ജലാശയം കടന്ന് അരി തിന്നാൻ അരികൊമ്പൻ എത്തുന്നു; ഭീതിയിൽ നാട്

munnar-elephant
SHARE

രാജകുമാരി ∙ കഴിഞ്ഞ വ്യാഴാഴ്ച അർധരാത്രി ആനയിറങ്കലിലെ എം.എം.രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള റേഷൻ കട തകർത്ത് 2 ചാക്ക് അരി തിന്ന അരികൊമ്പൻ എന്ന് അറിയപ്പെടുന്ന ഒറ്റയാൻ വെള്ളിയാഴ്ച രാത്രി ഒൻപതോടെ വീണ്ടും മേഖലയിലെത്തി നാട്ടുകാരെ ഭീതിയിലാഴ്ത്തി. റേഷൻ‌ കടയുടെ സമീപം എത്തിയ അരികൊമ്പൻ നാട്ടുകാർ ബഹളം വച്ചതിനെത്തുടർന്ന് 50 മീറ്ററോളം പിന്നിലേക്കു മാറി തേയിലത്തോട്ടത്തിൽ നിലയുറപ്പിച്ചു. ആളുകൾ പാട്ട കൊട്ടിയും പടക്കം പൊട്ടിച്ചും ശബ്ദം ഉണ്ടാക്കിയതോടെ കൊമ്പൻ വീണ്ടും കാടു കയറി.

2 ദിവസം മുൻപു വരെ ചിന്നക്കനാൽ 80 ഏക്കർ ഭാഗത്തു നിലയുറപ്പിച്ച ഒറ്റയാൻ വലിയ ജലാശയം നീന്തിക്കടന്നാണ് ആനയിറങ്കൽ ഭാഗത്ത് എത്തിയത്. റേഷൻ കടയിലെ അരിയും സമീപത്തെ അങ്കണവാടിയിൽ സൂക്ഷിച്ചിട്ടുള്ള ശർക്കരയുമാണു കൊമ്പനെ ഇവിടേക്ക് ആകർഷിക്കുന്നതെന്നു വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. വ്യാഴാഴ്ച അർധരാത്രി ഇവിടെ എത്തിയ അരികൊമ്പൻ ആദ്യം അങ്കണവാടിയുടെ മേൽക്കൂര പൊളിക്കാനാണു ശ്രമിച്ചത്. ഇതു പരാജയപ്പെട്ടതോടെയാണു റേഷൻ കടയുടെ കരിങ്കൽ ഭിത്തി പൊളിച്ച് അരി എടുത്തുകൊണ്ടുപോയത്. 

ജനവാസ മേഖലയിൽ ഇറങ്ങി ഭീതി വിതയ്ക്കുന്ന ഒറ്റയാൻമാരെ വനത്തിലേക്കു തുരത്താനുള്ള ശ്രമങ്ങൾ എല്ലാം പരാജയപ്പെടുന്നതിനാൽ വനം വകുപ്പും ജില്ലാ ഭരണകൂടവും നിസ്സഹായാവസ്ഥയിലാണ്.  അരികൊമ്പൻ, മുറിവാലൻ കൊമ്പൻ, ചക്കക്കൊമ്പൻ എന്നീ ഒറ്റയാൻമാരാണു മേഖലയിലെ സ്വൈരജീവിതം ഇല്ലാതാക്കുന്നത്. ദേവികുളം റേഞ്ചിനു കീഴിൽ കഴിഞ്ഞ രണ്ടര പതിറ്റാണ്ടിനിടയിൽ 40 പേരുടെ ജീവനാണു കാട്ടാന ആക്രമണങ്ങളിൽ പൊലിഞ്ഞത്. ഫെബ്രുവരി 24ന് അപ്പർ സൂര്യനെല്ലിയിൽ ഭിന്നശേഷിക്കാരനായ തങ്കരാജി (71) നെ മുറിവാലൻ കൊമ്പൻ ചവിട്ടിക്കൊലപ്പെടുത്തിയതാണ് അവസാനത്തെ സംഭവം. 

കഴി‍ഞ്ഞ വർഷം 2 പേരും 2018 ൽ 4 പേരും കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു. ചിന്നക്കനാൽ പഞ്ചായത്തിലെ അപ്പർ സൂര്യനെല്ലി, നാഗമല, ചെമ്പകത്തൊഴുക്കുടി, ബിഎൽ റാം, 301 കോളനി, വെലക്ക്, സിമന്റ് പാലം, ഇൗട്ടിത്തേരി, പെരിയകനാൽ മേഖലകളിലാണു കാട്ടാനശല്യം രൂക്ഷമാകുന്നത്. ശാന്തൻപാറ പഞ്ചായത്തിലെ ആനയിറങ്കൽ, ചൂണ്ടൽ, മൂലത്തുറ, മുള്ളൻതണ്ട്, ശങ്കരപാണ്ഡ്യമെട്ട്, കോരമ്പാറ ഭാഗങ്ങളിലും പതിവായി കാട്ടാന ജനവാസ മേഖലകളിൽ ഇറങ്ങാറുണ്ട്. രാജകുമാരി പഞ്ചായത്തിലെ മഞ്ഞക്കുഴിയിലും ബി ഡിവിഷനിലും കാട്ടാന ഭീഷണിയുണ്ട്.

ദേവികുളം റേഞ്ചിനു കീഴിൽ നാട്ടിലെത്തി നാശം വിതയ്ക്കുന്ന കാട്ടാനകളിൽ പ്രധാനിയാണ് അരി കൊമ്പൻ. വീടുകളും കടകളും കുത്തിപ്പൊളിച്ച് അരിയെടുത്തു തിന്നുന്നതു കൊണ്ടാണ് അക്രമകാരിയായ ഒറ്റയാന് അരികൊമ്പൻ എന്ന പേരു വന്നത്.  അരികൊമ്പനെ മയക്കുവെടി വച്ചു പിടികൂടാൻ 2018 ഒക്ടോബറിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടിരുന്നു. എന്നാൽ 2 വർഷത്തോളം ആയിട്ടും കൊമ്പനെ തളയ്ക്കാൻ കഴിഞ്ഞിട്ടില്ല.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...