നോക്കി നിൽക്കെ വിരിഞ്ഞ 25 മലമ്പാമ്പിൻ കു​ഞ്ഞുങ്ങൾ; കോഴിയെ കാത്തിരുന്ന് അകത്താക്കി

thrissur-snakes
SHARE

നോക്കി നിൽക്കെ തോട് പൊട്ടി മലമ്പാമ്പിൻ കുഞ്ഞുങ്ങൾ പുറത്തെത്തി. ഒന്നല്ല, ഇരുപത്തിയഞ്ചെണ്ണം. വനംവകുപ്പിന്റെ മൊബൈൽ സ്ക്വാഡ് ഓഫിസിലാണു ലോക്ഡൗൺ കാലത്ത് ഈ അപൂർവ സംഭവം. മലമ്പാമ്പ് 60 ദിവസം അടയിരുന്നാണ് കുഞ്ഞുങ്ങളെ വിരിയിച്ചത്. മാർച്ച് 17നു രാത്രി കരുവന്നൂരിൽ നിന്നു പിടിച്ച മലമ്പാമ്പാണ് പിറ്റേന്നു 30 മുട്ടകളിട്ടത്. കാട്ടിൽ വിടാനായി എടുത്തപ്പോൾ മുട്ടയിട്ടു തുടങ്ങിയതു ശ്രദ്ധയിൽ പെട്ടതോടെ പരിചരണം മൊബൈൽ സ്ക്വാഡ് ജീവനക്കാർ ഏറ്റെടുത്തു.

ഡിഎഫ്ഒ ടി.സി. ത്യാഗരാജ്, റേഞ്ച് ഓഫിസർ ടി.എസ്. മാത്യു എന്നിവരുടെ അനുമതി ലഭിച്ചതോടെ പാമ്പിനെ ഓഫിസിനോടു ചേർന്നു സൂക്ഷിച്ചു. മുട്ടയ്ക്കു മുകളിൽ ചുറ്റി വളഞ്ഞ് പാമ്പ് അടയിരുന്നു. ഒരു മുട്ട പുറത്തു പോയതിനെ പാമ്പ് തിരിഞ്ഞു നോക്കിയില്ല. 5 മുട്ടകൾ ഒഴികെയുള്ളവയെല്ലാം വിരിഞ്ഞു കഴിഞ്ഞു. ശേഷിച്ചവ ഇന്നോ നാളെയോ വിരിഞ്ഞേക്കും. 

അടയിരുന്നു തുടങ്ങിയ ദിവസം തന്നെ ജീവനുള്ള ഒരു കോഴിയെ പാമ്പിന് തീറ്റയായി കൂട്ടിൽ ഇട്ടു. എന്നാൽ രണ്ടാഴ്ചയോളം ഇരയെ തൊട്ടുപോലും നോക്കിയില്ല. വെള്ളം കുടിക്കാനും തയാറായില്ല.  കോഴിക്കു റാണിയെന്നും പാമ്പിന് അമ്മിണിയെന്നും വനംവകുപ്പ് ജവീനക്കാർ പേരിട്ടു. പതിയെ പതിയെ കോഴി മലമ്പാമ്പുമായി കൂട്ടായെങ്കിലും രണ്ടാഴ്ച പിന്നിട്ടതോടെ കോഴിയെ ഭക്ഷണമാക്കി. 

ഫോറസ്റ്റർ പി. രവീന്ദ്രൻ റെസ്ക്യൂ വാച്ചർ ഫിലിപ്പ് കൊറ്റനെല്ലൂർ,  ഡ്രൈവർ അജിത്, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ പി.വി. ജിനി,  വി.പി. പ്രിജീഷ്, കെ.സി. ലിജേഷ്, കെ. പ്രദീപ്കുമാർ, പ്രശാന്ത്, ഗുരുവായൂരപ്പൻ എന്നിവർ തീറ്റയും വെള്ളവും നൽകി പരിചരിച്ചു. നാൽപ്പത്തിയഞ്ചാം ദിവസമാണ് മുട്ടയ്ക്കു മുകളിൽ നിന്നു പാമ്പ് മാറിക്കിടക്കുന്നതു കണ്ടത്. 

ആ ദിവസമാണു കോഴിയെ അകത്താക്കിയതും വെള്ളം കുടിച്ചു തുടങ്ങിയതും. വീണ്ടും അടയിരിക്കാൻ തുടങ്ങി. മുട്ടകൾ താറാവിൻമുട്ടയേക്കാൾ വലുതായിരുന്നു. 4 ദിവസം മുമ്പ് ഇവയുടെ തോട് പൊട്ടി കുഞ്ഞുങ്ങളുടെ തല പുറത്തേക്കു വന്നു തുടങ്ങി. ശേഷിച്ച 5 മുട്ടകളും പാതി വിരിഞ്ഞ അവസ്ഥയിലാണ്.  മുട്ടകൾ മുഴുവൻ വിരിഞ്ഞു കഴിഞ്ഞാൽ അമ്മപ്പാമ്പിനെയും മക്കളെയും കാട്ടിനകത്ത് വിട്ടയയ്ക്കും. മൊബൈൽ സ്ക്വാഡിന്റെ സേവനങ്ങൾക്കു വിളിക്കാം: 8547601787.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...