ജനങ്ങൾ പട്ടിണിയാകരുത്; സാധനങ്ങൾ തലയിൽ ചുമന്ന് കാടുകയറി എംഎൽഎ

seethakka
SHARE

ആദിവാസി, ഗോത്ര വിഭാഗങ്ങൾ കൂടുതലായി താമസിക്കുന്ന തെലങ്കാനയിലെ മുളുഗ് പ്രദേശം പുറത്തുനിന്നുള്ളവർക്ക് ബാലികേറാമലയാണ്. ഗോദാവരി നദിയുടെ തീരം. കുന്നും മലകളും കാടും കാട്ടരുവിയും നിറഞ്ഞ വനപ്രദേശം. എന്നാൽ ഈ പ്രദേശത്തെ ഉള്ളംകയ്യിലെ രേഖകൾ പോലെ അറിയുന്ന ഒരു ജനപ്രതിനിധിയുണ്ട്. രണ്ടുവട്ടം മുളുഗിൽ നിന്ന് എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ട സീതക്ക. ദനസരി അനസൂയ എന്നാണ് യഥാർഥ പേരെങ്കിലും ജനങ്ങൾക്ക് അവർ പ്രിയപ്പെട്ട സീതക്കയാണ്. കോവിഡ് ലോക്ഡൗണിനെത്തുടർന്ന് ലോകം മുറികൾക്കകത്തേക്കു ചുരുങ്ങിയപ്പോൾ മുളുഗിലെ ജനങ്ങൾക്കുവേണ്ടി മുന്നിട്ടിറങ്ങിയിരിക്കുകയാണ് സീതക്ക. അങ്ങേയറ്റം പ്രയാസകരമായ സാഹചര്യങ്ങളിലും രാവിലെ മുതൽ രാത്രി വരെ ഈ എംഎൽഎ കഷ്ടപ്പെടുന്നത് തന്റെ മണ്ഡലത്തിലെ ഒരാൾ പോലും പട്ടിണി കിടക്കാതിരിക്കാനാണ്.

തെലങ്കാന–ഛത്തീസ്ഗഡ് അതിർത്തിയായ മുളുഗിൽ 11 വർഷത്തോളം സീതക്ക നടന്നിരുന്നത് കയ്യിൽ വലിയൊരു തോക്കുമായാണ്. അന്നവർ മാവോയിസ്റ്റ് ആയിരുന്നു. വിപ്ലവത്തിൽ വിശ്വസിച്ച തീവ്രപക്ഷക്കാരി. 1997 ലാണ് ആയുധം വച്ച് കീഴടങ്ങുന്നത്. പിന്നീട് ജനസേവനം. അതും സ്വാർഥതയില്ലാത്ത ജനപ്രിയ പ്രവർത്തനങ്ങൾ. ലോക്ഡൗണിനെത്തുടർന്ന് തന്റെ മണ്ഡലത്തിലെ ജനങ്ങൾ വേലയും കൂലിയുമില്ലാതെ കഷ്ടപ്പെടുമ്പോൾ സീതക്കയ്ക്ക് വീട്ടിൽ അടച്ചിട്ടിരിക്കാൻ കഴിയില്ല. പട്ടിണി കിടക്കുന്നവരുണ്ട്. വിശപ്പു സഹിക്കാതെ കരയുന്നവരുണ്ട്. ഭക്ഷ്യധാന്യം ഇല്ലാത്തവരുണ്ട്. എല്ലാവരുടെയും ക്ഷേമം അന്വേഷിച്ചും, സഹായം എത്തിച്ചും സീതക്ക സജീവമാണ്.

