കൊറോണ ‘പരത്തിയിട്ടും’ പാഠം പഠിക്കാതെ ചൈന; വീണ്ടും നായ ഇറച്ചി മേള

dog-meat-fest-
SHARE

കൊറോണ വൈറസിന്റെ ഉദ്ഭവത്തിനു കാരണമായിട്ടും പാഠം പഠിക്കാതെ ചൈന. രാജ്യത്തെ ഏറ്റവും വലിയ നായ ഇറച്ചി മേള യുലിൻ നഗരത്തിൽ ഇത്തവണയും മുടങ്ങാതെ ആരംഭിച്ചു. ജൂൺ 21 മുതൽ 30 വരെയാണ് കുപ്രസിദ്ധമായ മേള. നായ ഇറച്ചി വാങ്ങുന്നതിന് ആയിരങ്ങളാണ് മേളയ്ക്കെത്തുക.

വുഹാനിലെ മാംസച്ചന്തയിൽനിന്നാണ് ലോകത്തെ ഞെട്ടിച്ച പുതിയ കൊറോണ വൈറസിന്റെ വരവെന്നു കണ്ടെത്തിയിരുന്നു. അതിനു പിന്നാലെ വന്യജീവികളുടെ ഇറച്ചി വിൽക്കുന്നതിനു ചൈന നിയന്ത്രണവും കൊണ്ടുവന്നിരുന്നു. ഇറച്ചിക്കു വേണ്ടി വിൽക്കേണ്ട മൃഗങ്ങളുടെ പട്ടികയിൽനിന്ന് നായയെ ഒഴിവാക്കാൻ കാർഷിക വകുപ്പ് തീരുമാനവുമെടുത്തു. നിലവിൽ വളർത്തു മൃഗമായി മാത്രമേ നായ്ക്കളെ ഉപയോഗിക്കാവൂ എന്നാണു നിർദേശം. ഇതെല്ലാം കാറ്റിൽപ്പറത്തിയാണ് മേള ആരംഭിച്ചിരിക്കുന്നത്.

dog-fest-1

അതിനിടെ, ഇക്കഴിഞ്ഞ ഏപ്രിലിൽ ഷെൻജേൻ നഗരം നായ ഇറച്ചി നിരോധിക്കുകയും ചെയ്തു. ചൈനയിൽ ആദ്യമായിട്ടായിരുന്നു ഇത്തരമൊരു നിരോധനം. എന്നിട്ടും മറ്റു നഗരങ്ങൾ പാഠം പഠിച്ചില്ല. മാത്രവുമല്ല കോവിഡ് രണ്ടാം വരവിന്റെ സൂചനകൾ ലഭിച്ചിട്ടും ആയിരങ്ങൾ ഒത്തു ചേരാനുള്ള സാഹചര്യമൊരുക്കിയിരിക്കുകയാണു ചൈന. കോവിഡിനു വിരുന്നൊരുക്കുന്നതിനു സമാനമാണിതെന്നാണ് മൃഗസ്നേഹികൾ വിമർശിക്കുന്നത്.

കൂട്ടിൽ കുത്തിനിറച്ച നിലയിൽ വിൽപനയ്ക്കെത്തുന്ന നായ്ക്കൾ യുലിൻ മേളയിലെ സങ്കടക്കാഴ്ചയാണ്. പ്രാകൃതമായ രീതിയിൽ നായ്ക്കളെ കൈകാര്യം ചെയ്യുന്നതിനു കുപ്രസിദ്ധവുമാണ് മേള. മൃഗങ്ങളെയും ഇറച്ചിയും കൈകാര്യം ചെയ്യുന്നത് പലപ്പോഴും വൃത്തിഹീനമായ സാഹചര്യത്തിലാണ്. കോവിഡ് കാലത്തെ ഇറച്ചി വിൽപനയിലെ നിയന്ത്രണങ്ങളെല്ലാം കാറ്റിൽപ്പറത്തിയാണ് ഇപ്പോൾ മേള നടത്തിയിരിക്കുന്നതും.

നായ്ക്കളെ ജീവനോടെ തീയിലിട്ടു ചുടുന്നതും ഇവിടുത്തെ രീതിയാണ്. നായ് ഇറച്ചികൊണ്ടുള്ള വിഭവങ്ങളുമായി ‘ലൈവ്’ സ്റ്റാളുകളും ഹോട്ടലുകളുമുണ്ടാകും. എന്നാൽ ഇത്തവണ മേളയ്ക്ക് ജനം കുറവാണെന്നാണ് മൃഗസ്നേഹികള്‍ പറയുന്നത്. മാത്രവുമല്ല, സർക്കാർ നിയമനടപടികൾ ശക്തമാക്കുകയാണെങ്കിൽ ഇത്തവണത്തെ യുലിൻ മേള അവസാനത്തേതായിരിക്കുമെന്നും അവർ പറയുന്നു.

മൃഗങ്ങൾക്കു വേണ്ടി മാത്രമല്ല, ലോകത്തിന്റെയും ചൈനയുടെയും ആരോഗ്യം മാനിച്ചെങ്കിലും ഇത്തരം പ്രവൃത്തികളിൽനിന്നു രാജ്യം വിട്ടുനിൽക്കുമെന്നാണ് കരുതുന്നതെന്ന് ഹ്യൂമന്‍ സൊസൈറ്റി ഇന്റർനാഷനൽ പ്രവർത്തകൻ പീറ്റർ ലി പറയുന്നു. നായ ഇറച്ചി വിൽക്കാനും ഭക്ഷണമാക്കി കഴിക്കാനും സ്ഥലം നൽകി, കോവിഡ്‌ കാലത്ത് ആയിരങ്ങൾക്ക് ഒത്തുചേരാൻ അവസരമൊരുക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറയുന്നു.

dog-china

ഹ്യൂമൻ സൊസൈറ്റി ഇന്റർനാഷനലിന്റെ നേതൃത്വത്തിൽ യുലിൻ മേള തടയാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ഒരു കോടിയോളം നായ്ക്കളെയും 40 ലക്ഷത്തോളം പൂച്ചകളെയുമാണ് ചൈന ഇറച്ചിക്കായി ഓരോ വർഷവും കൊന്നൊടുക്കുന്നതെന്നാണു കണക്കുകൾ. ഭാവിയിൽ ഇത്തരം മേളകൾക്ക് അനുമതി നൽകില്ലെന്ന് ഇറച്ചി വിൽപനക്കാർക്ക് സർക്കാർതലത്തിൽ മുന്നറിയിപ്പ് ലഭിച്ചതായും സൂചനയുണ്ട്. പക്ഷേ അടുത്തകാലത്തൊന്നും അതു സംഭവിക്കാനിടയില്ലെന്നും നിരീക്ഷകർ പറയുന്നു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...