പണ്ട് 8 കിലോ ബീഫ്; ഇന്ന് 15; നാട് ഏറ്റെടുത്ത ഹോട്ടൽ; ‘അനുഗ്രഹ’ത്തിരക്ക്

hotel-love-story
SHARE

‘ഉർവശീ ശാപം ഉപകാരമായി’ എന്നു പറയുന്നത് എത്രമാത്രം ശരിയാണെന്ന് അറിയണമെങ്കിൽ കൊല്ലം അമ്പലംകുന്ന് ചെറുവക്കലുള്ള അനുഗ്രഹ ഹോട്ടലിൽ എത്തണം. രണ്ടുദിവസം കൊണ്ട് ഉണ്ടായ മാറ്റങ്ങൾ അത്രത്തോളമാണ്. ഒപ്പം മലയാളിയുടെ സ്നേഹത്തിന് ഉദാഹരണം കൂടിയാണ് ഇത്. ഉൗണിന് 100 രൂപ വാങ്ങി എന്ന വിഡിയോ വൈറലായ ശേഷം കച്ചവടത്തിൽ വന്ന മാറ്റത്തെ കുറിച്ച് ദമ്പതികളായ സജിയും ലിസിയും പറയുന്നു.

‘എന്താണ് പറയേണ്ടതെന്ന് അറിയില്ല. അത്രമാത്രം സ്നേഹമാണ് ആളുകൾ കാണിക്കുന്നത്. ഭക്ഷണം കഴിക്കാൻ കിലോമീറ്ററുകൾക്ക് അപ്പുറം ഉള്ളവർ വരുന്നു. ഫോട്ടോ എടുക്കുന്നു. ഫെയ്സ്ബുക്കിൽ ഇടാനാണ് ചേച്ചി എന്നു പറയുന്നു. ഭക്ഷണത്തിന്റെ രുചിയെ പറ്റി പറയുന്നു. ഇതെല്ലാം ഞങ്ങൾക്ക് പുതിയ അനുഭവമാണ്. ഞങ്ങൾക്ക് ഈ  വാട്സ്ആപ്പോ ഫെയ്സ്ബുക്കോ ഒന്നുമില്ല. എങ്കിലും ആളു‌ടെ വാക്കും സ്നേഹവും അമ്പരപ്പിക്കുന്നതാണ്.

‘കിലോ’ കൂടുന്ന ബീഫും പൊ‘റോട്ടയും

മുൻപ് ഒരു ദിവസം 8 കിലോ ബീഫാണ് വാങ്ങുക. എന്നാൽ ഇന്ന് 15 കിലോ വാങ്ങിയിട്ടും ഇപ്പോൾ തീർന്നു. അതുപോലെയാണ് പൊറോട്ടയും 10 കിലോ മാവിന്റെ പൊറോട്ടയാണ് സാധാരണ അടിക്കുക. ഇന്ന് 18 കിലോ മാവിന്റെ അടിച്ചിട്ടും പൊറോട്ട തികഞ്ഞില്ല. ഇവിടെ വന്ന് ഉൗണു കഴിക്കുന്നവരുടെ എണ്ണവും കൂടുതലാണ്. കൊല്ലം ജില്ലയുടെ പല ഭാഗത്ത് നിന്നുള്ള ആളുകൾ എത്തുന്നുണ്ട്. ലോക്ഡൗണിന് ശേഷം ഒന്നുമില്ലാതിരുന്ന ഇടത്ത് നിന്നാണ് ഈ മാറ്റം. ഒപ്പം നിൽക്കുന്ന എല്ലാവർക്കും നന്ദി.

ഊണിന് 100രൂപ; ദമ്പതികളെ വലച്ച് വിഡിയോ; പിന്നാലെ ജനത്തിരക്ക്; കഥ ഇങ്ങനെ

കേസ് കൊടുത്തിട്ട്..?

ഫോണിലൂടെ ഭീഷണി വന്നിരുന്നു. അതുകൊണ്ടാണ് കേസുകൊടുക്കാൻ തീരുമാനിച്ചത്. ഫോൺ വന്ന നമ്പർ ഇപ്പോൾ നിലവിലില്ല എന്നാണ് പറയുന്നത്. ഈ വിഡിയോ ലൈവ് ചെയ്ത വ്യക്തിയോട് പൊലീസ് സ്റ്റേഷനിൽ വരണമെന്ന് സ്റ്റേഷനിൽ നിന്നും ഇന്നലെ വിളിച്ചു പറഞ്ഞിരുന്നു. എന്നാൽ ഇന്നും വന്നിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. പിന്നീട് ഭീഷണി ഫോണൊന്നും വന്നിട്ടില്ല. 

സോഷ്യൽമീഡിയയിൽ അക്കൗണ്ടില്ലാത്ത സജിയും ലിസിയും ഇന്ന് രുചി വിളമ്പുന്ന താരങ്ങളാണ്. അവരെ പറ്റി മോശം പറഞ്ഞതും അവർ അറിഞ്ഞിരുന്നില്ല. ഇന്ന് നല്ലത് കുറിക്കുന്നതും അവർ വായിക്കുന്നില്ല, എങ്കിലും അവർ നന്ദി പറയുകയാണ്. കേരളത്തിലെ സമൂഹമാധ്യമങ്ങളുടെ കരുത്തിന്..

MORE IN SPOTLIGHT
SHOW MORE
Loading...
Loading...