ഒറ്റ മഴയിൽ തിരുവനന്തപുരം വെള്ളത്തിൽ; എങ്കിൽ ആലപ്പുഴയോ? 2018 ആവർത്തിക്കുമോ?

India Monsoon Floods
File Photo
SHARE

രണ്ടു വൻ പ്രളയങ്ങൾ നേരിട്ടിട്ടും ഇനിയൊരു പ്രളയത്തിന്റെ ആഘാതം കുറയ്ക്കാൻ ആലപ്പുഴ ജില്ലയിൽ കാര്യമായ നടപടികളില്ല. കാലവർഷം പടിക്കൽ നിൽക്കെ ജില്ലയിലെ പ്രതിരോധ പ്രവർത്തനങ്ങൾ എവിടെവരെ എത്തിയെന്ന് ഒരു അന്വേഷണം.

ആലപ്പുഴ: ഒറ്റ മഴയിൽ തിരുവനന്തപുരം നഗരം വെള്ളപ്പൊക്കത്തിലായി. വീണ്ടുമൊരു മഴക്കാലം പടിവാതിലിൽ നിൽക്കുമ്പോൾ ജില്ലയിൽ വെള്ളപ്പൊക്ക പ്രതിരോധ നടപടികൾ അപൂർണമാണ്. 2018, 2019 വർഷങ്ങളിൽ രണ്ടു വൻ പ്രളയങ്ങൾ നേരിട്ടിട്ടും ഇനിയൊരു പ്രളയത്തിന്റെ ആഘാതം കുറയ്ക്കാൻ കാര്യമായ നടപടികളില്ല. കോവിഡ് ഭീഷണിയുടെ സാഹചര്യത്തിൽ ദുരിതാശ്വാസ ക്യാംപുകൾക്കുപോലും കടുത്ത നിയന്ത്രണങ്ങൾ ഉണ്ടാകാൻ ഇടയുള്ളതിനാൽ പ്രളയം ഒഴിവാക്കാനുള്ള നടപടികളാണ് ജില്ലയ്ക്ക് ആവശ്യം.

2018 ആവർത്തിക്കുമെന്ന് കുട്ടനാടിന് ആശങ്ക

കുട്ടനാട്ടിൽ പ്രളയ പ്രതിരോധത്തിന് ഒരു നടപടിയും ഉണ്ടായിട്ടില്ല. പല പഞ്ചായത്തുകളും വെള്ളപ്പൊക്കം ഉണ്ടായാൽ എന്തു നടപടി സ്വീകരിക്കണം എന്നതിനെപ്പറ്റി ചിന്തിച്ചിട്ടു പോലുമില്ല. അത്യാവശ്യ ഘട്ടത്തിൽ ജനങ്ങളെ പ്രളയബാധിത മേഖലയിൽ നിന്നു പുറത്തെത്തിക്കാൻ വള്ളത്തിന്റെ ലഭ്യതപോലും പഞ്ചായത്തുകൾ ഉറപ്പാക്കിയിട്ടില്ല. കഴിഞ്ഞ പുഞ്ച സീസണിൽ വൈക്കോൽ ഉൾപ്പെടെ കാലിത്തീറ്റകൾ ശേഖരിക്കുവാൻ സൗകര്യമുണ്ടായിരുന്നു. എന്നാൽ, സംഭരിക്കാൻ സ്ഥലമില്ലായിരുന്നു. ഇനി മറ്റ് ഏജൻസികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.ദുരന്തനിവാരണത്തിനുള്ള വാർഡ്തല കമ്മിറ്റികൾ ഇനിയും ചേർന്നിട്ടില്ല. ജലഗതാഗതത്തിനു തടസ്സമായി പോള അടക്കമുള്ള മാലിന്യങ്ങൾ അടിഞ്ഞുകൂടിയതും ചെറുപാലങ്ങളും ഇത്തവണയും പ്രതിസന്ധിയാകും

കനാൽ നവീകരണം വൈകി: ആലപ്പുഴ വെള്ളത്തിലാകുമോ?

