കത്രികയും ഈ കയ്യിൽ ഭദ്രം; മകന്റെ മുടി വെട്ടിയൊതുക്കി സച്ചിൻ; വിഡിയോ

sachin-arjun
SHARE

 ലോക്ഡൗൺ കാലത്ത് നേരിട്ടിരുന്ന ഒരു പ്രതിസന്ധി മുടി വെട്ടിയൊതുക്കാൻ പറ്റില്ലെന്നതായിരുന്നു. എല്ലാവരും വീട്ടിൽ വച്ചുതന്നെ പരീക്ഷണങ്ങൾ നടത്തി. ചിലർ വിജയിച്ചു. ചിലരാവട്ടെ ഒരു കോലത്തിലുമെത്താത്തതിനെതുടർന്ന് മൊട്ടയടിച്ചു തടിതപ്പി. എന്നാലിതാ സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ മകന്റെ മുടിവെട്ടി വൃത്തിയാക്കിയിരിക്കുകയാണ്. ചുമ്മാ ഒരു കോലത്തിലെത്തിച്ചതല്ല, വിഡിയോ കാണുമ്പോഴറിയാം സൂക്ഷ്മമായി ഉള്ള കരവിരുതാണ് നടത്തിയതെന്ന്.

 മകൻ അർജുൻ തെൻഡുൽക്കറുടെ മുടിവെട്ടുന്ന വിഡിയോ സച്ചിൻ തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ചൊവ്വാഴ്ചയാണ് 20 വയസ്സുകാരനായ മകന്റെ മുടി സച്ചിൻ വെട്ടിയൊതുക്കുന്ന വിഡിയോ പുറത്തുവന്നത്. മുടിവെട്ടിനിടെ സഹായിയായി നിന്ന മകൾ സാറയ്ക്ക് സച്ചിൻ നന്ദി അറിയിച്ചു.ഒരു പിതാവെന്ന നിലയിൽ നിങ്ങൾ എല്ലാ കാര്യങ്ങളും ചെയ്യണം. കുട്ടികളുടെ കൂടെ കളിക്കണം, ജിമ്മിൽ വ്യായാമം ചെയ്യണം. മുടി വെട്ടി നൽകുകയും വേണം– സച്ചിൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. 

അർജുൻ സുന്ദരനായിട്ടുണ്ടെന്നും സച്ചിൻ കുറിപ്പിൽ വ്യക്തമാക്കുന്നു. ഒരു മാസം മുൻപ് സച്ചിൻ സ്വന്തം മുടി വെട്ടുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു. ലോക്ഡൗണ്‍ നാലാം ഘട്ടത്തിലേക്കു കടക്കുമ്പോഴും രാജ്യത്തിന്റെ പല ഭാഗങ്ങളിലും ബാർബർ ഷോപ്പുകളും ബ്യൂട്ടി പാർലറുകളും തുറക്കാൻ അനുമതി നൽകിയിട്ടില്ല. അതുകൊണ്ടുതന്നെ മുടി വെട്ടേണ്ട സാഹചര്യം വന്നാല്‍ ബന്ധുക്കളെയോ, കൂട്ടുകാരെയോ ആശ്രയിക്കുകയല്ലാതെ ആൾക്കാർക്കു മറ്റു മാർഗങ്ങളില്ല.

എന്നാൽ ആരുടെയും സഹായമില്ലാതെയാണ് സച്ചിൻ കഴിഞ്ഞ ദിവസം സ്വന്തം മുടിവെട്ടിയത്. സംഭവത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചശേഷം സച്ചിൻ കുറിച്ചത് ഇങ്ങനെ– സ്ക്വയർ കട്ട് കളിച്ചതിൽനിന്ന് ഇപ്പോള്‍ എന്റെ ഹെയർ കട്ട് നടത്തുന്നു. വ്യത്യസ്തമായ കാര്യങ്ങൾ ചെയ്യുന്നത് ആസ്വദിക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിക്ക് മുടി വെട്ടി നൽകിയത് ഭാര്യയും നടിയുമായ അനുഷ്ക ശർമയാണ്. ചേതേശ്വർ പൂജാര മുടിവെട്ടിന് ഭാര്യ പൂജയുടെ സഹായം തേടിയിരുന്നു

MORE IN SPOTLIGHT
SHOW MORE
Loading...
Loading...