'പൊലീസിന്‍റേത് ക്രൂര അതിക്രമം’; പൊട്ടിത്തെറിച്ച് സൂര്യയുടെ കുറിപ്പ്

sury3
SHARE

തൂത്തുക്കുടിയിൽ പൊലീസ് കസ്റ്റഡിയിൽ പിതാവും മകനും കൊല്ലപ്പെട്ടതിൽ പ്രതിഷേധം കനക്കുകയാണ്. ക്രൂരമായ പീഡനത്തിനിരയായാണ് ഇരുവരും കൊല്ലപ്പെട്ടത്. സ്വകാര്യഭാഗങ്ങളിൽ കമ്പി കുത്തിക്കയറ്റുകയുൾപ്പെടെയുള്ള ക്രൂരതയ്ക്ക് ഇരുവരും വിധേയരായി. കൊല്ലപ്പെട്ട ജയരാജന്‍, മകന്‍ ഫെനിക്സ് എന്നിവര്‍ക്കു നീതി വേണമെന്നാവശ്യപ്പെട്ട് ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ വലിയ തോതില്‍ ഹാഷ് ടാഗ് ക്യാംപെയ്‍നുകള്‍ നടക്കുന്നുണ്ട്. ഇപ്പോഴിതാ വിഷയത്തില്‍ ശക്തമായ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടന്‍ സൂര്യ. 

അധികാരത്തിന്‍റെ ഈ ദുര്‍വിനിയോഗം അവസാനിച്ചേ തീരൂവെന്നു പറയുന്ന സൂര്യ ഈ അച്ഛനും മകനും മരണപ്പെട്ടിരുന്നില്ലെങ്കില്‍ പൊലീസ് അതിക്രമം ശ്രദ്ധ നേടുമായിരുന്നോ എന്നും ചോദിക്കുന്നു. ട്വിറ്ററില്‍ പങ്കുവച്ച ദീര്‍ഘമായ  കുറിപ്പിലൂടെയാണ് സൂര്യയുടെ പ്രതികരണം.

"സാത്താങ്കുളം പൊലീസ് സ്റ്റേഷനില്‍ നടന്ന സംഭവം പൊലീസ് സേനയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന ഒന്നാണ്. എവിടെയോ നടന്ന ഒരു സംഭവമെന്ന നിലയില്‍ അവഗണിക്കാനാവുന്ന ഒന്നല്ല ഇത്. പൊലീസിന്‍റെ ക്രൂര അതിക്രമത്തിനു വിധേയരായ ശേഷവും ജയരാജിനെയും ഫെനിക്സിനെയും പരിശോധിച്ച സര്‍ക്കാര്‍ ഡോക്ടര്‍ വിലയിരുത്തിയത് അവരുടെ ആരോഗ്യസ്ഥിതിയില്‍ കുഴപ്പമൊന്നുമില്ലെന്നാണ്. അവരുടെ യഥാര്‍ഥ സ്ഥിതി എന്തെന്നു പരിഗണിക്കാതെയാണ് മജിസ്ട്രേറ്റ് കസ്റ്റഡി അനുവദിച്ചു കൊടുത്തതും. ജയില്‍ വിചാരണയും വേണ്ടവിധത്തിലല്ല നടന്നത്. പൗരാവകാശത്തിന്‍റെ കാര്യത്തില്‍ നമ്മുടെ അധികാര കേന്ദ്രങ്ങള്‍ കാട്ടുന്ന അലംഭാവം എത്രത്തോളമാണെന്നതിനു തെളിവാണ് ഈ ജാഗ്രതക്കുറവ്", സൂര്യ പറയുന്നു.

ജയരാജന്‍റെയും ഫെനിക്സിന്‍റെയും മരണം അതിനാല്‍ത്തന്നെ 'സംഘടിത കൊല'യുടെ ഗണത്തിലാണ് പെടുന്നതെന്നും സൂര്യ പറയുന്നു. "രണ്ട് മനുഷ്യരുടെ മരണം സംഭവിച്ചിരുന്നില്ലെങ്കില്‍ ഈ പൊലീസ് ക്രൂരത ശ്രദ്ധിക്കപ്പെടാതെ പോയേനെ. പൊലീസിനെ എതിര്‍ത്താല്‍ എന്തു സംഭവിക്കും എന്നതിന്‍റെ തെളിവായി, ജയില്‍ വിട്ട് വരുമായിരുന്ന ജയരാജനും ഫെനിക്സും അവശേഷിച്ചേനെ. തങ്ങളുടെ മരണത്തിലൂടെ ഈ അച്ഛനും മകനും സമൂഹമനസാക്ഷിയെ പിടിച്ചുകുലുക്കിയിരിക്കുകയാണ്. സംഭവത്തില്‍ തങ്ങളുടെ കര്‍ത്തവ്യത്തില്‍ വീഴ്‍ച വരുത്തിയ ഓരോരുത്തരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണം, അവര്‍ ശിക്ഷിക്കപ്പെടുകയും വേണം", സൂര്യ പറയുന്നു. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...