ആലപ്പുഴ നഗരസഭയിൽ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനം മന്ദഗതിയിലാണ്. ഇടത്തോടുകളിൽ മാലിന്യം നിറഞ്ഞു. നഗരത്തിൽ ചെറുതും വലുതുമായ 105 കനാലുകളാണുള്ളത്. ഇവ വൃത്തിയാക്കാൻ ഒരുകോടി രൂപ വകയിരുത്തിയിരുന്നെങ്കിലും അപ്രതീക്ഷിതമായെത്തിയ മഴ കാരണം ജോലി ആരംഭിക്കാനായില്ലെന്നു നഗരസഭാധ്യക്ഷൻ ഇല്ലിക്കൽ കുഞ്ഞുമോൻ പറഞ്ഞു. ജലസേചന വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച ആദ്യഘട്ട കനാൽ നവീകരണം ഉടൻ പൂർത്തിയാകുമെന്ന് അധികൃതർ അറിയിച്ചു. 9 പ്രധാന കനാലുകളാണ് നവീകരിക്കുന്നത്. ഉപ്പൂറ്റി കനാലിന്റെയും വെസ്റ്റ് ജംക്‌ഷൻ കനാലിന്റെയും നവീകരണം പൂർത്തിയായി. ബാക്കിയുള്ളവയുടെ നവീകരണം 90 ശതമാനവും പൂർത്തിയായി. രണ്ടാം ഘട്ടത്തിലാണ് ഇടത്തോടുകൾ ഉൾപ്പെടുന്നത്.

പൊഴികളുടെ അവസ്ഥ, പരിതാപകരം

തുമ്പോളി പൊഴി: നഗരസഭ അമൃത് പദ്ധതിയിൽപ്പെടുത്തി 4.5 കോടി രൂപ ചെലവഴിച്ച് നവീകരണം തുടങ്ങി. പൂർത്തിയായില്ല. കനാൽക്കര കല്ല് കെട്ടുകയും ആഴം വർധിപ്പിച്ച് നീരൊഴുക്ക് സുഗമമാക്കുകയും ചെയ്യുന്ന പദ്ധതിയുടെ 80% മാത്രമേ പൂർത്തിയായുള്ളൂ. പൊഴി കരകവിഞ്ഞ് വീടുകൾ വെള്ളത്തിലാകുമെ‌ന്ന ഭീഷണി നിലനിൽക്കുന്നതിനാൽ മണ്ണുമാന്തി ഉപയോഗിച്ച് പൊഴി കടലിലേക്ക് മുറിച്ചുവച്ചു.മുതലപ്പൊഴി: കിഫ്ബിയിൽപ്പെടുത്തിയുള്ള 11 കോടി രൂപയുടെ‌ പദ്ധതിയിൽ 60% പൂർത്തിയായി. കൈത്തോട‌ുകൾ 10 എണ്ണം കല്ല് കെട്ടി സംരക്ഷിച്ചിട്ടില്ല. നീരൊഴുക്കിന് ഇത് ഭീഷണിയാണ്. പൊഴി മുറിച്ചുവിട്ടാണ് പ്രശ്നങ്ങൾ കുറയ്ക്കുന്നത്.അയ്യപ്പൻപൊഴി: കല്ല് കെട്ടിയും ആഴം കൂട്ടിയും മാലിന്യം നീക്കം ചെയ്തും നീരൊഴുക്ക് സുഗമമാക്കാൻ അമൃത് പദ്ധതിയിൽപ്പെടുത്തി 78 ലക്ഷം രൂപയുടെ പ്രവൃത്തിക്ക് 8 മാസം മുൻപ് കരാറായി. പണി തുടങ്ങിയില്ല. ചീഫ് ‌ടെക്നിക്കൽ എക്സാമിനർ കഴിഞ്ഞ ദിവസം സ്ഥാലത്തെത്തി ചില ഭേദഗതികൾ നിർദേശിച്ചതോടെ ഇനിയും വൈകുമെന്ന സൂചനയായി. നഗരത്തിന്റെ മധ്യ പടിഞ്ഞാറൻ വാർഡുകളെല്ലാം വെള്ളക്കെട്ട് ഭീഷണിയിലാകും എന്നതിനാൽ താൽക്കാലിക രക്ഷയ്ക്ക് പൊഴി മുറിച്ചുവിട്ടു.

