2 ദിവസം മാത്രമുള്ള കുഞ്ഞിനെ ബന്ധുക്കളെ ഏൽപ്പിച്ച് ഐസൊലേഷൻ; നോവുകാലം കഴിഞ്ഞു

kollam-covid
SHARE

കൊല്ലം∙ ഐസലേഷന്റെയും നിരീക്ഷണകാലത്തിന്റെയും അകൽച്ചയ്ക്കിപ്പുറം ഇൻസാഫ് ഇനി അടുപ്പത്തിന്റെ അമ്മച്ചൂടിൽ. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ കോവിഡ് മുക്തൻ മുഹമ്മദ് ഇൻസാഫും രോഗമുക്തയായ അമ്മ അയിഷയും 40 ദിവസത്തെ കോവിഡ് കാലത്തിനിപ്പുറം വെവ്വേറെയുള്ള വീട്ടുനിരീക്ഷണം പൂർത്തിയാക്കി ഒന്നിച്ചു.  പ്രതീക്ഷിച്ചതിനും ഒരാഴ്ച മുൻപേ മേയ് 21 ന് അടിയന്തര ശസ്ത്രക്രിയയിലൂടെയായിരുന്നു ഇൻസാഫിന്റെ ജനനം.

രണ്ടാം ദിനം അയിഷയുടെ കോവിഡ് ടെസ്റ്റിന്റെ ഫലം വന്നു; പോസിറ്റിവ്. 2 ദിവസം പ്രായമുള്ള മകനെ ബന്ധുക്കളുടെ കയ്യിലേൽപ്പിച്ചാണ്  അയിഷ പാരിപ്പള്ളി മെഡിക്കൽ കോളജിലെ കോവിഡ് വാർഡിലേക്കു മാറുന്നത്. പിറ്റേന്ന് ഇൻസാഫിനും രോഗം സ്ഥിരീകരിച്ചതോടെ ഒന്നിച്ചായി ഇരുവരുടെയും ഐസലേഷൻ. സിസേറിയൻ കഴിഞ്ഞതിന്റെ നോവ്, കുഞ്ഞിന് അസുഖം കൂടുമോ എന്ന ആധി.. ഐസലേഷൻ കാലം മറന്നുകളയാൻ ആഗ്രഹിക്കുന്ന പേടിസ്വപ്നമാണെന്ന് അയിഷ പറയുന്നു. 

ഇൻസാഫിന്റെ കുഞ്ഞിച്ചിരി മാത്രമായിരുന്നു പിടിച്ചുനിൽക്കാനുള്ള പ്രതീക്ഷ. 6 ന് ഇൻസാഫിന്റെ 2 പരിശോധനാഫലങ്ങളും നെഗറ്റീവായി. അയിഷയ്ക്കൊപ്പം കഴിഞ്ഞതിനാൽ ക്വാറന്റീനിൽ പോകേണ്ടി വന്ന അമ്മ, നിരീക്ഷണം പൂർത്തിയാക്കിയശേഷം കുഞ്ഞിനെ ഏറ്റുവാങ്ങി. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ കോവിഡ് മുക്തനായി ഇൻസാഫ് വീട്ടിലേക്ക് മടങ്ങുമ്പോഴും അയിഷയ്ക്ക് രോഗം ഭേദമായിരുന്നില്ല. വിഡിയോ കോളിൽ മകന്റെ കരച്ചിൽ കാണാനാവാതെ വന്നതോടെ ഇനി കോവിഡ് കടന്ന് ഇൻസാഫിന്റെ ചിരിത്തെളിച്ചം നേരിട്ടു കണ്ടാൽ മതിയെന്ന് അയിഷ തീരുമാനിച്ചു.

2 ടെസ്റ്റുകളും നെഗറ്റീവായി അയിഷ ആശുപത്രി വിട്ടത് പിന്നെയും ഒരാഴ്ച കഴിഞ്ഞാണ്.  രോഗം ഭേദമായ ശേഷമുള്ള 14 ദിവസത്തെ ക്വാറന്റീനും കഴിഞ്ഞ് ഇൻസാഫിന്റെ വിരലിൽ മുറുക്കെപ്പിടിക്കുമ്പോൾ ഉറക്കത്തിലും അവൻ കണ്ണിറുക്കി ചിരിച്ചു; ഈ വിരലിൽ പിടിച്ചല്ലേ അമ്മ നടന്നു കയറിയത്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...