കിണര്‍ വൃത്തിയാക്കുന്നതിനിടെ ലോക്കര്‍; തുറന്നപ്പോള്‍ അവിശ്വസനീയ കാഴ്ച; വിഡിയോ

well-locker-money
SHARE

കുന്നംകുളം പെലക്കാട്ടുപയ്യൂരില്‍ സ്വകാര്യ വ്യക്തി കിണര്‍ വൃത്തിയാക്കാന്‍ പണിക്കാരെ വിളിച്ചു. നാലു വര്‍ഷമായി കിണറ്റിലിറങ്ങി വൃത്തിയാക്കിയിട്ട്. അടുത്ത മഴയ്ക്കു മുമ്പ് കിണര്‍ വൃത്തിയാക്കാനായിരുന്നു പദ്ധതിയിട്ടത്. പണിക്കാര്‍ പതിവുപോലെ കിണറ്റിലിറങ്ങി. ചെളി നീക്കി. വെള്ളം പുറത്തേയ്ക്കു കളഞ്ഞു. ഇതിനിടെ ചളിയില്‍ പൂഴ്ന്ന നിലയില്‍ എന്തോ തടയുന്നു. വീണ്ടും ചെളി നീക്കിയപ്പോള്‍ അതാ ഒരു ലോക്കര്‍. 

പണിക്കാര്‍ ആദ്യം പകച്ചു. ഇതെങ്ങനെ ലോക്കര്‍ കിണറ്റില്‍ വന്നു. ഉടനെ, സ്വകാര്യ വ്യക്തിയോട് പറഞ്ഞു. ‘‘ എന്തോ ഒരു ലോക്കര്‍ കിണറ്റിലുണ്ട്. തുറക്കാന്‍ പറ്റുന്നില്ല. മുകളിലേക്ക് കയറ്റാന്‍ പണിപ്പെടണം.’’. സ്വകാര്യ വ്യക്തി ഉടനെ ആ ലോക്കര്‍ മുകളിലോട്ട് കയറ്റാന്‍ നിര്‍ദ്ദേശം നല്‍കി. ഉടനെ, കുന്നംകുളം ഇന്‍സ്പെക്ടര്‍ കെ.ബി.സുരേഷിനെ വിവരമറിയിച്ചു. പൊലീസും പിന്നാലെ പാഞ്ഞെത്തി. വെല്‍ഡിങ് മെഷീന്‍ കൊണ്ടുവന്ന് ലോക്കര്‍ പൊളിക്കാന്‍ തീരുമാനിച്ചു. ഈ ലോക്കര്‍ എങ്ങനെ വന്നുവെന്ന് ഉടമയ്ക്കും അറിയില്ല. 

ലോക്കര്‍ പതുക്കെ പൊളിച്ചു. പൊലീസ് സൂക്ഷ്മമായി പരിശോധിച്ചപ്പോള്‍ നോട്ടുക്കെട്ടുകളാണെന്ന് മനസിലായി. പക്ഷേ, കുതിര്‍ന്ന നിലയിലാണ്. പഴയ ആയിരത്തിന്റെ നോട്ടുക്കെട്ടുകള്‍. പൊലീസിന്റെ ഊഹക്കണക്ക് പ്രകാരം അന്‍പതു ലക്ഷം രൂപയെങ്കിലും കാണും. നോട്ടുനിരോധന സമയത്ത് കള്ളപ്പണം സൂക്ഷിച്ച ആരെങ്കിലും പിടിക്കപ്പെടുമെന്നായപ്പോള്‍ കിണറ്റില്‍ ഉപേക്ഷിച്ചതാകാം. ലോക്കറിന്റെ ഉടമയെ കണ്ടുപിടിക്കുക പ്രയാസമാണ്. കാരണം, മൂന്നു വര്‍ഷത്തെ പഴക്കമുണ്ട്. അന്ന് ആരാണ് ഇത് കിണറ്റില്‍ ഉപേക്ഷിച്ചതെന്ന് ഇപ്പോള്‍ എങ്ങനെ കണ്ടുപിടിക്കാനാകും. 

എന്നിരുന്നാലും പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്.് ആദായനികുതി ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ നിന്ന് രക്ഷപ്പെടാന്‍ ലോക്കര്‍ സഹിതം കിണറ്റില്‍ ഉപേക്ഷിച്ചതാകാം. ആദായ നികുതി ഉദ്യോഗസ്ഥരോ പൊലീസോ വീട് പരിശോധിക്കാന്‍ സാധ്യതയുണ്ടെന്ന് കരുതി ഉപേക്ഷിച്ചതാകാനും മതി. കിണര്‍ കുഴിക്കുമ്പോള്‍ നിധി കണ്ടെത്തിയ കഥകള്‍ പഴംപുരാണങ്ങളില്‍ മാത്രമാണ് നാട്ടുകാര്‍ കേട്ടിട്ടുള്ളത്. പലതരം ചര്‍ച്ചകളാണ് നാട്ടില്‍ ഇതേപ്പറ്റി പ്രചരിക്കുന്നത്. ഇങ്ങനെയൊരു നിധി കിണറ്റില്‍ ഒളിപ്പിച്ച വിവരം നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ ആരെങ്കിലും അത് അടിച്ചുമാറ്റിയേനെ എന്നാണ് നാട്ടുകാര്‍ അടക്കം പറയുന്നത്. 

ഇരുട്ടത്തു വീടിനടുത്ത് ഒളിച്ചു നില്‍ക്കുന്ന കള്ളന്‍മാരെ പറ്റിക്കാന്‍ ഭാര്യയോട് പണവും സ്വര്‍ണവും പെട്ടിയിലാക്കി കിണറ്റില്‍ എറിയാന്‍ പറ‍ഞ്ഞ തെന്നാലി രാമനാണ് നാട്ടുകാരുടെ മനസില്‍ നിറ‍ഞ്ഞുനില്‍ക്കുന്നത്. നോട്ടിന്റെ ഉറവിടം അന്വേഷിക്കാന്‍ കുന്നംകുളം പൊലീസ് കേസെടുത്തു. ക്രിമിനല്‍ നടപടി ചട്ടം 109 പ്രകാരമാണ് കേസ്. ലോക്കര്‍ ഉപേക്ഷിക്കാന്‍ സാധ്യതയുള്ള ആരെങ്കിലും നാട്ടിലുണ്ടോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. അന്‍പതു ലക്ഷം രൂപ വെള്ളത്തില്‍ ഒഴുക്കി കളഞ്ഞ വിരുതന്‍ ആരാണെന്ന് അറിയാനും നാടൊന്നാകെ കാത്തിരിക്കുകയാണ്. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...