വാടപ്പൊഴി : 1.45 കോടി രൂപയുടെ പദ്ധതി നടപ്പാക്കാൻ കരാർ ആയെങ്കിലും തുടങ്ങിയില്ല. അയ്യപ്പൻപൊഴിയുടെ അതേ സാഹചര്യമാണിപ്പോൾ. പൊഴി മുറിച്ചാണ് താ‍ൽക്കാലികമായി പിടിച്ചുനിൽക്കുന്നത്. അന്ധകാരനഴി : കടക്കരപ്പള്ളി, പട്ടണക്കാട്,വയലാർ, തുറവൂർ, കുത്തിയതോട് എന്നീ പഞ്ചായത്തുകളുടെ പരിധിയിൽ നിന്ന് മഴക്കാലത്ത് വെള്ളം കടലിലേക്കൊഴുകുന്നത് അന്ധകാരനഴി സ്പിൽവേ പാലത്തിലുള്ള ഷട്ടറുകളിലൂടെയാണ്. എന്നാൽ അന്ധകാരനഴിയിൽ രൂപപ്പെട്ട മണൽ തിട്ട നീക്കം ചെയ്യാതെ വെള്ളം കടലിലേക്ക് ഒഴുകില്ല. മണൽ നീക്കാൻ ഇറിഗേഷൻ വകുപ്പ് നടപടിയെടുത്തില്ലെന്ന് നാട്ടുകാർ പറയുന്നു. മാരാരിക്കുളം തെക്ക് പഞ്ചായത്തിൽ കടലിലേക്കുള്ള പ്രധാന പൊഴികളെല്ലാം മണ്ണുമാന്തിയുടെ സഹായത്തോടെ തുറന്നു. പൊള്ളേത്തൈ, ശാസ്ത്രിമുക്ക്, ചെട്ടികാട് മേഖലകളിലെ പൊഴികളെല്ലാം തുറന്നിട്ടുണ്ട്. ഇപ്പോൾ നീരൊഴുക്കുണ്ടെങ്കിലും പൊഴികൾ വീണ്ടും അടയാനുള്ള സാധ്യതയുണ്ട്.

തോട്ടപ്പള്ളി : സ്പിൽവേ പൊഴി മുറിക്കുന്നതിന് ജലവിഭവ വകുപ്പിന്റെ കരാർ നാളെ ഉറപ്പിക്കും. 190 മീറ്റർ നീളത്തിലും 26 മീറ്റർ വീതിയിലും രണ്ടര മീറ്റർ ആഴത്തിലും പൊഴി മുറിക്കാനാണ് കരാർ ക്ഷണിച്ചത്. സ്പിൽവേയുടെ 39 ഷട്ടറുകളും ഉയർത്തി. വീയപുരം മുതൽ തോട്ടപ്പള്ളി വരെ 11 കിലോമീറ്റർ‌ ഭാഗത്തെ എക്കലും മണലും നീക്കം ചെയ്യുന്ന ജോലികൾ തുടരുന്നു. കെഎംഎംഎല്ലിന്റെ നേതൃത്വത്തിലാണ് പൊഴിമുഖത്തെ മണൽ നീക്കം ചെയ്യുന്നത്. പുന്നപ്ര വാവക്കാട് പൊഴി: കഴിഞ്ഞ ദിവസം പൊഴി മുറിച്ചെങ്കിലും വീണ്ടും മണലടിഞ്ഞു. ഇതിനു പുറമേ പുന്നപ്ര തെക്ക്, പുന്നപ്ര വടക്ക് പഞ്ചായത്തുകളിലെ പൂമീൻ പൊഴി, കൊച്ചുപൊഴി, അറപ്പപ്പൊഴി, വാടപ്പൊഴി എന്നിവയും മഴക്കാലത്ത് മുറിക്കണം.