ലോക്ഡൗൺ പ്രഖ്യാപിക്കുന്ന സമയത്ത് ഗവേഷണ പ്രബന്ധം തയാറാക്കുന്ന തിരക്കിലായിരുന്നു സീതക്ക. ഗോത്രവർഗ വിഭാഗത്തെ മുഖ്യധാരയിൽനിന്ന് അകറ്റിനിർത്തുന്നതിനെക്കുറിച്ചാണ് പ്രബന്ധം. ഒസ്മാനിയ യുണിവേഴ്സിറ്റിക്കു കീഴിലാണ് പഠനം. 25–ാം വയസ്സിൽ വിപ്ലവസ്വപ്നം ഉപേക്ഷിച്ചതിനുശേഷം അവർ നിയമ ബിരുദം നേടിയിരുന്നു. വാറംഗൽ ജില്ലാ കോടയിയിൽ അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുന്നുമുണ്ട്. എന്നാൽ, ലോക്ഡൗൺ വന്നതോടെ സീതക്ക ഗവേഷണം മാറ്റിവച്ചു. പഠനവും. മാർച്ച് 26 ന് തന്നെ മണ്ഡലത്തിലെ പാവപ്പെട്ടവർക്കുവേണ്ടി പാകം ചെയ്ത ഭക്ഷണസാധനങ്ങൾ വിതരണം ചെയ്തു. വാർത്ത അറിഞ്ഞതോടെ ഓഫിസിലേക്ക് ജനങ്ങളുടെ പ്രവാഹമായി. 

കോവിഡ് പ്രതിരോധത്തെക്കാൾ പട്ടിണിയാണ് പ്രധാന പ്രശ്നമെന്നു മനസ്സിലായതോടെ അവർ വിശപ്പു മാറ്റാനുള്ള പ്രവർത്തനങ്ങളിൽ സജീവമായി. മേയ് 14 ന് ലോക്ഡൗണിന്റെ 50–ാം ദിവസമായപ്പോഴേക്കും മുളുഗു ജില്ലയിലെ 475 ഗ്രാമങ്ങളിൽ സീതക്കയുടെ സഹായമെത്തി. 70,000 കിലോ അരി, 11 ലക്ഷം  പച്ചക്കറി കിറ്റുകൾ, 1000 ലീറ്റർ എണ്ണ, 1000 കിലോ ദാൽ, 500 കിലോ ഉപ്പ് എന്നിവയാണ് 25,000 കുടുംബങ്ങൾക്കായി വിതരണം ചെയ്തത്.

48 വയസ്സുകാരിയായ സീതക്ക ചിലപ്പോൾ ട്രാക്ടറിൽ സഞ്ചരിക്കുന്നതു കാണാം. കാളവണ്ടിയിലാകും മറ്റു ചിലപ്പോൾ. സുഹൃത്തുക്കളുടെ ബൈക്കുകളുടെ പിന്നിലിരുന്നും യാത്ര ചെയ്യും. ആരെയും കിട്ടിയില്ലെങ്കിൽ തലയിൽ സാധനങ്ങൾ ചുമന്ന് കാടും മേടും കടന്ന് നടക്കുന്നതും കാണാം. 

ഗോത്രവിഭാഗത്തിൽനിന്നുതന്നെയുള്ള സീതക്കയ്ക്ക് പുറം ലോകവുമായി ബന്ധമില്ലാതെ കാട്ടിനുള്ളിൽ കഴിയുന്ന വിവിധ വിഭാഗങ്ങളെക്കുറിച്ച് അറിയാം. മറ്റാരും എത്തിയില്ലെങ്കിലും അവരുടെ ക്ഷേമം അന്വേഷിച്ചിട്ടേയുള്ളൂ  ഊണും ഉറക്കവും. അടുത്തകാലത്താണ് ഗോ,ഹങ്കർ ഗോ എന്ന പദ്ധതി ട്വിറ്ററിലും ഫെയ്സ്ബുക്കിലും തുടങ്ങിയത്. ഇതിനെതിരെ വിമർശനവും ഉയർന്നു. ജനപ്രീതി നേടാനുള്ള തന്ത്രങ്ങളാണ് പഴയ മാവോയിസ്റ്റ് നടത്തുന്നെന്നായിരുന്നു ആരോപണം. എന്നാൽ, മുളുഗിലെ സബ് റജിസ്ട്രാർ തസ്‍ലിമ മുഹമ്മദ് ഈ ആരോപണങ്ങൾ തള്ളിക്കളയുന്നു. നിസ്വാർഥമായ, ആത്മാർഥമായ പ്രവർത്തനങ്ങളാണ് സീതക്ക നടത്തുന്നതെന്ന് തസ്‍ലിമ സാക്ഷ്യപ്പെടുത്തുന്നു. വിദൂര ഗ്രാമങ്ങളിൽ താമസിക്കുന്നവരെ സഹായിക്കാൻ ആരും ഇല്ലാത്ത അവസ്ഥയാണ്. അങ്ങനെയൊരു സാഹചര്യത്തിൽ ഭക്ഷണം എത്തിക്കാൻ പ്രയത്നിക്കുന്ന സീതക്കയെ കുറ്റപ്പെടുത്തരുതെന്നാണ് ഉദ്യോഗസ്ഥരും പറയുന്നത്.

