രണ്ടുമുറി വീട്; ടിവിയില്ല; അച്ഛന്റെ ഒരു വർഷത്തെ ശമ്പളം യുഎസിലേക്കുള്ള ടിക്കറ്റ്; സുന്ദർ പിച്ചെ

sundarpichai-09
SHARE

കടുത്ത പ്രതിസന്ധികൾക്കിടയിലും പ്രതീക്ഷ കൈവിടരുതെന്ന് ഗുഗിൾ സിഇഒ സുന്ദർ പിച്ചെ. വിർച്വൽ ബിരുദദാന ചടങ്ങിൽ പങ്കെടുത്തായിരുന്നു സുന്ദർ പിച്ചെ തന്റെ കഴിഞ്ഞ കാല ജീവിതം ചൂണ്ടിക്കാട്ടി വിദ്യാർഥികൾക്ക് ആത്മവിശ്വാസം നൽകിയത്. സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലേക്ക് പഠനത്തിനായി തമിഴ്നാട്ടിൽ നിന്ന് പോകുമ്പോൾ നേരിട്ട ബുദ്ധിമുട്ടുകളും അദ്ദേഹം വിവരിച്ചു.

'അച്ഛന്റെ ഒരു വർഷത്തെ ശമ്പളം കൊണ്ടാണ് അന്ന് യുഎസിലേക്ക് വിമാന ടിക്കറ്റെടുത്തത്. ബാക്ക് പാക്ക് വാങ്ങണമെങ്കിൽ അച്ഛന്റെ ഒരു മാസത്തെ ശമ്പളം ആവശ്യമായിരുന്നു. വീട്ടിലേക്ക് ഒന്ന് വിളിച്ച് ഒരു മിനിറ്റ് സംസാരിക്കണമെങ്കിൽ രണ്ട് ഡോളർ നൽകേണ്ടിയിരുന്നു. കടുത്ത പ്രതിസന്ധിയിലും പോസിറ്റീവായി തുടരാൻ കഴിഞ്ഞതാണ് തന്റെ വിജയമെന്നും പിച്ചെ കൂട്ടിച്ചേർത്തു.

‘തുറന്ന ചിന്താഗതിക്കാരാകുക, അക്ഷമനായിരിക്കുക, പ്രതീക്ഷയോടെയിരിക്കുക’ എന്ന സന്ദേശമാണ് കോവിഡ് പ്രതിസന്ധിക്കിടയിൽ ആശങ്കയോടെ ഇരിക്കുന്ന വിദ്യാർഥികൾക്ക് പിച്ചെ നൽകിയത്. യുട്യൂബിൽ സംപ്രേഷണം ചെയ്ത പരിപാടിയിൽ മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയും മുൻ യുഎസ് പ്രഥമ വനിത മിഷേൽ ഒബാമയും ഗായികയും നടിയുമായ ലേഡി ഗാഗ, ഗായിക ബിയോൺസ്, ദക്ഷിണ കൊറിയൻ ബാൻഡ് ബിടിഎസ് തുടങ്ങിയവരും പങ്കെടുത്തു.

പിച്ചെയുടെ വളർച്ച

രണ്ടു മുറി മാത്രമായിരുന്നു പിച്ചെയുടെ വീടിനുണ്ടായിരുന്നത്. സ്വന്തമായി ഒരു ടിവിയോ, കാറോ പിച്ചെയുടെ വീട്ടിൽ ഉണ്ടായിരുന്നില്ല. സ്വന്തമായി കിടപ്പുമുറിയില്ലാതിരുന്ന പിച്ചെ സഹോദരനൊപ്പം ലിവിങ് ഹാളിലെ തറയിൽ പാ വിരിച്ച് അവിടെയായിരുന്നു കിടന്നുറങ്ങിയിരുന്നത്. സ്കൂളിൽ പഠിച്ചപ്പോൾ ക്രിക്കറ്റു കളിയായിരുന്നു പിച്ചെയെ ആകർഷിച്ചിരുന്നത്. സ്കൂളിന്റെ നായകനായിരുന്ന പിച്ചൈ സ്കൂളിനു പല ട്രോഫികളും നേടിക്കൊടുത്തു. സ്കൂൾ കാലം മികച്ച രീതിയിൽ പൂർത്തിയാക്കിയ അദ്ദേഹം ഘൊരഖ്പൂറിലെ ഇന്ത്യൻ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും മെറ്റലർജിക്കൽ എഞ്ചിനിയറിങ്ങിൽ ബിരുദം നേടി. ക്ലാസിലെ ഏറ്റവും മികച്ച വിദ്യാർഥിയായിരുന്നു പിച്ചെ.

