കോവിഡിനെ 'സാരിയിലാക്കി' ചിത്രകാരി; ഇരുപതു ചിത്രങ്ങൾ ഒറ്റസാരിയില്‍

coronasaree-03
SHARE

കോവിഡിന്റെ തുടക്കം മുതല്‍ നിലവിലെ സാഹചര്യം വരെ ഒറ്റസാരിയില്‍ വരച്ച ചിത്രകാരിയാണ് സിന്ധു സപ്തവര്‍ണ. ഇരുപതു ചിത്രങ്ങളാണ് ഒറ്റസാരിയില്‍ വരച്ചിരിക്കുന്നത്.  

ചൈനയിലെ വുഹാനിലേതാണ് ആദ്യ ചിത്രം. കോവിഡ് മരണം കവരുന്നതായി ലോകം ഞെട്ടിത്തരിച്ച ആ നിമിഷം. പിന്നെ, അമേരിക്കയിലേക്കും ഇറ്റലിയിലേക്കും രോഗം പടര്‍ന്നതിന്റെ കാഴ്ചകള്‍. കൊച്ചു കേരളത്തില്‍ രോഗം എത്തിയതും ചിത്രത്തിലുണ്ട്. മതസമ്മേളനത്തില്‍ നിന്ന് രോഗം കിട്ടിയവര്‍. യാത്രയ്ക്കിടെ രോഗം കിട്ടിയവര്‍.. അങ്ങനെ രോഗബാധിതരേയും ചിത്രത്തില്‍ പ്രമേയമാക്കി. ഇതിനെല്ലാം പുറമെ, ഐസോലേഷന്‍ വാര്‍ഡുകളും ഭംഗിയായി വരച്ചിരിക്കുന്നു. കോവിഡിനെ പ്രതിരോധിക്കാന്‍ സജീവമായി സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ തൊഴില്‍മേഖലകളിലുള്ളവരേയും ചിത്രീകരിച്ചിട്ടുണ്ട്. ഒരു മാസമെടുത്തു ഇതു പൂര്‍ത്തിയാക്കാന്‍. ഫാബ്രിക് പെയിന്റാണ് ഉപയോഗിച്ചത്. ഒന്‍പതര മീറ്ററിലേറെ നീളമുണ്ട് ഈ സാരിയ്ക്ക്. പ്രത്യേകം പറഞ്ഞ് നല്ല നീളത്തില്‍ സാരിയുണ്ടാക്കിയത് തമിഴ്നാട്ടിലായിരുന്നു. പ്രകൃതിയെ സംരക്ഷിച്ചില്ലെങ്കില്‍ ഇത്തരം വൈറസുകള്‍ ഇനിയും വരുമെന്ന മുന്നറിയിപ്പോടെയാണ് ചിത്രം അവസാനിക്കുന്നത്. ഇരുപതു ചിത്രങ്ങള്‍ കൊണ്ട് കോവിഡിന്റെ ഉല്‍ഭവം മുതല്‍ വ്യാപനം വരെ പറയാന്‍ കഴിഞ്ഞുവെന്നതാണ് പ്രത്യേകത. കോസ്റ്റ്യൂ ഡിസൈനര്‍ കൂടിയായ സിന്ധു സപ്തവര്‍ണയുടെ മലപ്പുറം വളാഞ്ചേരിയാണ്. ചിത്രകലയുമായി ബന്ധപ്പെട്ട് തൃശൂരിലാണ് താമസം.

ഈ സാരി ഒരുക്കാനെടുത്ത തയാറെടുപ്പുകള്‍ എല്ലാമായി ഒരു ചിത്രപ്രദര്‍ശനം ലോക്ഡൗണ്‍ തീര്‍ന്നാല്‍ ലളിതകലാ അക്കാദമി ആര്‍ട്ഗാലറിയില്‍ സംഘടിപ്പിക്കുന്നുണ്ട്. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...