മുത്തുവില്ലാതെ ചുണ്ടയില്ല; ഒരു അപൂർവ സ്നേഹത്തിന്റെ കാഴ്ച

boarlove-04
SHARE

വയനാട് മാരമലക്കോളിനിയിലെ ആദിവാസി വീട്ടമ്മയും കാട്ടുപന്നിയും തമ്മിലുള്ള ആത്മബന്ധത്തെക്കുറിച്ചുള്ള ഒരു വാര്‍ത്ത നേരത്തെ മനോരമ ന്യൂസ് അവതരിപ്പിച്ചിരുന്നു. അതിനേക്കാള്‍ ഹൃദയസ്പര്‍ശിയായ മറ്റൊരു കഥ കാണാം. മൂന്നാനക്കുഴി മട്ടൂര്‍ കോളനിയിലെ ചുണ്ട എന്ന ആദിവാസി വയോധികയും അവരുടെ എല്ലാമെല്ലാമായ മുത്തു എന്നു പേരുള്ള കാട്ടുപന്നിയുമാണ് ഇതിലെ താരങ്ങള്‍.

പശുവിന് പുല്ലുചെത്താന്‍ പോവാനൊരുങ്ങുകയാണ് ചുണ്ട. പിന്നാലെ തന്നെ മുത്തുവരേണ്ടതാണ്. ഞങ്ങളെയും കാമറയും മൈക്കുമൊക്കെ കണ്ടതുകാരണം മുത്തുവിന് പുറത്തേക്ക് വരാല്‍ ചെറിയൊരു മടി. അകത്തേക്ക് തന്നെ പിന്‍വാങ്ങി.

സാഞ്ചിയും പലഹാരവും കണ്ടപ്പോള്‍ മടി മാറി മെല്ലെ പുറത്തേക്ക് വന്നു. സാധാരണ റസ്ക്കും പാലുമാണ് എല്ലാ ദിവസവും ചുണ്ട കൊടുക്കാറുള്ളത്.

മുറുക്കാന്‍ ചവയ്ക്കുന്ന ചുണ്ടയ്ക്കൊപ്പം ബിസ്ക്കറ്റ് തിന്നുന്ന മുത്തു. മട്ടൂര്‍ ആദിവാസി കോളനിയില്‍ വന്നാല്‍ എല്ലാ ദിവസവും ഈ കാഴ്ച കാണാം.

ചുണ്ട മകളെപ്പോലെയാണ് മുത്തുവിനെ കാണുന്നത്. എവിടെപ്പോയാലും നിഴല്‍ പോലെ മുത്തുവുണ്ടാകും. രണ്ടാഴ്ച പ്രായമുള്ളപ്പോള്‍ ക്ഷീണിച്ച നിലയില്‍ വഴിയരികില്‍ നിന്നും കിട്ടിയതാണ്. രക്ഷപ്പെടുത്താനാണ് എടുത്തു വളര്‍ത്തിയത്. 

ഇപ്പോള്‍ ഭക്ഷണം കഴിക്കലും ഉറങ്ങലും ഒരുമിച്ച് തന്നെ. മുത്തുവില്ലാത്ത ജീവിതം ചുണ്ടയ്ക്ക് ചിന്തിക്കാനാവില്ല. കാട്ടുപന്നികള്‍ നാട്ടിലിറങ്ങി കര്‍ഷകര്‍ക്ക് നിരന്തരം പ്രശ്നമുണ്ടാക്കുന്ന കാലത്താണ് കാടിനെയും നാടിനെയും ഒരുമിപ്പിക്കുന്ന ഈ അപൂര്‍വ സ്നേഹം.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...