധര്‍ പറയുന്നത് ഇന്ത്യ കെട്ടിയ വേലിക്കുള്ളില്‍ വളരുന്ന ആപ്പുകള്‍ എന്ന സങ്കല്‍പം രാജ്യത്തിനു മുതല്‍ക്കൂട്ടായേക്കില്ല എന്നാണ്. പ്രാദേശിക ആപ്പുകള്‍ക്കു പ്രാധാന്യം എന്ന സങ്കല്‍പ്പവും വിജയിക്കണമെന്നില്ല. പല ആപ്പുകളും അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അതിന് വ്യക്തമായ കാരണങ്ങളും ഉണ്ട്. ആഗോള തലത്തില്‍ മത്സരിക്കാന്‍ സാധിക്കുന്ന ആപ്പുകള്‍ സൃഷ്ടിക്കപ്പെടുമ്പോള്‍ മാത്രമായിരിക്കും ഇന്ത്യന്‍ ആപ് സിസ്റ്റം പുഷ്ടിപ്പെടുക. പല ഇന്ത്യന്‍ ആപ്പുകള്‍ക്കും അത്തരം ഗുണനിലവാരമൊന്നും ഇപ്പോഴില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. കഴിവുള്ള ഡെവലപ്പര്‍മാര്‍ ഇറക്കുന്ന ആപ്പുകള്‍ ഇന്ത്യ കവിഞ്ഞൊഴുകി രാജ്യാന്തര തലത്തില്‍ വ്യാപിച്ച് അഭിമാനമാകുന്ന കാലത്തിനായി ഇനിയും കാത്തിരിക്കേണ്ടി വന്നേക്കും.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...