‘അത്രയ്ക്ക് ഇഷ്ടമായി; അടുത്ത ക്ലാസിനായി..’: വിക്ടേഴ്സിലെ മാഷോട് കണ്ണീരോടെ

TEACHER-BINU
SHARE

ഇന്നലെ അന്തരിച്ച അധ്യാപകൻ ജി.ബിനുകുമാറിന് ബാഷ്പാഞ്ജലിയുമായി വിദ്യാർഥിനി. വിക്ടേഴ്സ് ചാനലിൽ ഓണ്‍ലൈനില്‍ ഏഴാം ക്ലാസിലെ ഗണിതശാസ്ത്രം  ക്ലാസിലൂടെ ശ്രദ്ധേയനായിരുന്നു ബിനു. തിരുവനന്തപുരം വഴുതക്കാട് കാർമൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായ ശ്രേഷ്ഠ കിരണാണ് സ്ക്രീനിലൂടെ തന്നെ പഠിപ്പിച്ച അധ്യാപകന് ആദരാഞ്ജലി അർപ്പിച്ചിരിക്കുന്നത്.

തിരുവനന്തപുരം നന്ദിയോട്ട് അധ്യാപകനെ തോട്ടില്‍ മരിച്ച നിലയില്‍ ഇന്നലെയാണ് കണ്ടെത്തിയത്.  ജൂണ്‍ നാലിനു വിക്ടേഴ്സ് ടി.വിയില്‍ ഏഴാംക്ലാസിലെ ഗണിതശാസ്ത്രം ക്ലാസ് കൈകാര്യം ചെയ്തത് ബിനുകുമാറാണ്.  കഴിഞ്ഞദിവസം വൈകുന്നേരം പുറത്തുപോയ അധ്യാപകന്‍ രാത്രി വൈകിയും തിരിച്ചെത്താത്തതിനെ തുടന്ന്   വീട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അധ്യാപകന്‍ പോകാറുള്ള സമീപത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ എത്തിയെങ്കിലും രാത്രി അവിടെ നിന്നും ഇറങ്ങുകയും ചെയ്തിരുന്നു. തോടു മുറിച്ചു കടന്നാണ് ബിനുകുമാര്‍ വീട്ടിലെത്താറുള്ളത്. ഇതിനിടയില്‍ കാല്‍ വഴുതി വീണതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. 

പ്രിയപ്പെട്ട ബിനു സാർ,

കഴിഞ്ഞ ദിവസം വിക്ടേഴ്സ് ചാനലിലൂടെ സാർ പറഞ്ഞ ഹോംവർക്ക് അപ്പോൾ തന്നെ ചെയ്തുവച്ച് അടുത്ത ക്ലാസിനായി കാത്തിരിക്കുകയാണ് ഞാൻ. മാത്‌സിലെ പാരലൽ ലൈൻസ് എന്ന വിഷയമാണല്ലോ സാറെടുത്തത്. ഇംഗ്ലിഷ് അക്ഷരമാലയിൽ പാരലൽ ലൈൻസുള്ള അക്ഷരങ്ങൾ കണ്ടെത്താനായിരുന്നു ഹോംവർക്ക്.

ക്ലാസ് അത്രയ്ക്ക് ഇഷ്ടമായി. മൊബൈൽ ഫോണിലൂടെ ഞാൻ ക്ലാസ് കണ്ടുകൊണ്ടിരുന്നത് വളരെയധികം കൗതുകത്തോടെയാണ് എന്റെ അമ്മ നോക്കിയിരുന്നത്. സാറിന്റെ ചോദ്യങ്ങൾക്ക് ഞാൻ മറുപടി പറഞ്ഞപ്പോൾ അൽപം ശബ്ദം കൂടിപ്പോയി. അതുകേട്ട് അമ്മയുൾപ്പെടെ ചിരിച്ചു. വീട്ടിലിരുന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞാൽ സാർ കേൾക്കില്ലെന്ന് പറഞ്ഞ് അമ്മ എന്നെ കളിയാക്കി.

അത്രയ്ക്ക് എൻജോയ് ചെയ്തതുകൊണ്ടാണ് ആവേശം കൂടിപ്പോയത്. ഒരു തവണ മാത്രമേ സാറിനെ സ്ക്രീനിലൂടെ കണ്ടിട്ടുള്ളുവെങ്കിലും വിഷമം താങ്ങാനാകുന്നില്ല. ഒരിക്കലും മറക്കില്ല.

എന്നെപ്പോലെയുള്ള ആയിരക്കണക്കിനു കുട്ടികളുടെ പ്രണാമം.

വിതുര ഗവ. യുപിഎസ് അധ്യാപകൻ നന്ദിയോട് പയറ്റടി ഓട്ടുപാലം അത്തത്തിൽ ജി.ബിനുകുമാർ വെള്ളിയാഴ്ച രാത്രി വീടിനു സമീപമുള്ള തോട്ടിൽ വീണാണ് മരിച്ചത്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...