20 കിലോ കുറഞ്ഞു, കലക്കൻ പരിപാടി; ജീവിതം മാറി മറിഞ്ഞെന്ന് ജോജു

joju-11
SHARE

ലോക്ഡൗണിൽ വയനാട്ടിൽ കുടുങ്ങിപ്പോയത് ജീവിതം തന്നെ മാറ്റി മറിച്ചുവെന്നാണ് നടൻ ജോജു ജോർജ് പറയുന്നത്. വയനാട്ടിലെ ആയുർവേദ ചികിൽസാ കേന്ദ്രത്തിലേക്ക് പോയ ജോജു മടങ്ങാനൊരുങ്ങുമ്പോഴാണ് ലോക്ഡൗൺ വന്നത്. ഇതോടെ തിരിച്ചു പോരുക ബുദ്ധിമുട്ടായി. ചികിൽസ പൂർത്തിയാക്കി വയനാടൻ ചുരമിറങ്ങിയപ്പോൾ 20 കിലോയും കുറഞ്ഞുവെന്നും ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ ജോജു പറയുന്നു.

 "മാര്‍ച്ച് 10നാണ് വയനാട്ടിലെ ആയുര്‍വേദ യോഗ വില്ലയില്‍ എത്തിയത്. എത്തിയപ്പോള്‍ മനസിലായി എനിക്ക് പറ്റാത്ത പരിപാടിയാണ്. 130 കിലോ ആയിരുന്നു ഞാന്‍. ഇവിടത്തെ ഡയറ്റും എനിക്ക് ശീലമില്ലാത്ത ഡിസിപ്ലിനും ഒക്കെ കണ്ടപ്പോള്‍ തിരിച്ചു പോകാമെന്നു കരുതിയതാണ്. അപ്പോഴാണ് ലോക്ഡൗണ്‍ വന്നത്.

പൊലീസുകാര്‍ പറഞ്ഞത് 14 ദിവസം കഴിയാതെ പോകാന്‍ കഴിയില്ലെന്നായിരുന്നു. വീട്ടില്‍ ചെന്നാലും അവിടെയും 14 ദിവസം ഇരിക്കണം. അങ്ങനെ വേറെ വഴി ഇല്ലാതെ ഇരുന്നതാണ്. ആ സമയത്തിനുള്ളില്‍ ഞാനീ സ്ഥലുമായി ഇഴുകിചേർന്നു. ഇപ്പോള്‍ എനിക്ക് വയറൊന്നും ഇല്ല. ഹെല്‍ത്ത് വൈസ് ഭയങ്കര ലൈറ്റ് ആയി. അങ്ങനെയൊരു കലക്കന്‍ പരിപാടി ആയി." 

ആയുര്‍വേദ യോഗ വില്ലയിലെ ഡോ.വിപിന്റെ കീഴിലായിരുന്നു ജോജുവിന്റെ ചികിത്സ. 'അദ്ദേഹം എന്റെ ജീവിതശൈലി മാറ്റി'യെന്നാണ് ജോജു ആ ചികിത്സാനുഭവത്തെക്കുറിച്ച് പറയുന്നത്. "ഞാനൊന്നും നിർത്തിയിട്ടില്ല. എല്ലാം കണ്‍ട്രോള്‍ ചെയ്തു. ഇപ്പോള്‍ പൂര്‍ണമായും വെജിറ്റേറിയന്‍ ആയി. ഡോ.വിപിന്‍ ആണ് അതിന് എന്നെ സഹായിച്ചത്," ജോജു പറയുന്നു. 

ശരീരഭാരം കുറച്ചതിന് പുറമേ ചെറിയ രീതിയിൽ കൃഷിയും തുടങ്ങിയിട്ടുണ്ട് താരം. തിരക്കഥാകൃത്ത് സജീവ് പാഴൂരാണ് തന്റെ പ്രചോദനമെന്നും ജോജു വെളിപ്പെടുത്തി. ഒരു ചെറിയ ഫാം ഹൗസ് തന്നെ വീടിനോട് ചേർന്ന് തയ്യാറാക്കി. അടുക്കളത്തോട്ടവും മീൻ വളർത്തലും വെച്ചൂർ പശുവുമെല്ലാം ഉണ്ട്. 

ബാക്കിയുള്ളവരും ഇങ്ങനെ ആലോചിച്ചാൽ നല്ലതാണെന്ന നിർദ്ദേശവും താരം മുന്നോട്ട് വയ്ക്കുന്നു. 'എനിക്കിപ്പോള്‍ രണ്ടു വെച്ചൂര്‍ പശുക്കളുണ്ട്. ഒരു ആട്, നാടന്‍ കോഴികള്‍, മത്സ്യം... പിന്നെ കുറെ പച്ചക്കറികള്‍. ഇതൊരു പുതിയ തുടക്കമാണ്. അപ്പനും അമ്മയ്ക്കും പിള്ളേര്‍ക്കും നല്ല ആഹാരം കൊടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എല്ലാ വീടുകളിലും ഇതു തുടങ്ങിയാലോ, ജോജു ചോദിക്കുന്നു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...