അത്യപൂർവ രക്തം തേടി കുരുന്ന്; ഇന്ത്യയിൽ ഉള്ളത് രണ്ടുപേർക്ക്; ആഗോള തിരച്ചില്‍

pnullblood-10
പ്രതീകാത്മക ചിത്രം
SHARE

അത്യപൂർവ ഗ്രൂപ്പിലെ രക്തം തേടി അഞ്ചു വയസുകാരി. തലയോടിനേറ്റ പരുക്കിനുള്ള ശസ്ത്രക്രിയയ്ക്കായി അമൃത ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടിരിക്കയാണ് അനുഷ്കയെന്ന കുരുന്ന്. 'പി നൾ ഫെനോടൈപ്പ്' എന്നറിയപ്പെടുന്ന രക്തഗ്രൂപ്പാണ് കുഞ്ഞ് അനുഷ്കയുടേത്. രാജ്യത്ത് തന്നെ ആകെ രണ്ട് പേർക്ക് മാത്രമേ ഈ ഗ്രൂപ്പ് രക്തം ഉള്ളൂ. ഇതോടെ സാധ്യമായ എല്ലാ മാർഗങ്ങളിലും തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്  എല്ലാവരും.

കഴിഞ്ഞ വർഷം കളിക്കുന്നതിനിടെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് അനുഷ്കയ്ക്ക് പരുക്കേറ്റിരുന്നു. ഇതേത്തുടർന്നാണ് ശസ്ത്രക്രിയ ഡോക്ടർമാർ നിർദ്ദേശിച്ചത്. ആദ്യഘട്ട ശസ്ത്രക്രിയ നടത്തിയതോടെ തന്നെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിലാണ്. പിനൾ അഥവാ പിപി എന്നറിയപ്പെടുന്ന രക്തം ലഭിച്ചാൽ മാത്രമേ സുപ്രധാന ശസ്ത്രക്രിയ നടത്താൻ കഴിയുകയുള്ളൂ.

2018 ൽ മണിപ്പാൽ കസ്തൂർബ ആശുപത്രിയിൽ ചികിൽസ തേടിയ ആൾക്ക് മാത്രമാണ് ഇതിന് മുൻപ് ഈ ഗ്രൂപ്പ് രക്തം കണ്ടെത്തിയത്. ഇയാളെ ആശുപത്രി അധികൃതർ ബന്ധപ്പെട്ടുവെങ്കിലും എബിഒ ചേരാത്തത്തിനാൽ ശ്രമം ഉപേക്ഷിച്ചു. ഇതോടെയാണ് തിരച്ചിൽ ആഗോളവ്യാപകമാക്കിയത്. ലണ്ടനിലെ ഒരു ആശുപത്രിയിൽ രക്തം ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ആശുപത്രി അധികൃതർ ബന്ധപ്പെടാൻ ശ്രമിക്കുകയാണ്. 

അപൂർവ രക്തം, കണ്ടെത്തുക ദുഷ്കരം

എ,ബി, ഒ, ആർച്ച് ഡി തുടങ്ങിയവയാണ് സാധാരണയായി കണ്ടുവരുന്ന രക്തഗ്രൂപ്പുകൾ. എന്നാൽ ഇവയുടെ കൂട്ടത്തിൽ പെടാത്ത ഇരുന്നൂറോളം രക്തഗ്രൂപ്പുകൾ വേറെയുമുണ്ട്. മനുഷ്യശരീരത്തിന്റെ രോഗപ്രതിരോധ ശേഷി ഇവയെ ആശ്രയിച്ചാണ് നിൽക്കുന്നത്. രക്തത്തിലെ ആന്റിജനുകളുടെ സാന്നിധ്യവും അസാന്നിധ്യവുമാണ് രക്ത ഗ്രൂപ്പുകളിൽ വൈവിധ്യം കൊണ്ടുവരുന്നത്. 99 ശതമാനം ആളുകളുടെയും രക്തത്തിലുള്ള ഒരു ആന്റിജൻ ഒരു പ്രത്യേക ഗ്രൂപ്പ് രക്തത്തിൽ ഇല്ലെങ്കിൽ അതിനെയാണ് അപൂർവഗ്രൂപ്പെന്ന് വിളിക്കുന്നത്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...