കടലാസിലൊതുങ്ങിയ പ്രഖ്യാപനങ്ങൾ

∙2018 ലെ പ്രളയ ശേഷം അടിയന്തര ഘട്ടത്തിൽ ജനങ്ങളെ മാറ്റി പാർപ്പിക്കാൻ ഓരോ പഞ്ചായത്തിലും ഷെൽറ്റർ ഹോം നിർമിക്കുമെന്ന പ്രഖ്യാപനം.

∙പ്രളയ സമയത്ത് കന്നുകാലികളെ സംരക്ഷിക്കാൻ എലിവേറ്റഡ് കാറ്റിൽ ഷെഡ്.

∙ എല്ലാ പ്രധാന തോടുകളും, ഇടത്തോടുകളും നവീകരിക്കാൻ ജില്ലാ പഞ്ചായത്ത് പ്രഖ്യാപിച്ച സുജലം പദ്ധതി.

∙എസി റോഡ് നവീകരണം. പ്രളയം ബാധിക്കാത്തവിധം പലയിടത്തും ഉയരംകൂട്ടി എസി റോഡ് നവീകരിക്കുമെന്ന പ്രഖ്യാപനം കടലാസ് ജോലികളിലും സർവേ നടപടികളിലും ഒതുങ്ങി.

∙നടക്കുന്നത് തോട്ടപ്പള്ളി ലീഡിങ് ചാനൽ ആഴം കൂട്ടലും തോട്ടപ്പള്ളി പൊഴി മുറിക്കലും. ഇത് കുട്ടനാട് –അപ്പർ കുട്ടനാട് മേഖ

∙ചില ഇടത്തോടുകൾ ആഴം കൂട്ടി. ചില പാടശേഖരങ്ങളുടെ പുറംബണ്ട് ബലപ്പെടുത്തൽ പേരിനു നടന്നു.

കൂടുതൽ പാടശേഖരങ്ങളിൽ രണ്ടാംകൃഷി ഇറക്കുന്നതും പാടശേഖരങ്ങളുടെ പുറംബണ്ട് നിർമാണം നടത്തുന്നതും അടക്കം സർക്കാരിനു ശുപാർശ സമർപ്പിച്ചു. ജനങ്ങളെ മറ്റു സ്ഥലങ്ങളിലേക്കു മാറ്റി പാർപ്പിക്കേണ്ടി വന്നാൽ അതിനുള്ള സൗകര്യത്തിനായി ജങ്കാർ, ബോട്ടുകൾ, ടോറസ്, ടിപ്പർ, ജെസിബി അടക്കമുള്ള ലഭ്യമാക്കുന്നതിനുള്ള ക്വട്ടേഷനുകൾ ക്ഷണിച്ചിട്ടുണ്ട്.

ടി.ഐ.വിജയസേനൻ, തഹസിൽദാർ, കുട്ടനാട്.

‘ചെറിയ വെള്ളപ്പൊക്കമുണ്ടായാൽ പോലും ആളുകളെ ആലപ്പുഴയിലേക്കു മാറ്റി പാർപ്പിക്കേണ്ട അവസ്ഥയാണ്. പരമാവധി രണ്ടാംകൃഷി നടത്താനാണു ലക്ഷ്യമിടുന്നത്. പുറം ബണ്ടുകൾ ബലപ്പെടുത്തുന്ന ജോലി നടക്കാത്തതും പ്രതിസന്ധിയാണ്. ലോങ്ങർ ഉപയോഗിച്ചു വേമ്പനാട്ടുകായലിൽ നിന്നു കട്ടയെടുത്തു ബണ്ട് ബലപ്പെടുത്താനാണു ശ്രമിക്കുന്നത്. പാടശേഖരങ്ങൾ വള്ളങ്ങൾ ലഭ്യമാക്കാമെന്ന് അറിയിച്ചിട്ടുണ്ട്. ലോങ്ങർ ലഭ്യമാക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയോട് അഭ്യർഥിച്ചിട്ടുണ്ട്.’

ഷീലാ സജീവ്, കൈനകരി പഞ്ചായത്ത് പ്രസിഡന്റ്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...