ടെക് വിദഗ്ധരെ സ്ൃഷ്ടിക്കുന്നതിൽ പ്രമുഖരായ സ്റ്റാൻഫോര്‍ഡ് യൂണിവേഴ്സിറ്റിയിൽ നിന്നും സ്കോളർഷിപ്പോടു കൂടി മാസ്റ്റര്‍ ഓഫ് സയൻസ് ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ പിച്ചൈ ജനറൽ ഇലക്ട്രിക് കമ്പനിയിൽ ജോലി ചെയ്താണ് തന്റെ പഠനത്തിനാവശ്യമായ പണം കണ്ടെത്തിയത്. സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലേയ്ക്കു പോകാനുള്ള വിമാനയാത്രയുടെ ചിലവു പോലും അദ്ദേഹത്തിന്റെ പിതാവിന്റെ വാർഷിക വരുമാനത്തിലും അപ്പുറമായിരുന്നു.

ചെന്നൈയിൽ വളർന്ന സുന്ദർ പിച്ചെ, മെറ്റീരിയൽസ് എൻജിനീയറായി ഔദ്യോഗിക ജീവിതം ആരംഭിക്കുകയും 2004 ൽ ഗൂഗിളിൽ മാനേജുമെന്റ് എക്സിക്യൂട്ടീവ് ആയി ചേരുകയും ചെയ്തു. 2015 ൽ കമ്പനിയുടെ പ്രൊഡക്റ്റ് ചീഫും സിഇഒയും ആയി അദ്ദേഹം ഉയർന്നു. പുനർ‌സംഘടന പ്രക്രിയയുടെ ഭാഗമായി ഗൂഗിളിന്റെ മാതൃ കമ്പനിയുടെ മേധാവിയുമായി.

2004-ലാണ് പിച്ചൈ ഗൂഗിളിൽ എത്തുന്നത്. 2008-ൽ ക്രോം ബ്രൗസർ, ഗൂഗിൾ ക്രോം ഓപ്പറേറ്റിങ് സിസ്റ്റം എന്നിവ വികസിപ്പിച്ചെടുത്ത ടീമിലെ പ്രധാന അംഗമായിരുന്നു പിച്ചൈ. ഗൂഗിൾ ക്രോം വൻ വിജയം കൈവരിച്ചതോടു കൂടി പിച്ചൈയും ലോകശ്രദ്ധ ആകർഷിച്ചു. തുടർന്ന് ഗൂഗിൾ ടൂള്‍ബാർ, ഡെസ്ക്ടോപ് സെർച്, ഗാഡ്ജെറ്റ്സ്, ഗൂഗിൾ ഗിയേഴ്സ് ആൻഡ് ഗാഡ്ജെറ്റ്സ് എന്നിവ വികസിപ്പിയ്ക്കുന്നതിലും പിച്ചൈ നിര്‍ണായക പങ്കു വഹിച്ചു. ജിമെയിൽ, ഗൂഗിൾ ഡ്രൈവ്, ഗൂഗിൾ മാപ്്സ് എന്നിവ വികസിപ്പിക്കുന്നതിനും മേൽനോട്ടം വഹിച്ചതു പിച്ചൈ ആയിരുന്നു. വെബ്എം എന്ന വീഡിയോ ഫോർമാറ്റ് രൂപകൽപന ചെയ്യുന്നതിലും അദ്ദേഹത്തിനു പങ്കുണ്ട്.

2013 മാർച്ച് 13-ന് ഗൂഗിൾ സേവനങ്ങളുടെ പട്ടികയുടെ കൂട്ടത്തിൽ ആന്‍ഡ്രോയ്ഡ് ചേർക്കപ്പെട്ടപ്പോൾ തന്റെ കരിയറിലെ മറ്റൊരു മികച്ച സംഭാവനയായി മാറുകയായിരുന്നു അത്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...