ദൈവത്തിന് പാതി കൊടുത്തിട്ടും കുടുങ്ങി; വാറ്റുകാരന്റെ കാണിക്കയില്‍ ഒരു ലക്ഷം

arrack-new
SHARE

ഇങ്ങനെയൊരു ചാരായം വാറ്റുകാരനെ ലോകത്തെവിേടയും കാണില്ല. ചാരായം വിറ്റു കിട്ടുന്ന ലാഭത്തിലെ നല്ലൊരു തുക ദൈവത്തിന് നല്‍കും. ഇഷ്ട ദൈവത്തിന്റെ ഫൊട്ടോയ്ക്കു മുമ്പില്‍ സ്ഥാപിച്ച കാണിക്കപ്പെട്ടിയിലാണ് നിക്ഷേപിക്കുക. പതിനാലായിരം രൂപയാണ് ലാഭമെങ്കില്‍ നാലായിരം ദൈവത്തിന്. മുടങ്ങാതെ കാണിക്കയിടുമായിരുന്നു. തുക ഒന്നിച്ച് ഇഷ്ട ദൈവത്തിന്റെ പേരിലുള്ള തൃശൂരിലെ ഒരു ക്ഷേത്രത്തില്‍ സമര്‍പ്പിക്കും. ഒരു വര്‍ഷമായി തുടരുന്ന പ്രക്രിയ. പക്ഷേ, ദൈവം വിളി കേട്ടില്ല. തൃശൂര്‍ റൂറല്‍ എസ്.പി: വിശ്വനാഥന് കിട്ടിയ രഹസ്യസന്ദേശം എല്ലാം പൊളിച്ചു.

ഒഴിഞ്ഞ ഇടത്തൊരു വാടകവീട്

ചാലക്കുടി നഗരത്തില്‍ നിന്ന് മാറി ഒഴിഞ്ഞ ഇടത്താണ് വാടക വീട്. വീടിന്റെ ഉടമ ഗള്‍ഫില്‍. പന്ത്രണ്ടായിരം രൂപയ്ക്ക് വാടകയ്ക്കു നല്‍കിയതാകട്ടെ വീടു നോക്കാന്‍ ഏല്‍പിച്ചയാളും. ശുചിമുറി വൃത്തിയാക്കുന്ന ദ്രാവകം കുപ്പിയിലാക്കി വില്‍ക്കുന്ന കച്ചവടമാണെന്ന് തെറ്റിദ്ധരിപ്പിച്ചു. വീടിന്റെ കാര്യസ്ഥന്‍ എല്ലാ മാസവും വാടക വാങ്ങാന്‍ വരും. വീട്ടില്‍ കയറാറില്ല. വീട്ടില്‍ കയറിയിരുന്നെങ്കില്‍ ചാരായം വാറ്റ് കാണുമായിരുന്നു. കോടാലി വെട്ടിയടാന്‍ചിറ സ്വദേശി ശ്രീകുമാറാണ് ആസൂത്രിതമായി ചാരായം വാറ്റ് വ്യവസായമായി മാറ്റിയത്. സ്ഥിരം ഇടനിലക്കാര്‍ക്കു മാത്രം കച്ചവടം. സാധാരണക്കാര്‍ക്കു ചാരായം നല്‍കാറില്ല. മൊത്ത വില്‍പനക്കാര്‍ക്കു മാത്രം കൈമാറ്റം. അതുക്കൊണ്ടുതന്നെ, ഒരു വര്‍ഷമായി ബിസിനസ് കൊഴുത്തു

വീട്ടില്‍ പൂജാമുറി

വാടക വീട്ടിലെ മറ്റു മുറികളെല്ലാം ചാരായം വാറ്റു സാമഗ്രികളാണ്. പക്ഷേ, ഒരു മുറി മാത്രം പൂജകള്‍ക്കു മാറ്റിവച്ചു. ഇവിടെ, കൃത്യമായി വിളക്കുവയ്ക്കും പ്രാര്‍ഥിക്കും. പെരിങ്ങോട്ടുകരയിലെ ഒരാളാണ് ആദ്ധ്യാത്മിക ഗുരു. അദ്ദേഹം പറഞ്ഞിട്ടുള്ളത് എന്തു ബിസിനസ് ചെയ്താലും ഒരു വിഹിതം ദൈവത്തിനു നല്‍കിയാല്‍ പിന്നെ ആരു വിചാരിച്ചാലും ആ കച്ചവടം പൊളിക്കാന്‍ സാധിക്കില്ല. പക്ഷേ, ഗുരുവിനോട് ബിസിനസ് ചാരായം വാറ്റാണെന്ന് പറഞ്ഞിരുന്നില്ല.

നോട്ടുകള്‍ ചുരുട്ടിയ നിലയില്‍

എല്ലാ ദിവസവും ജോലി തുടങ്ങും മുമ്പ് 200 രൂപ ചുരുട്ടി കാണിക്കയായി ദൈവത്തിന്റെ ഫൊട്ടോയ്ക്കു മുമ്പില്‍ സമര്‍പ്പിക്കും. പിന്നെ, ലാഭത്തിന്‍റെ വിഹിതം റൊക്കം സമര്‍പ്പിക്കും. 90,000 രൂപയോളം കാണിക്ക തുക പൊലീസ് എണ്ണിയെടുത്തു. ചാരായം വാങ്ങിയവര്‍ നല്‍കിയ തുക സ്വരൂപിച്ചതാണെന്നാണ് പൊലീസ് കരുതിയത്. പക്ഷേ, പ്രതി ശ്രീകുമാര്‍ ഭക്തിയുടേയും വിശ്വാസത്തിന്റേയും കാര്യം പറഞ്ഞപ്പോള്‍ പൊലീസും ഞെട്ടി.

കുവൈറ്റിലും ചാരായം വാറ്റി

കുവൈറ്റിലായിരുന്നു ആദ്യം ജോലി. അവിടെ ചാരായം വാറ്റുന്നതിനിടെ അവിടുത്തെ പൊലീസ് എത്തി. കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടി രക്ഷപ്പെട്ടു. പിന്നെ, നാട്ടില്‍ എത്തി ചാരായം വാറ്റല്‍ തകൃതിയാക്കി. അവിവാഹിതനാണ്. നൂറുകണക്കിനു കുപ്പികള്‍ വീട്ടില്‍ നിന്ന് കണ്ടെടുത്തു. വന്‍തോതില്‍ ചാരായം വാറ്റിയിരുന്ന വീട് ഇതാണെന്ന് ആ നാട്ടിലുള്ള ആരും ഇതുവരെ അറിഞ്ഞില്ല. ഒറ്റപ്പെട്ട വീടായതാണ് കാരണം.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...