ഹിറ്റ്ലർ ഒളിപ്പിച്ചു; 8500 കോടിയുടെ സ്വർണം കിണറ്റിൽ; ഡയറി വഴിതുറന്നു

hitler-gold-palace
SHARE

ഏകദേശം 8500 കോടി രൂപ മൂല്യമുള്ള നിധി. രണ്ടാം ലോക മഹായുദ്ധ കാലത്തെ പടയോട്ടത്തിനിടെ നാസികള്‍ പല രാജ്യങ്ങളില്‍നിന്നു മോഷ്ടിച്ച സ്വര്‍ണത്തിന്റെ ഒരു ഭാഗത്തിന്റെ മാത്രം മൂല്യമാണിത്. ഈ സ്വര്‍ണം എവിടെയാണ് അവര്‍ ഒളിപ്പിച്ചുവച്ചതെന്ന അന്വേഷണത്തിലാണ് ഏറെക്കാലമായി ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള നിധി വേട്ടക്കാര്‍. ഒടുവില്‍ അവര്‍ക്കൊരു സൂചന ലഭിച്ചിരിക്കുന്നു. 

പോളണ്ടിലെ ഒരു കൊട്ടാരത്തിനു സമീപത്തുണ്ട് ഇത്രയേറെ വിലപിടിച്ച സ്വര്‍ണ നിധി എന്നാണ് സൂചന. ഏകദേശം 28 ടണ്‍ വരുന്ന സ്വര്‍ണത്തെപ്പറ്റിയുള്ള വിവരമാണ് ഇപ്പോള്‍ ഒരു ഡയറിയില്‍നിന്നു ലഭിച്ചിരിക്കുന്നത്. ജർമന്‍ സ്വേച്ഛാധിപതി ഹിറ്റ്ലറുടെ കീഴിലുണ്ടായിരുന്ന അർധ സൈനിക വിഭാഗമായിരുന്നു ഷുട്ട്സ്റ്റാഫേൽ അഥവാ എസ്എസ്. അത്തരമൊരു എസ്എസ് ഓഫിസറുടെ അവസാന കാലത്തെ ഡയറിയാണ് നിധിയിലേക്കുള്ള വഴി തെളിച്ചത്.

1945ൽ, രണ്ടാം ലോകമഹായുദ്ധത്തില്‍ തോല്‍വി ഉറപ്പിച്ചതോടെ ജര്‍മനി പലയിടത്തും തങ്ങള്‍ മോഷ്ടിച്ച വസ്തുക്കള്‍ ഒളിപ്പിച്ചു വച്ചിരുന്നു. അത്തരത്തിലുള്ള 11 ഇടങ്ങളെപ്പറ്റിയുള്ള സൂചനയാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. പോളണ്ടിലെ വ്രോത്‌സ്‌വാഫ് നഗരത്തിനു സമീപത്തെ ഹോഹ്ബെര്‍ഗ് കൊട്ടാരത്തിനു സമീപത്തെ കിണറ്റിലാണ് സ്വര്‍ണനാണയങ്ങളും ആഭരണങ്ങളും സ്വര്‍ണക്കട്ടികളുമുള്ള നിധി ഒളിഞ്ഞിരിക്കുന്നതെന്നാണു പറയപ്പെടുന്നത്. ഏകദേശം 200 അടി ആഴത്തിലാണ് ഇവയുള്ളത്. ഒരു സത്രത്തില്‍നിന്നാണ് എസ്എസ് ഉദ്യോഗസ്ഥന്റെ ഡയറി ലഭിച്ചതെന്ന് ഇതു കണ്ടെടുത്ത പോളിഷ്-ജര്‍മന്‍ൈസലീഷ്യന്‍ ബ്രിജ് ഫൗണ്ടേഷൻ അംഗങ്ങൾ പറയുന്നു. യുദ്ധത്തിനു ശേഷം രാജ്യാന്തര അതിർത്തികളിൽ ഉൾപ്പെടെ മാറ്റം വന്നതിനാൽ ഡയറിയിലെ പാരിസ്ഥിതിക തെളിവുകൾ ഉപയോഗപ്പെടുത്തിയായിരുന്നു കൃത്യം സ്ഥാനം കണ്ടെത്തിയത്.

രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാന കാലമായതിനാല്‍ത്തന്നെ യുദ്ധത്തില്‍ കൊല്ലപ്പെട്ട ഒട്ടേറെ പേരുടെ മൃതദേഹത്തോടൊപ്പമായിരുന്നു സ്വര്‍ണനിധി നാസികള്‍ കുഴിച്ചിട്ടത്. അതല്ല, സ്വര്‍ണം ഒളിപ്പിക്കുന്നതിനു സാക്ഷികളായവരെയാണു കിണറ്റില്‍ കൊന്നുതള്ളിയതെന്നും പറയപ്പെടുന്നുണ്ട്. 1945ൽ സോവിയറ്റ് സൈന്യം കടന്നു വന്നതോടെ പല പ്രദേശവാസികളും ജര്‍മന്‍ സൈന്യത്തിനു തങ്ങളുടെ വിലപിടിച്ച വസ്തുക്കള്‍ കൈമാറിയെന്നാണു പറയപ്പെടുന്നത്. ഇക്കാര്യം ഡയറിയിൽ വ്യക്തമായി പറയുന്നുമുണ്ട്. 

