മരുമകളോട് വീട്ടുജോലി ചെയ്യാൻ പറയുന്നത് സ്വാഭാവികം,ആ കോടതി വിധിയിലെ 'ജെൻഡർ' സങ്കല്പം; കുറിപ്പ്

chef-post
SHARE

മരുമകളെ കൊണ്ട് വീട്ടുജോലി ചെയ്യിക്കുന്നതില്‍ അസാധാരണമായി ഒന്നുമില്ലെന്ന കോടതി അടുത്തിടെ നിരീക്ഷിച്ചിരുന്നു. ഈ സാഹചര്യം മുന്‍നിര്‍ത്തി ശ്രദ്ധേയമായ ഫെയ്‌സ്ബുക്ക് കുറിപ്പ് പങ്കുവയ്ക്കുകയാണ് ഡോ. സിജെ ജോണ്‍. മരുമകനെ വീട്ട് ജോലി ചെയ്യാന്‍ നിര്‍ബന്ധിച്ചുവെന്നാണ് പരാതിയെങ്കില്‍ അത് തീര്‍ച്ചയായും അസ്വാഭാവികമായേനെ എന്ന് ഡോ. ജോണ്‍ കുറിക്കുന്നു. പെണ്ണുങ്ങളെ മാത്രം ചില പ്രത്യേക ജന്‍ഡര്‍ മുന്‍വിധികളില്‍ കുടുക്കി ഇടുന്നതിന്റെ സാംഗത്യം എന്താണെന്നും അദ്ദേഹം ചോദിക്കുന്നു. 

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം; 

വീട്ട് ജോലി ചെയ്യണമെന്ന സമ്മര്‍ദം അമ്മായിയമ്മയില്‍ ഉണ്ടായപ്പോള്‍ ഭര്‍ത്താവിന്റെ വീട് വിട്ടു പോവുകയും ,വേറെ മാറി താമസിക്കണമെന്ന ആവശ്യം ഉയര്‍ത്തുകയും ചെയ്ത ഒരു സ്ത്രീയില്‍ നിന്നും ഒരു പുരുഷന് വിവാഹ മോചനം കോടതി അനുവദിച്ചു.മരുമകളോട് വീട്ട് ജോലി ചെയ്യാന്‍ ആവശ്യപ്പെടുന്നത് സ്വാഭാവികമാണെന്ന് കോടതി അഭിപ്രായപ്പെടുകയും ചെയ്തതായി വാര്‍ത്ത .നിയമ ദൃഷ്ടിയില്‍ ഈ വിധി ശരി തന്നെയാകും.കേസിന്റെ സൂഷ്മാംശങ്ങളും അറിയില്ല. പൊരുത്തപ്പെടാന്‍ വിസമ്മതിച്ചു ഭാര്യ കടും പിടുത്തം നടത്തിയോയെന്നും അറിയില്ല. പക്ഷെ വീട്ട് ജോലിയെ കുറിച്ചുള്ള ആ അഭിപ്രായത്തിന് ചില സാമൂഹിക തലങ്ങളുണ്ട് .മരുമകനെ വീട്ട് ജോലി ചെയ്യാന്‍ നിര്‍ബന്ധിച്ചുവെന്നാണ് പരാതിയെങ്കില്‍ അത് തീര്‍ച്ചയായും അസ്വാഭാവീകമാകും .ജന്‍ഡര്‍ റോളുകളുടെ വികൃതിയാണിത്.അഞ്ചലില്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ചു നടത്തിയ കൊലപാതകത്തെയും ഈ വിധിയുമായി ചേര്‍ത്ത് വായിക്കണം .സ്വത്തിനു വേണ്ടി ഭര്‍ത്താവില്‍ നിന്നോ, അയാളുടെ വീട്ടുകാരില്‍ നിന്നോ പീഡനം ഏല്‍ക്കുമ്പോള്‍ സഹിക്കുന്നതാണ് ശരിയെന്ന ഒരു സാമൂഹിക വിധിയുടെ സ്വാധീനം ആ ബന്ധം നീണ്ടു പോയതിന് ഒരു കാരണമായിയെന്ന് പറയപ്പെടുന്നു.വീട്ട് ജോലികള്‍ ചെയ്യാത്തതിന് ഭര്‍ത്താവിന്റെ വീട്ടില്‍ പീഡനം

സഹിക്കേണ്ടി വരുന്ന സ്ത്രീകള്‍ ഇന്നും കേരളത്തിലുണ്ട്.പലപ്പോഴും ഇത്തരം ഘട്ടങ്ങളില്‍ സ്ത്രീകളെ ചില ജന്‍ഡര്‍ മുന്‍ വിധികളില്‍ കുടുക്കി ഇടും .വീട്ട് ജോലികള്‍ ചെയ്യല്‍ ,ഭര്‍ത്താവിന്റെ ലൈംഗീകാവശ്യങ്ങള്‍ നിറവേറ്റല്‍ ,കുട്ടികളെ വളര്‍ത്തല്‍ ,മുതിര്‍ന്നവരെ പരിചരിക്കല്‍,ഇതിനിടയില്‍ ജോലി ഉണ്ടെങ്കില്‍ അതിനായുള്ള ഓടല്‍ഇതെല്ലാം ഉള്‍പ്പെടുന്ന ഒരു പാക്കേജാണ് വിവാഹ ജീവിതത്തിലേക്ക് കയറുന്ന നവ വധുവില്‍ നിന്ന് നല്ലൊരു ശതമാനവും ഇപ്പോഴും പ്രതീക്ഷിക്കുന്നത് .ഈ ഉദ്യോഗത്തിനായി പലപ്പോഴും അവളുടെ വീട്ടുകാര്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്ക് പണവും നല്‍കണം .ഉടലാകെ പൊന്നിടണം .കൃത്യമായി പണം വാങ്ങി ഡീല്‍ അവസാനിപ്പിക്കുന്ന ഞങ്ങള്‍ ഇത്തരം ഒരു വീട്ടമ്മയെക്കാള്‍ സ്മാര്‍ട്ടല്ലേയെന്ന് ഒരു ലൈംഗീക തൊഴിലാളി ചോദിച്ചാല്‍ എന്ത് മറുപടി പറയും?തല്ല് കൊണ്ടോ ,മണ്ണെണ്ണ ഒഴിച്ച് കത്തിച്ചോ, പാമ്പിന്റെ കടിയേറ്റോ മരിക്കേണ്ടി വന്നാലും വീട്ടമ്മയെന്നത് മാന്യമായ ജോലിയെന്ന് പറയും. അല്ലേ? അത് പറയുന്നതില്‍ സ്ത്രീകളും ഉണ്ടാകും.അതാണ് രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന് പോയ ജന്‍ഡര്‍ സങ്കല്‍പ്പങ്ങളുടെ പവര്‍ .അത് എല്ലാ സാമൂഹിക സാഹചര്യങ്ങളിലും പ്രതിഫലിക്കുമെന്ന ഓര്‍മ്മപ്പെടുത്തലാണ് ഇതൊക്കെ .കെ ജി ജോര്‍ജിന്റെ ആദാമിന്റെ വാരിയെല്ലെന്ന സിനിമയിലെ പോലെ ഇത് ഇപ്പോള്‍ വാര്‍ത്തകളില്‍ മറയില്ലാതെ തെളിയുന്നുവെന്ന് മാത്രം .

(സി .ജെ .ജോണ്‍)

MORE IN SPOTLIGHT
SHOW MORE
Loading...
Loading...