പ്രണയത്തിന് അതിർത്തി തടസമായില്ല; കോവിഡ് അതിർത്തി വരച്ചു; ഒടുവിൽ വാളയാറിൽ കല്യാണം

marriage-walayar
SHARE

അനീഷിന്റെയും ഐശ്വര്യയുടെയും സ്നേഹത്തിനു നാടിന്റെ അതിർത്തി തടസ്സമായില്ല, എന്നാൽ, താലിക്കെട്ടിന് കോവിഡ് അതിർത്തി വരച്ചു. ഒടുവിൽ, കേരളത്തിന്റെയും തമിഴ്നാടിന്റെയും അതിർത്തിയിലെ വാളയാറിലെ അമ്പലത്തിൽ അവർ താലികെട്ടി.  മലപ്പുറം തിരൂർ തെക്കുമുറി അരംഗനാഥൻ – ഗുണശീലി ദമ്പതികളുടെ മകൻ അനീഷ് കണ്ണനും മധുര പെരുങ്കുടി ശിവനാദ് – രമണി ദമ്പതികളുടെ മകൾ ഐശ്വര്യലക്ഷ്മിയുമാണു വാളയാർ നാഗലിംഗേശ്വര ക്ഷേത്രത്തിൽ ഇന്നലെ വിവാഹിതരായത്.

ചെന്നൈയിൽ ഐടി ജീവനക്കാരായ ഇരുവരും ആറു വർഷത്തെ പ്രണയത്തിനൊടുവിൽ ജൂൺ‍ ഏഴിനു വിവാഹിതരാകാൻ തീരുമാനിച്ചു.  എന്നാൽ, ഇതിനിടെ ഇരുവരും ലോക്ഡൗണിൽ സ്വന്തം വീടുകളിൽ കുടുങ്ങി. ഡിജിറ്റൽ പാസ് വൈകിയതോടെ വിവാഹവും നീണ്ടു. രണ്ടു ദിവസം മുൻപു വധുവിനു മാത്രം പാസ് കിട്ടി. ബന്ധുക്കളില്ലാതെ വധുവിനു വരാൻ കഴിയില്ലല്ലോ. ഇതോടെയാണ് അതിർത്തിയിൽ വിവാഹം നടത്താൻ മൂഹൂർത്തം കുറിച്ചത്.  വരനും കൂട്ടരും മലപ്പുറത്തു നിന്നും വധുവും കൂട്ടരും മധുരയിൽ നിന്നും വാളയാറിലെത്തി.

ഇരുവരുടെയും രക്ഷിതാക്കളെയും ബന്ധുക്കളെയും  സാക്ഷിയായി താലിചാർത്തി. അതിർത്തിയിൽ കോവിഡ് ഡ്യൂട്ടിയിലായിരുന്ന പൊലീസുകാരും ഉദ്യോഗസ്ഥരും വിവാഹത്തിനു സാക്ഷികളായെത്തി.  വിവാഹശേഷം വരൻ മലപ്പുറത്തേക്കും വധു മധുരയിലേക്കും മടങ്ങി. നിലവിൽ മൈസൂരുവിൽ  ജോലി ചെയ്യുന്ന അനീഷ് ലോക്ഡൗണിനു ശേഷം ചെന്നൈയിലെത്തുന്നതോടെ പുതിയ ജീവിതം ആരംഭിക്കും. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...