അതു സത്യമെങ്കില്‍ ഒന്നുറപ്പ്, ഏകദേശം 8500 കോടി രൂപയുടെ സ്വര്‍ണം പോളണ്ടിലെ ആ കിണറ്റില്‍ ഒളിച്ചിരിപ്പുണ്ട്. എന്നാല്‍ ഇക്കാര്യം കണ്ടെത്തിയ പോളിഷ്-ജര്‍മന്‍ െൈസലീഷ്യന്‍ ബ്രിജ് ഫൗണ്ടേഷന് ഇക്കാര്യത്തില്‍ ഇതുവരെ തുടർനടപടികളിലേക്കു കടക്കാന്‍ സാധിച്ചിട്ടില്ല. അതിന് പോളണ്ട് സര്‍ക്കാരിന്റെ അനുമതി വേണം. അതിനുള്ള ശ്രമത്തിലാണ് ഫൗണ്ടേഷന്‍. 

കഴിഞ്ഞ വര്‍ഷം പോളിഷ് സാംസ്‌കാരിക വകുപ്പിന് ഡയറിയിലെ തെളിവുകള്‍ ഫൗണ്ടേഷന്‍ കൈമാറിയിരുന്നു, എന്നാല്‍ ഇതുവരെ സര്‍ക്കാര്‍ മറുപടിയൊന്നും പറഞ്ഞിട്ടില്ല. സര്‍ക്കാരിന്റെ അനുവാദമില്ലാതെ ഉദ്ഖനനവും നടക്കില്ല. എന്നാല്‍ കൊട്ടാരത്തിന്റെ നിലവിലെ ഉടമസ്ഥര്‍ നിധി അന്വേഷിക്കാന്‍  പച്ചക്കൊടി കാണിച്ചിട്ടുണ്ട്. നിധി ഉണ്ടെന്നു പറയുന്ന ഭാഗം വേലി കെട്ടിത്തിരിച്ചിട്ടുണ്ട്, ഒപ്പം പരിസരത്താകെ സിസിടിവിയും ഘടിപ്പിച്ചിട്ടുണ്ട്. കാരണം, അത്രയേറെ ‘വിലയേറിയ’ പ്രദേശമാണല്ലോ ഇപ്പോൾ അത്. 

ഏകദേശം 75 വര്‍ഷം പഴക്കമുള്ള ഡയറിയില്‍ ഹോഹ്ബെര്‍ഗ് കുടുംബത്തില്‍ നടന്ന കൂടിക്കാഴ്ചയെപ്പറ്റിയാണു പ്രധാനമായും പറയുന്നത്. ഡോ.ഗ്രണ്ട്മാന്‍ എന്ന വ്യക്തിയെപ്പറ്റിയും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കിണര്‍ കുഴിക്കുന്നതിനെപ്പറ്റിയും ഡയറിയില്‍ വ്യക്തമാക്കുന്നുണ്ട്. സ്വര്‍ണനാണയങ്ങളും ആഭരണങ്ങളുമെല്ലാം കുഴിച്ചിടുന്നതിനെപ്പറ്റിയും പറയുന്നുണ്ട്. 

വെടിവെയ്പില്‍ പല ആഭരണങ്ങള്‍ക്കും നാശം സംഭവിച്ചിട്ടുണ്ട്. എല്ലാം നിറച്ചതിനു ശേഷം സ്‌ഫോടനം നടത്തി കിണര്‍ ഇടിച്ചു നികത്തുന്നതിനെപ്പറ്റിയും ഡയറിയില്‍ വ്യക്തമാക്കുന്നു. സ്വര്‍ണം ഒളിപ്പിക്കാന്‍ സഹായിച്ചവരുടെ ‘വിധി’യെപ്പറ്റിയും ഡോ. ഗ്രണ്ട്മാന്റെ കഴിവിനെപ്പറ്റിയുമൊക്കെ ഡയറിയില്‍ പരാമര്‍ശമുണ്ട്. ജര്‍മനിയുടെ സാംസ്‌കാരിക പൈതൃക സംരക്ഷണത്തിന്റെ ചുമതയുള്ളയാളായിരുന്ന ഗുന്തര്‍ ഗ്രണ്ട്മാനെപ്പറ്റിയാണ് ഈ പറയുന്നതെന്നാണു ഫൗണ്ടേഷന്റെ നിഗമനം. ഇന്നത്തെ തെക്കന്‍ പോളണ്ടിലെ 11 ഇടങ്ങളിലായി ഇത്തരത്തില്‍ നാസികള്‍ സ്വര്‍ണം ഒളിപ്പിച്ചിട്ടുണ്ടെന്നാണു കരുതുന്നത്. 

ഫ്രാന്‍സിലെ അക്കാലത്തെ വിഖ്യാത ചിത്രകാരന്മാരുടെ അമൂല്യമായ പെയിന്റിങ്ങുകളും ഇത്തരത്തില്‍ ഒളിപ്പിച്ചു വച്ചവയില്‍പ്പെടുന്നുണ്ട്. ഇത്രയും കാലം ഡയറി രഹസ്യമായി ഒളിച്ചുവയ്ക്കാന്‍ ഒരു സംഘത്തെത്തന്നെ ചുമതലപ്പെടുത്തിയിരുന്നു. അതിലെ അവസാന കണ്ണിയും മരിച്ചതിനു പിന്നാലെയാണ് ഡയറിയുടെ രഹസ്യം ഫൗണ്ടേഷന്റെ കൈകളിലെത്തിയത്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...