പതിറ്റാണ്ടുകള്‍ക്കിടയില്‍ ഇതാദ്യം; ഇരട്ട കുട്ടിയാനകള്‍ പിറന്നു

elephant
SHARE

‌ശ്രീലങ്കയിലെ ദേശീയാപാര്‍ക്കുകളിലൊന്നിലാണ് അത്യപൂര്‍വമായി മാത്രം സംഭവിക്കുന്ന ജനനം കണ്ടെത്തിയത്. ആനകള്‍ക്കിടയില്‍ വളരെ അപൂര്‍വമായെ ഇരട്ടക്കുഞ്ഞുങ്ങള്‍ ജനിക്കാറുള്ളു. ശ്രീലങ്കയിലെ മിന്നേറിയ ദേശീയപാര്‍ക്കിലാണ് സംഭവം. നാല് ആഴ്ചയോളം പ്രായം വരുന്ന ഈ ഇരട്ടക്കുട്ടികളെ അമ്മയ്ക്കൊപ്പമാണ് ശ്രീലങ്കയിലെ ദേശീയ പാര്‍ക്കുകളിലൊന്നില്‍ വനപാലകര്‍ കണ്ടെത്തിയത്.പതിറ്റാണ്ടുകള്‍ക്കിടയില്‍ ഇതാദ്യമായാണ് ഇത്തരമൊരു സംഭവം കണ്ടെത്തുന്നത്. എന്തായാലു അമ്മയും ഇരട്ടകുഞ്ഞുങ്ങളും അത്ഭുതമായി മാറുകയാണ് ലോകത്തിന്. 

ആനകളുടെ പ്രസവത്തില്‍ 1 ശതമാനത്തില്‍ താഴെ മാത്രമാണ് ഇരട്ട കുട്ടികളുണ്ടാകാന്‍ സാധ്യതയുള്ളത്. അതുകൊണ്ട് തന്നെ ഒരു അമ്മയാന രണ്ട് കുട്ടയാനകളെ സംരക്ഷിക്കുന്നതും പാല് നല്‍കുന്നതും കണ്ടപ്പോള്‍ വനപാലകര്‍ അമ്പരന്നു. ഒരു പക്ഷേ മറ്റേതോ ആനയുടെ കുട്ടികളില്‍ ഒന്നിനെ സംരക്ഷിക്കുന്നതാകാം എന്നാണ് ആദ്യം കരുതിയത്. എന്നാല്‍ തുടര്‍ന്ന് നടത്തിയ നിരീക്ഷണത്തിലാണ് ഇവ ഇരട്ടക്കുട്ടികളാണെന്ന് വ്യക്തമായത്.

ഇതാദ്യമായി ശ്രീലങ്കയില്‍ ഇരട്ട ആനക്കുട്ടികള്‍ ഉണ്ടായിരിക്കുന്നു എന്നാണ് ഇവയുടെ ജനനം ലോകത്തെ അറിയിച്ച് കൊണ്ട് വന്യജീവി വകുപ്പ് ഡയറക്ടര്‍ താരകാ പ്രസാദ് ട്വീറ്റ് ചെയ്തത്. ആനക്കുട്ടികള്‍ അമ്മയാനയ്ക്കൊപ്പം മേഞ്ഞു നടക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. നിരീക്ഷണത്തിലൂടെ ഇവ ഇരട്ട ആനക്കുട്ടകള്‍ തന്നെയാണ് എന്ന് വ്യക്തമായശേഷം ഇപ്പോള്‍ ഡിഎന്‍എ ടെസ്റ്റ് കൂടി നടത്താനാണ് ശ്രീലങ്കന്‍ വന്യജീവി വകുപ്പിന്‍റെ ശ്രമം.

സമീപകാലത്തൊന്നും ഏഷ്യയില്‍ ഇരട്ട ആനക്കുട്ടികളുടെ ജനനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അതേസമയം ആനക്കുട്ടികളുടെ ജനനമല്ല അവയുടെ അതിജീവനമാണ് പ്രധാന പ്രശ്നമെന്ന് ഗവേഷകരില്‍ ചിലര്‍ ചൂണ്ടിക്കാട്ടുന്നു. പ്രത്യേകിച്ചും ഇരട്ട ആനക്കുട്ടികളുടെ അതിജീവനം. ഏതാണ്ട് 4-5 വയസ്സ് വരെ പൂര്‍ണ്ണമായും അമ്മയെ ആശ്രയിച്ചായിരിക്കും ആനക്കുട്ടികളുടെ ജീവിതം. നാല് മാസം ആകുമ്പോഴേക്കും ചെറിയ തോതില്‍ പുല്ല് തിന്നാല്‍ തുടങ്ങുമെങ്കിലും 2 വയസ്സ് വരെ ഇവയ്ക്കാവശ്യമായ പ്രധാന പോഷകങ്ങള്‍ ലഭിയ്ക്കുന്നത് മുലപ്പാലിലൂടെ ആയിരിക്കും. അതുകൊണ്ട് തന്നെ രണ്ട് കുട്ടികളെ പോറ്റി വളര്‍ത്താന്‍ അമ്മയാനയ്ക്ക് വേണ്ടി വരുന്ന ഊര്‍ജ്ജം വളരെ വലുതാണ്. അതിനാൽ തന്നെ ഇരട്ടയാനകളില്‍ ഒന്ന് ആവശ്യത്തിന് ശ്രദ്ധയോ പോഷകമോ കിട്ടാതെ ജീവൻ നഷ്ടപ്പെടുകയാണ് പതിവ്. സമാനമായ സാഹചര്യം 2018 ല്‍ ആഫ്രിക്കയിലെ കെനിയയിലുള്ള ആമ്പോസെലി വന്യജീവി പാര്‍ക്കില്‍ ഉണ്ടായ ഇരട്ടയാനക്കുട്ടികളിലൊന്നിന് നേരിട്ടിരുന്നു. ഇതിനിടെ ആമ്പോസൈലി പാര്‍ക്കില്‍ തന്നെ വീണ്ടും ഇരട്ട ആനകുട്ടികളെ കണ്ടെത്തിയതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...