കഴിഞ്ഞ ദിവസം ഗോദാവരി നദിയുടെ തീരത്തെ ഒരു ഗ്രാമത്തിൽ എംഎൽഎയ്ക്കൊപ്പം സബ് റജിസ്ട്രാറും എത്തി. 16 കിലോമീറ്റർ ഘോരവനത്തിലൂടെ നടന്നുവേണം ഇവിടെയത്താൻ. മുളുഗ് നിയമസഭാ മണ്ഡലത്തിൽ ഉൾപ്പെട്ട പ്രദേശം തന്നെയല്ല. എന്നിട്ടും അന്തേവാസികളായ 20 കുടുംബങ്ങൾക്ക് സീതക്കയുടെ നേതൃത്വത്തിൽ ആഹാരം വിതരണം ചെയ്തു. ഭക്ഷ്യധാന്യങ്ങളും. ഇന്നുവരെയുള്ള ചരിത്രത്തിൽ ആദ്യമായാണ് ഒരു ജനപ്രതിനിധി സ്ഥലം സന്ദർശിക്കുന്നതെന്ന് ഗ്രാമവാസികൾ പറയുന്നു.

സീതക്കയുടെ നേതൃത്വത്തിലുള്ള ഒരു ടീം രാവിലെ മുതൽ രാത്രി വരെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ്. പല ഗ്രാമങ്ങളിലേക്കും റോഡുകൾ പോലുമില്ല. കോവിഡ് എന്നുതന്നെ കേൾക്കാവത്തവരുമുണ്ട് ഗ്രാമവാസികളിൽ. എന്തോ ഗുരുതര പ്രശ്നം ലോകത്ത് സംഭവിച്ചിരിക്കുന്നു എന്നു മാത്രമേ അവർക്കറിയൂ.

2008 ൽ കോൺഗ്രസ് ടിക്കറ്റിലാണ് ആദ്യമായി സീതക്ക നിയമസഭയിൽ എത്തുന്നത്. 23,500 വോട്ടിന്റെ ഭൂരിപക്ഷത്തിൽ. 

തെലങ്കാന നിയമസഭയിൽ കോവിഡിന്റെ ഭീകരതയെക്കുറിച്ചും മാസ്ക് ലഭ്യമാക്കേണ്ടതിനെക്കുറിച്ചും ആദ്യം സംസാരിച്ച എംഎൽഎമാരിൽ ഒരാളാണ് ഒരാളാണവർ. അതിഥി തൊഴിലാളികൾക്കുവേണ്ടി ഭക്ഷ്യധാന്യം എത്തിക്കുന്നതിലും മുൻപന്തിയിൽതന്നെയാണ്. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സഹായ പദ്ധതികൾ പോലും ഇപ്പോഴും മുളുഗിൽ എത്തിയിട്ടില്ല. സഹായത്തിനുവേണ്ടി ആരോടെങ്കിലും യാചിക്കുന്നതിനുപകരം മുന്നിൽനിന്നു പോരാടാനാണ് സീതക്കയ്ക്ക് ഇഷ്ടം. മുൻ മാവോയിസ്റ്റായ അവർക്ക് പേടിയില്ല. പ്രത്യാഘാതത്തെക്കുറിച്ചു ചിന്തയില്ല. തന്റെ മണ്ഡലത്തിലെ ജനങ്ങളുടെ ക്ഷേമം. അതിനാണ് സീതക്ക മുൻതൂക്കം കൊടുക്കുന്നത്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...