വീട്ടിനുള്ളിൽ പ്രത്യേക സ്വിച്ച്, മീറ്ററിൽ എത്താതെ വൈദ്യുതി നേരിട്ട്; 8 ലക്ഷം രൂപ പിഴ

kseb-meetre
representative image
SHARE

മുള്ളേരിയ: ‌‌‌‌‌‌വീട്ടിനുള്ളിൽ പ്രത്യേക സ്വിച്ച് സ്ഥാപിച്ച് ശാസ്ത്രീയ രീതിയിൽ നടത്തിയ വൻ വൈദ്യുതി മോഷണം കെഎസ്ഇബി പിടികൂടി. കാറഡുക്ക മഞ്ഞംപാറയിലെ ഒരു വീട്ടിൽ നിന്നാണ് ആന്റി പവർ തെഫ്റ്റ് സ്ക്വാഡിന്റെ (എപിടിഎസ്) പരിശോധനയിൽ  വൈദ്യുതി മോഷണം കണ്ടെത്തിയത്. വീട്ടുടമയ്ക്ക് 8,09678 രൂപ പിഴ ചുമത്തി. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ എപിടിഎസ് പിടികൂടുന്ന ആറാമത്തെ കേസാണിത്. സർവീസ് വയർ മീറ്ററിൽ എത്തും മുൻപ് കട്ട് ചെയ്ത് മറ്റൊരു സ്വിച്ചുമായി ബന്ധിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. വീട്ടിനുള്ളിൽ അലമാരയ്ക്കു പിറകിലായി പെട്ടെന്ന് കാണപ്പെടാത്ത രീതിയിലാണ് സ്വിച്ച് ഘടിപ്പിച്ചിരുന്നത്.

ഇത് ഓൺ ചെയ്യുമ്പോൾ മീറ്ററിൽ എത്താതെ വൈദ്യുതി നേരിട്ട് വീട്ടിൽ എത്തുകയും സ്വിച്ച് ഓഫ് ചെയ്താൽ മീറ്ററിലൂടെ എത്തുന്ന രീതിയിലുമാണ് ക്രമീകരിച്ചിരിക്കുന്നത്. കെഎസ്ഇബിക്കു സംശയം തോന്നാതിരിക്കാൻ ഇടയ്ക്കിടെ സ്വിച്ച് ഓഫ് ചെയ്തും വൈദ്യുതി ഉപയോഗിക്കും. അതുകൊണ്ടാണ് മാസങ്ങളായി തുടർന്ന തട്ടിപ്പ് കണ്ടെത്താൻ അധികൃതർക്കു കഴിയാതിരുന്നതും. കഴിഞ്ഞ വർഷം ജൂലൈയിൽ ഇവരുടെ കണക്‌ഷൻ ത്രി ഫേസിലേക്ക് മാറിയിരുന്നു. അതിനു ശേഷമാണ് തട്ടിപ്പ് ആരംഭിച്ചതെന്നാണ് എപിടിഎസിന്റെ പരിശോധനയിൽ കണ്ടെത്തിയത്. കേസ് എടുക്കാതിരിക്കാനുള്ള കോംപൗണ്ടിങ് ഫീ ഉൾപ്പെടെ കണക്കാക്കിയാണ് നോട്ടിസ് നൽകിയിരിക്കുന്നത്. 

പിടികൂടിയാൽ വൻതുക പിഴ

∙ ലോക്ഡൗണിൽ ഇളവു പ്രഖ്യാപിച്ചതിനു ശേഷം കഴിഞ്ഞ മൂന്നാഴ്ച എപിടിഎസ് നടത്തിയ പരിശോധനയിൽ ‌6 വീടുകളിൽ നിന്നാണ് വൈദ്യുതി മോഷണം പിടികൂടിയത്. 17.96 ലക്ഷം രൂപ പിഴയും ഈടാക്കി.

∙ വൈദ്യുതി മോഷണം പിടികൂടിയ 6 വീടുകളിലും അധികൃതർ കണ്ടെത്തിയത് എസി, അലക്കുയന്ത്രം ഉൾപ്പെടെയുള്ള എല്ലാവിധ വൈദ്യുതി ഉപകരണങ്ങളും. രണ്ടും മൂന്നും എസികൾ ഉള്ള വീടുകളും ഇതിലുണ്ട്. 

∙ ‌‌വൈദ്യുതി ഉപയോഗത്തിൽ പെട്ടെന്നുണ്ടാകുന്ന കുറവാണ് മോഷണം പിടികൂടാൻ ആന്റി പവർ തെഫ്റ്റ് സ്ക്വാഡിന് സഹായമാകുന്നത്. പതിവായി കൂടുതൽ വൈദ്യുതി ഉപയോഗിച്ചിരുന്നവരുടെ ഉപയോഗം കുറയുമ്പോൾ അത് എപിടിഎസ് നിരീക്ഷിക്കും. അധികം കേസുകളും പിടിക്കപ്പെടുന്നത് ഇങ്ങനെയാണ്.

∙ ‌‌വീട്ടിലേക്കാവശ്യമായ വൈദ്യുതി ലോഡിന്റെ തുക കണക്കാക്കി അതിന്റെ ഇരട്ടി തുകയാണ് പിഴയായി അടയ്ക്കേണ്ടത്.

ക്രിമിനൽ കേസിൽ നിന്നു രക്ഷപ്പെടാൻ ഗാർഹിക ഉപയോക്താക്കൾ ഒരു കിലോവാട്ടിനു 4000 രൂപ തോതിൽ കോംപൗണ്ടിങ് ഫീസും അടയ്ക്കണം. ഒരു തവണ പിടിക്കപ്പെടുമ്പോൾ മാത്രമേ പിഴ അടച്ച് കേസിൽ നിന്നു രക്ഷപ്പെടാൻ കഴിയുകയുള്ളൂ. രണ്ടാം തവണയും പിടിക്കപ്പെട്ടാൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം ക്രിമിനൽ കേസ് നേരിടേണ്ടി വരും.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...